നാട്ടിൽ വച്ച് ശാരീരിക ബുദ്ധിമുട്ടുകള്‍; യുകെയിലേക്ക് എത്തിയതിന് പിന്നാലെ, ആരോഗ്യനില വഷളായി: ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി 31കാരി

ലണ്ടനിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരണത്തിനു കീഴടങ്ങിയ നിത്യ മേരി വര്‍ഗീസിന്റെ മരണ കാരണം ഭക്ഷ്യവിഷബാധയെന്ന് സംശയം. ദിവസങ്ങള്‍ക്കു മുമ്പാണ് നിത്യ നാട്ടില്‍ നിന്നും മടങ്ങിയെത്തിയത്. ഹൈദരാബാദിലാണ് നിത്യയുടെ കുടുംബം സെറ്റില്‍ ചെയ്തിരിക്കുന്നത്. അവിടെ നിന്നും പ്രിയപ്പെട്ടവരെ കണ്ടു മടങ്ങിയ നിത്യയ്ക്ക് ഹൈദരാബാദില്‍ വച്ചു തന്നെ ചെറിയ ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് യുകെയിലേക്ക് എത്തിയതിനു പിന്നാലെയാണ് സ്ഥിതി ഗുരുതരമാവുകയും ആരോഗ്യനില വഷളായതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തത്.
പിന്നാലെ ഇന്നലെ പുലര്‍ച്ചയോടെ മരണത്തിനു കീഴടങ്ങുകയായിരുന്നു. 31 വയസ് മാത്രമായിരുന്നു പ്രായം. അതേസമയം, നിത്യയുടെ വേര്‍പാടില്‍ നടുങ്ങിയിരിക്കുകയാണ് നാട്ടിലുള്ള ബന്ധുക്കളും പ്രിയപ്പെട്ടവരും എല്ലാം. കോട്ടയം വാകത്താനം ചക്കുപുരയ്ക്കല്‍ ഗ്രിഗറി ജോണിന്റെ (ജോര്‍ജി) ഭാര്യയാണ് നിത്യ.
കോട്ടയത്ത് വളരെ പ്രശസ്‌തമായ പാരഡൈസ് സ്റ്റുഡിയോ ഉടമയായ ജോൺസൺ ജോർജിൻ്റെ മകനാണ് നിത്യയുടെ ഭർത്താവ് ഗ്രിഗറി. ഗ്രിഗറിയും ഭാര്യ നിത്യയും അതുകൊണ്ടുതന്നെ കോട്ടയത്തും സമീപ പ്രദേശങ്ങളിലുള്ളവരിലും സുപരിചിതരാണ്.
ഗ്രിഗറിയും ഭാര്യ നിത്യയും ലണ്ടനിൽ താമസിക്കുന്ന സ്ഥലത്തെ മലയാളി സാമൂഹിക സാംസ്‌കാരിക പരിപാടികളിൽ സജീവമായി ഇടപെടുന്നവരായിരുന്നതുകൊണ്ട് നിത്യയുടെ മരണം കടുത്ത വേദനയാണ് പ്രാദേശിക മലയാളി സമൂഹത്തിൽ സൃഷ്ടിച്ചിരിക്കുന്നത്. പൊതുദർശനത്തിൻ്റെയും സംസ്‌കാരവും മറ്റും സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിച്ചിട്ടില്ല. മറ്റ് ചില വാർത്തകളും റിപ്പോർട്ട് ചെയ്യുന്നുണ്ട്.
https://www.facebook.com/Malayalivartha