ഫീസിലെ ഇളവ് ചട്ടങ്ങളിലും വേണമെന്ന് ഖത്തര്‍ ചേംബര്‍

കുറഞ്ഞ ഫീസുള്ള ഇന്ത്യന്‍ സ്‌കൂളുകള്‍ക്കു കൂടുതല്‍ കുട്ടികളെ പ്രവേശിപ്പിക്കാന്‍ സുപ്രീം എജ്യൂക്കേഷന്‍ കൗണ്‍സിലിന്റെ നിബന്ധനകളില്‍ ഇളവനുവദിക്കണമെന്നു ഖത്തര്‍ ചേംബര്‍. കുറഞ്ഞ ഫീസ് ഈടാക്കുന്ന ഇന്ത്യന്‍ കമ്യൂണിറ്റി സ്‌കൂളുകളില്‍ പ്രവേശനം തേടിയെത്തുന്ന കുട്ടികളുടെ എണ്ണം വളരെക്കൂടുതലാണ്. ഇതു കണക്കിലെടുത്തു സിവില്‍ ഡിഫന്‍സിന്റെ കര്‍ശന നിബന്ധനകള്‍ പൂര്‍ത്തീകരിക്കുന്നതിന് എംഇഎസ് അടക്കമുള്ള സ്‌കൂളുകള്‍ക്ക് കൂടുതല്‍ സമയം അനുവദിക്കണമെന്നാണ് ആവശ്യം.
ചേംബര്‍ വൈസ് ചെയര്‍മാന്‍ മുഹമ്മദ് ബിന്‍ അഹ്മദ് ബിന്‍ ത്വാര്‍ അല്‍ കുവാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചേംബര്‍ വിദ്യാഭ്യാസകാര്യ സമിതി യോഗമാണ് ആവശ്യം ഉന്നയിച്ചത്. എംഇഎസ് ഇന്ത്യന്‍ സ്‌കൂളിന്റെ കാര്യം യോഗം പ്രത്യേകം ചര്‍ച്ചചെയ്തു. സ്‌കൂള്‍ പ്രവേശനത്തില്‍ ഏറ്റവും പ്രയാസം നേരിടുന്നതു കിന്റര്‍ഗാര്‍ടന്‍ വിഭാഗത്തിലാണ്. രണ്ടു വര്‍ഷമായി എംഇഎസില്‍ കെജി പ്രവേശനം നടത്തുന്നില്ല.
സുരക്ഷിതത്വം കണക്കിലെടുത്ത് ഒരു ക്ലാസിലും ക്യാംപസിലും പഠിപ്പിക്കാവുന്ന കുട്ടികളുടെ എണ്ണത്തിനു സിവില്‍ ഡിഫന്‍സ് പരിധി നിശ്ചയിച്ചിട്ടുണ്ട്. ഇതിനാലാണ് പല ഇന്ത്യന്‍ കമ്യൂണിറ്റി സ്‌കൂളുകള്‍ക്കും കെജി വിഭാഗത്തില്‍ കുട്ടികളെ ചേര്‍ക്കുന്നതിനു വിലക്കുള്ളത്. എംഇഎസില്‍ ഇപ്പോള്‍ പതിനായിരത്തോളം കുട്ടികള്‍ പഠിക്കുന്നുണ്ട്. ഇതു പകുതിയാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സ്‌കൂളിന്റെ പ്രവര്‍ത്തനത്തെ ഇതു ദോഷകരമായി ബാധിക്കും.
എംഇഎസ് സന്ദര്‍ശിച്ച സുപ്രീം കൗണ്‍സില്‍ ഉദ്യോഗസ്ഥര്‍ ചില പ്രായോഗിക നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചെങ്കിലും സ്‌കൂളിന്റെ സുഗമമായ പ്രവര്‍ത്തനത്തിനു കൂടുതല്‍ നടപടികള്‍ ആവശ്യമാണെന്നു ചേംബര്‍ അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. അതേസമയം, ഖത്തറിലെ വിവിധ കമ്യൂണിറ്റി സ്‌കൂളുകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ചേംബര്‍ വിദ്യാഭ്യാസകാര്യ സമിതി വിദ്യാഭ്യാസ മന്ത്രിയുമായി ചര്‍ച്ചനടത്തിയതായി മുഹമ്മദ് ബിന്‍ അഹ്മദ് ബിന്‍ ത്വാര്‍ അല്‍ കുവാരി അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha