ഭക്ഷ്യവസ്തുക്കളിൽ പ്രാണികളെ കണ്ടെത്തി...! അൽഐനിലെ റസ്റ്ററന്റ് അടപ്പിച്ചു, ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ തലസ്ഥാനത്തെ എല്ലാ ഹോട്ടലുകളിലും അതോറിറ്റി ഇൻസ്പെക്ടർമാർ പരിശോധന നടത്തും

യുഎഇയുടെ വിവിധ എമിറേറ്റുകളിലായി മലയാളികൾ ഉൾപ്പെടെയുള്ള ധാരാളം പ്രവാസി കുടുബങ്ങൾ താമസിക്കുന്നുണ്ട്. ജോലി തിരക്ക് മൂലവും മറ്റും ഭക്ഷണത്തിനായി മിക്കപ്പോഴും പുറത്തുള്ള ഹോട്ടലുകളെ ആശ്രയിക്കുന്നവരാണ് പലരും. ഭക്ഷ്യ സുരക്ഷയും പരിസര ശുചീകരണവും ഉറപ്പുവരുത്താൻ അടിക്കടി അധികൃതർ പരിശോധന നടത്തുന്നതിനാൽ ആ ഉറച്ച വിശ്വാസത്തിലാണ് പ്രവാസികൾ കുടുംബമായി ഭക്ഷണം കഴിക്കാൻ ഹോട്ടലുകളിൽ എത്തുന്നത്.
ഇപ്പോൾ പ്രവാസികളെ ഞെട്ടിപ്പിക്കുന്ന വാർത്തയാണ് യുഎഇയിലെ അൽഐനിൽ നിന്ന് പുറത്തുവരുന്നത്. ശേഖരിച്ചുവച്ച ഭക്ഷ്യവസ്തുക്കളിൽ പ്രാണികളെ കണ്ടെത്തിയതിനെ തുടർന്ന് അൽഐനിലെ റസ്റ്ററന്റ് അടപ്പിച്ചു. ലത്തീഫ സ്ട്രീറ്റിലെ ഹോളോമീറ്റ് റസ്റ്ററന്റാണ് അടപ്പിച്ചത്. ആരോഗ്യത്തിന് ഹാനികരമാകും വിധം ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ചതിനെ തുടർന്നാണ് നടപടിയെന്ന് കൃഷി, ഭക്ഷ്യസുരക്ഷാ അതോറിറ്റി അറിയിച്ചു.
ഭക്ഷ്യ സുരക്ഷ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ തലസ്ഥാനത്തെ എല്ലാ ഭക്ഷ്യ വിൽപന ശാലകളിലും അതോറിറ്റി ഇൻസ്പെക്ടർമാർ പരിശോധന നടത്താറുണ്ട്. ഭക്ഷണ ശാലകളിൽ എന്തെങ്കിലും ലംഘനങ്ങൾ ഉണ്ടായാലോ ഭക്ഷ്യ സാധനങ്ങൾ മോശമാണെന്ന് തോന്നിയാലോ അബുദാബി ഗവൺമെന്റ് ടോൾ ഫ്രീ നമ്പറായ 800555 ല്‍ വിളിച്ചറിയിക്കാൻ അധികൃതർ അറിയിച്ചു.
ഇതാദ്യമായല്ല യുഎഇയിൽ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാത്തതിന്റെ പേരിൽ ഹോട്ടൽ അടച്ച് പൂട്ടിക്കുന്നത്. അബൂദാബിയിലെ ബര്‍ഗര്‍ അല്‍ അറബ് റെസ്റ്റോറന്റും കഫറ്റീരിയയും അടച്ചുപൂട്ടാന്‍ 3 മാസം മുമ്പ് അബുദാബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി ഉത്തരവിട്ടിരുന്നു.
ഭക്ഷ്യവിഷബാധയോറ്റതായി നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിൽ നടത്തിയ പരിശോധനയില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
https://www.facebook.com/Malayalivartha

























