വീസ തട്ടിപ്പിനിരയായ മലയാളി യുവാവ് മലേഷ്യയില്‍ എമിഗ്രേഷന്റെ കസ്റ്റഡിയില്‍

വീസ തട്ടിപ്പിനിരയായ മലയാളി യുവാവ് മലേഷ്യയില്‍ എമിഗ്രേഷന്‍ വിഭാഗത്തിന്റെ കസ്റ്റഡിയിലായി. വീസ തട്ടിപ്പിന് രണ്ടു പേര്‍ ഇരയായെങ്കിലും ഒരാള്‍ രക്ഷപ്പെട്ടു നാട്ടിലെത്തി. ഉപ്പുതറ സ്വദേശിയും തിരുവനന്തപുരത്തു താമസക്കാരനുമായ വാഴുവേലില്‍ വി.എസ്. ദേവനാണു(25) കസ്റ്റഡിയിലായത്. ഒപ്പമുണ്ടായിരുന്ന ഉപ്പുതറ പുത്തന്‍പുരയ്‌ക്കല്‍ രവീന്ദ്രന്റെ മകന്‍ സനീഷ് (27) പ്രവാസി മലയാളിയുടെ സഹായത്തോടെ രക്ഷപ്പെട്ടു നാട്ടിലെത്തി. മലേഷ്യന്‍ വീസ തട്ടിപ്പു കേസില്‍ ശനിയാഴ്‌ച കൊച്ചിയില്‍ അറസ്റ്റിലായ തൊടുപുഴ പെരുമ്പള്ളിച്ചിറ അങ്കമാലിയില്‍ ഷെയ്‌ക്ക് മുഹമ്മദാണ് ഇരുവരെയും കുടുക്കിയത്.
കഴിഞ്ഞ മാര്‍ച്ച് 24 നാണു ദേവനും സനീഷും മലേഷ്യയിലെത്തിയത്. ഇവിടുത്തെ പ്രമുഖ ഹോട്ടലില്‍ ഫ്‌ളോര്‍ സൂപ്പര്‍വൈസറായി ജോലിയായിരുന്നു വാഗ്‌ദാനം ചെയ്‌തിരുന്നത്. 50,000 രൂപ ശമ്പളവും സൗജന്യ ഭക്ഷണവും താമസവും നല്‍കുമെന്നും ഷെയ്‌ക്ക് മുഹമ്മദ് ഉറപ്പു നല്‍കിയിരുന്നു. മലേഷ്യയിലെത്തിയ ഇവര്‍ക്ക് ഇടനിലക്കാരനായ ഗുണ എന്നയാള്‍ മറ്റൊരു ഹോട്ടലിലാണു ജോലി നല്‍കിയത്. ഇയാളുടെ ചെറിയ മുറിയിലായിരുന്നു ഇവരുടെ താമസം.
ഒരു മാസത്തിനുശേഷം മലേഷ്യയിലെത്തിയ ഷെയ്‌ക്ക് മുഹമ്മദ് ഗുണയുമായി ചേര്‍ന്ന് ഇരുവരുടെയും ശമ്പളം തട്ടിയെടുക്കുകയായിരുന്നു. കൂടാതെ ഒരുമാസത്തെ സന്ദര്‍ശന വീസയിലായിരുന്നു ഇവരെ ഇവിടെയെത്തിച്ചത്. വര്‍ക്കിംഗ് പെര്‍മിറ്റും വ്യാജമായിരുന്നു. തങ്ങളെ ഉടന്‍ നാട്ടിലെത്തിക്കണമെന്ന് ദേവനും സനീഷും ആവശ്യപ്പെട്ടതോടെ മറ്റൊരു സ്‌ഥലത്ത് ജോലി വാങ്ങി നല്‍കാമെന്നു പറഞ്ഞ് ഷെയ്‌ക്ക് ഇവിടെനിന്നു മുങ്ങി. പിടിക്കപ്പെടുമെന്നതിനാല്‍ ഗുണയുടെ മുറിയില്‍ ഒരു നേരത്തെ ഭക്ഷണം മാത്രം കഴിച്ച് ഇരുവരും കഴിഞ്ഞു. ഒരു മാസത്തിനുശേഷം ജോലി വാഗ്‌ദാനം ചെയ്‌ത് 20-ല്‍പ്പരം പേരെ വീണ്ടും മലേഷ്യയിലെത്തിച്ച ഷെയ്‌ക്ക് ഇവിടെ പിടിയിലായെങ്കിലും പണം നല്‍കി സ്വാധീനിച്ചു രക്ഷപ്പെട്ടു. മലേഷ്യയില്‍ കുടുങ്ങിയ ചിലര്‍ നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് ഇയാളെ കൊച്ചിയില്‍ അറസ്‌റ്റ് ചെയ്‌തത്.
https://www.facebook.com/Malayalivartha