കുട്ടി ഉറങ്ങിയെഴുന്നേറ്റത് 11 ദിവസം കഴിഞ്ഞ്!

ഉറക്കം ഇഷ്ടപ്പെടാത്തവരായി ആരുമില്ല.എന്നാലും ഉറങ്ങുന്നതിനും ഉറങ്ങാതിരിക്കുന്നതിനും ഒരു പരിധിയൊക്കെയുണ്ട്. ആ പരിധിക്കപ്പുറം ഉറക്കം നീണ്ടാലും ഉറക്കമില്ലായ്മ നീണ്ടാലും അസ്വസ്ഥതകള്‍ ഉണ്ടാവും. അതുകൊണ്ടാണ് കെന്റക്കിയിലെ എലിസബത്ത് ടൗണ്‍ സ്വദേശിയായ വ്യാറ്റ് ഷോ എന്ന ഏഴുവയസുകാരന്റെ ഉറക്കം ശാസ്ത്രലോകത്തെ വരെ ഞെട്ടിച്ചുകളഞ്ഞത്.
തന്റെ ആന്റിയുടെ വിവാഹാഘോഷ ചടങ്ങിനു ശേഷം വീട്ടില്‍ കിടന്ന് ഉറങ്ങിയ വ്യാറ്റ് ഉറക്കത്തില്‍ നിന്നും എഴുന്നേറ്റത് തുടര്‍ച്ചയായ പതിനൊന്ന് ദിവസങ്ങള്‍ക്കു ശേഷമാണ്. വിവാഹ ചടങ്ങുകള്‍ക്കു ശേഷം കിടന്ന് ഉറങ്ങിയ കുട്ടിയെ പിറ്റേന്ന് രാവിലെ അമ്മ എമി തോംപ്‌സണ്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചു. പക്ഷെഎഴുന്നേറ്റില്ല. ഭയന്നു പോയ ഇവര്‍ പലപ്രാവശ്യം വ്യാറ്റിന്റെ ശരീരത്തില്‍ പിടിച്ച് കുലുക്കി വിളിച്ചു. പക്ഷെ നിരാശയായിരുന്നു ഫലം. ഇടയ്ക്ക് കണ്ണ് തുറന്നു നോക്കുമെങ്കിലും യാതൊന്നും സംസാരിക്കുകയില്ലായിരുന്നു.
ഭയന്നു പോയ എമി ഉടന്‍ തന്നെ വ്യാറ്റിനെ കുട്ടികളുടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പക്ഷെ കുട്ടിയുടെ പ്രശ്‌നം എന്താണെന്ന് കണ്ടെത്തുന്നതില്‍ ഡോക്ടര്‍മാരും പരാജയപ്പെട്ടിരുന്നു. കുട്ടിയുടെ ശരീരത്തില്‍ വൈറസ് അല്ലെങ്കില്‍ ബാക്ടീരിയ ബാധിച്ചതാണ് ഈ പ്രശ്‌നത്തിന് കാരണമെന്നാണ് ഡോക്ടര്‍മാര്‍ വിലയിരുത്തിയത്. കാരണം ഉറങ്ങുന്നതിനു മുമ്പ് തനിക്ക് വയറുവേദനയും തലവേദനയും ഉണ്ടെന്ന് വ്യാറ്റ് അമ്മയോട് പറഞ്ഞിരുന്നു. അതാണ് അത്തരമൊരു നിഗമനത്തിലെത്താന്‍ ഡോക്ടര്‍മാരെ പ്രേരിപ്പിച്ചത്. പക്ഷെ വ്യാറ്റിന്റെ തലച്ചോറിലുണ്ടായ എന്തോ തകരാറാണ് തുടര്ച്ചയായ ഈ ഉറക്കത്തിന് കാരണമായത്. അവസാനം ഡോക്ടര്‍മാരുടെ കഠിനപ്രയത്‌നത്തെ തുടര്‍ന്ന് പതിനൊന്നാം നാളാണ് വ്യാറ്റ് ഉറക്കത്തില്‍ നിന്നും എഴുന്നേറ്റത്.
ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റങ്കിലും വ്യാറ്റിന് ചലിക്കാനോ സംസാരിക്കുന്നതിനോ സാധിക്കുമായിരുന്നില്ല. എന്നാല്‍ ഡോക്ടര്‍മാരുടെ ശ്രമഫലവും കുടുംബാംഗങ്ങളുടെ പിന്തുണയും ലഭിച്ചപ്പോള്‍ കുട്ടിയുടെ നിലയില്‍ നേരിയ പുരോഗതി ഉണ്ട്. സംസാരിക്കുമ്പോള്‍ ചില വാക്കുകള്‍ വഴങ്ങാത്തതാണ് പ്രധാനപ്രശ്‌നം.
എന്നിരുന്നാല്‍ തന്നെയും പതിനൊന്നു ദിവസം ഉറക്കത്തിന്റെ കയത്തിലേക്ക് വ്യാറ്റ് വീണുപോകാനുണ്ടായതിന്റെ കാരണം ഇപ്പോഴും ചുരുളഴിയാത്ത രഹസ്യമായി അവശേഷിക്കുന്നു.
https://www.facebook.com/Malayalivartha
























