പ്രാണഭയം മൂലം ഗില്‍ബെര്‍ട്ട് എന്ന 47-കാരന്‍ മൂന്നുവര്‍ഷം താമസിച്ചത് തെങ്ങിന്റെ മുകളില്‍; ഗില്‍ബെര്‍ട്ടിന്റെ കഥ സോഷ്യല്‍ മീഡിയയില്‍ വൈറലായതാണ് നിലത്തിറക്കാന്‍ ഇടയാക്കിയതെന്ന് സഹോദരന്‍!

പ്രാണഭയത്താല്‍ കഴിഞ്ഞ മൂന്നു വര്‍ഷവും അറുപത് അടി ഉയരമുള്ള ഒരു തെങ്ങിന്റെ മുകളില്‍ കഴിച്ചുകൂട്ടി ഒരു 47-കാരന്‍.ഫിലിപ്പീന്‍സിലെ അഗുസാന്‍ ഡെല്‍സര്‍ പ്രവിശ്യയിലെ ലാ പാസ് സ്വദേശിയായ ഗില്‍ബെര്‍ട്ട് സാഞ്ചെസ് ആണ് കഥാനായകന്‍.
2004-ല്‍ ഒരു വഴക്കിനിടെ തോക്ക് കൊണ്ട് തലയ്ക്ക് അടിയേറ്റ ഇദ്ദേഹം, തന്നെ ആരെങ്കിലും കൊലപ്പെടുത്തുമെന്നുള്ള പ്രാണഭയത്താലാണ് വീടിനു സമീപമുള്ള തെങ്ങില്‍ അഭയം പ്രാപിച്ചത്. തെങ്ങില്‍ നിന്നും താഴെയിറങ്ങിയതാകട്ടെ മൂന്നു വര്‍ഷത്തിനു ശേഷവും.
ഭാര്യ മരിച്ച ഇദ്ദേഹത്തിനൊപ്പം താമസിക്കുന്നത് അമ്മയും രണ്ടു കുട്ടികളും സഹോദരനുമാണ്. മകനെ മരത്തിന്റെ മുകളില്‍ നിന്നും ഇറക്കാന്‍അമ്മ വിനിഫ്രെഡ് പഠിച്ചപണി പതിനെട്ടും പരിശ്രമിച്ചിട്ടും നിരാശയായിരുന്നു ഫലം.
അവസാനം തന്റെ ശ്രമം അവസാനിപ്പിച്ച അമ്മ മകന് ആവശ്യമായ ഭക്ഷണവും വെള്ളവുമുള്‍പ്പെടെയുള്ള വസ്തുക്കള്‍ മരത്തിനു മുകളിലേക്ക് എത്തിച്ചു നല്‍കുവാന്‍ആരംഭിച്ചു. പ്രായമായ അമ്മയ്ക്ക് ഗില്‍ബെര്‍ട്ടിന്റെ കുട്ടികളെ പരിചരിക്കാന്‍ ആരോഗ്യപരമായി ബുദ്ധിമുട്ടുണ്ടെന്നു പറഞ്ഞിട്ടും ഗില്‍ബെര്‍ട്ട് ചെവി കൊണ്ടിരുന്നില്ല. അതു കാരണം കുട്ടികളെ ഇതുവരെ സ്‌കൂളില്‍ അയക്കാനും സാധിച്ചില്ല.
പക്ഷേ അപ്പോഴും എരിഞ്ഞുകൊണ്ടിരുന്ന തന്റെ മനസിലെ ഭയവും പേറി വെയിലും മഴയും പ്രാണികളുടെ ഉപദ്രവവുമെല്ലാം സഹിച്ച് തെങ്ങിനു മുകളില്‍ നാളുകളെണ്ണിയിരിക്കു കയായിരുന്നു ഗില്‍ബെര്‍ട്ട്.
അദ്ദേഹത്തിന്റെ സഹോദരന്‍ അല്‍ഡ്രിന്‍സാഞ്ചെസ് പറയുന്നതിങ്ങനെ: 'മരത്തില്‍ നിന്നും താഴെയിറങ്ങാന്‍ ഞാനും കുടുംബത്തിലെ മറ്റ് അംഗങ്ങളും ഗില്‍ബര്‍ട്ടിനോട് അപേക്ഷിക്കുമായിരുന്നു. പക്ഷെ അതൊന്നും വിലപ്പോയില്ല. മാത്രമല്ല, താഴെയിറങ്ങിയാല്‍ അരെങ്കിലും കൊല്ലുമെന്നും അദ്ദേഹം പറയുമായിരുന്നു'.
ലാ പാസിലെ പ്രദേശവാസികള്‍ ഈ സംഭവത്തെപ്പറ്റി അറിഞ്ഞെങ്കിലും അവര്‍ ഒന്നും ചെയ്തിരുന്നില്ല. അവസാനം ഗില്‍ബെര്‍ട്ടിന്റെ കഥ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ഫിലിപ്പീന്‍സിലെ പ്രമുഖ മാധ്യമങ്ങള്‍ ഈ സംഭവം ഏറ്റെടുക്കുകയും ചെയ്തതോടെയാണ് അധികൃതര്‍ ഇതേപ്പറ്റി അറിഞ്ഞത്.
അദ്ദേഹത്തെ മരത്തില്‍ നിന്നും താഴെയിറക്കണമെന്ന് തീരുമാനിച്ചുറപ്പിച്ച അധികൃതരും പ്രദേശവാസികളും അവസാന ശ്രമമെന്നോണം അദ്ദേഹത്തോട് ഒരുപ്രാവശ്യം കൂടി സംസാരിച്ചു നോക്കി. ഫലമൊന്നും കാണില്ലെന്നു മനസിലാക്കിയ ഇവര്‍ മരം മുറിക്കുകയായിരുന്നു. എന്നാല്‍ അല്‍പം അപകടം പിടിച്ച ശ്രമമായിരുന്നു ഇത്. കാരണം ഒരു ചെറിയ പിഴവ് സംഭവിച്ചാല്‍ ഗില്‍ബെര്‍ട്ടിന്റെ മരണത്തിനു വരെ അത് കാരണമാകും. അവസാനം കൃത്യമായ പരിശ്രമത്താല്‍ യാതൊരു അപകടവും വരുത്താതെ ഗില്‍ബെര്‍്ട്ടിനെ മരത്തില്‍ നിന്നും താഴെയിറക്കുകയായിരുന്നു.
അങ്ങനെ മൂന്നു വര്‍ഷത്തിനു ശേഷം അദ്ദേഹം മണ്ണില്‍ കാലുകുത്തുകയും ചെയ്തു. പ്രാണികളുടെ കടിയേറ്റും ശരീരത്തില്‍ കുമിളകള്‍ രൂപപ്പെട്ടുമുള്ള ഗില്‍ബെര്‍ട്ടിന്റെ ശാരീരികാവസ്ഥ ദൃശ്യങ്ങളില്‍ വ്യക്തമാണ്. അദ്ദേഹത്തിന്റെ ശരീരം വല്ലാതെ ശോഷിക്കുകയും ചെയ്തു. മൂന്നുവര്‍ഷത്തില്‍ അധികം സമയവും മരത്തില്‍ കുനിഞ്ഞ് ഇരുന്നതിനാല്‍ അദ്ദേഹത്തിന്റെ നട്ടെല്ലിനും പ്രശ്‌നമുണ്ട്.
ആരോ തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന അദ്ദേഹത്തിന്റെ മനസിലെ ചിന്ത മാറ്റി സാധാരണ ജീവിത നിലയിലേക്ക് മടക്കി കൊണ്ടുവരാന്‍ മനോരോഗ ചികിത്സാ വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്. ഗില്‍ബെര്‍ട്ടിന്റെ ജീവിതത്തിലുണ്ടായ പ്രശ്‌നം ഫിലിപ്പീന്‍സിലെ സാമൂഹ്യമാധ്യമങ്ങളില്‍ ഉണ്ടാക്കിയ അലയൊലി ചെറുതൊന്നുമായിരുന്നില്ല. അദ്ദേഹത്തെയും കുടുംബത്തെയും സാമ്പത്തികമായി സഹായിക്കുന്നതിന് ഗില്‍ബെര്‍ട്ടിന്റെ അമ്മ വിനിഫ്രെഡ സാഞ്ചെസിന്റെ പേരില്‍ ബാങ്ക് അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























