വീട്ടിലൊരുക്കിയ സ്റ്റേഷന് മാസ്റ്ററുടെ മുറിയില്‍ നിന്നും റെയില്‍വേ സ്റ്റേഷനിലെ സ്റ്റേഷന് മാസ്റ്ററാകാന്‍ കൊതിച്ച് അശ്വിന്!
രണ്ടാംക്ലാസില്‍ പഠിക്കുമ്പോള്‍ അച്ഛന് സതീഷിനോട് അശ്വിന് പറഞ്ഞു: എനിക്കു സ്റ്റേഷന് മാസ്റ്റര്‍ ആകണം! അനുകൂലിച്ചോ പ്രതികൂലമായോ അച്ഛന് ഒന്നും പറഞ്ഞില്ല. കുഞ്ഞായിരിക്കുമ്പോള്‍ കുട്ടികള്‍ അങ്ങനെ എന്തെല്ലാം പറയുന്നു എന്ന് വിചാരിച്ചു അച്ഛന്. എന്നാല്‍ പി.കെ. ചാത്തന് മെമ്മോറിയല്‍ സ്കൂളിലെ അധ്യാപകനായ അച്ഛന് സതീഷിന്റെ വിചാരം ശരിയല്ലെന്ന് മകന് അശ്വിന് തെളിയിച്ചു.
തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കയറാന്‍ നില്‍ക്കുമ്പോഴാണ് തൂവെള്ള യൂണിഫോമിട്ട് മുന്നിലെ ബോര്‍ഡിലെ ചെറിയ കളങ്ങള്‍ നിയന്ത്രിച്ച് ഇത്രയും വലിയ ട്രെയിന്‍ പിടിച്ചു നിര്‍ത്തുകയും കടത്തിവിടുകയും ചെയ്യുന്ന സ്റ്റേഷന് മാസ്റ്റര്‍ ഒരു അമാനുഷികനായി അശ്വിന്റെ മനസ്സില്‍ കയറിപ്പറ്റിയത്.
അന്നത്തെ രണ്ടാം ക്ലാസുകാരന് ഇപ്പോള്‍ ബികോം അവസാനവര്‍ഷ വിദ്യാര്‍ഥി ആയപ്പോള്‍ ഗുരുവായൂരിലെ വീടിന്റെ മുകള്‍ നിലയില്‍ സ്വന്തമായൊരു റെയില്‍വേ സ്റ്റേഷന് റൂം ഉണ്ടാക്കിയിരിക്കുകയാണ് അശ്വിന്. പ്ലാറ്റ്ഫോം ടിക്കറ്റെടുത്ത് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പലതവണ വന്നു നിന്നു കണ്ടുമനസ്സിലാക്കിയാണ് സ്റ്റേഷന് മാസ്റ്റര്‍ റൂം അതേപടി അവന് പുനഃസൃഷ്ടിച്ചത്. മനസിലും പിന്നെ ഹാര്ഡ്ബോഡിലും വരച്ചു. ട്രാക്കും സിഗ്നലുമെല്ലാമുണ്ടാക്കി. വെറുതെ ഒരു വര്‍ക്കിങ് മോഡല്‍ അല്ല, അശ്വിന്റെ ഈ സ്റ്റേഷന് മാസ്റ്റര്‍ റൂം. അതില്‍ വെള്ള ഷര്‍ട്ടും പാന്റും ധരിച്ച് കയ്യില്‍ പച്ചക്കൊടിയും പിടിച്ചാണ് അവന് ഇരിക്കുക.
റെയില്‍വേ ടൈംടേബിള്‍ കയ്യിലുണ്ടാകും. അതനുസരിച്ച് കൃത്യമായ ഇടവേളകള്‍ ക്രമീകരിച്ചിട്ടുണ്ട്. ആ സമയമാകുമ്പോള്‍ ലാന്‍ഡ് ഫോണെടുത്ത് മെസേജ് സ്വീകരിക്കും. ഒഴിവുള്ള ട്രാക്ക് ഓണ്‍ ആക്കും. അപ്പോള്‍ പാനല്‍ ബോര്‍ഡില്‍ നിറങ്ങള്‍ മാറി വരും. ട്രെയിന്‍ കടന്നുപോകേണ്ട സമയം കഴിയുമ്പോള്‍ വീണ്ടും പഴയ പടിയാക്കും.
പഴയ 'സെക്കന്‍ഡ് ക്ലാസ്' കാലത്തെ കാഴ്ചയ്ക്കുശേഷം ഇപ്പോള്‍ പെട്ടെന്നങ്ങ് 'സ്റ്റേഷന് മാസ്റ്റര്‍' ആയതല്ല അശ്വിന്. സ്കൂളില്‍ പഠിക്കുന്ന കാലത്ത് അവന് കൂട്ടുകാരോടു പറഞ്ഞിരുന്ന കഥകള്‍ സ്റ്റേഷന് മാസ്റ്ററുടെ വീരേതിഹാസങ്ങളായിരുന്നു. അവനോടൊപ്പം കളിക്കണമെങ്കില്‍ ലോക്കോ പൈലറ്റും ഗാര്ഡുമൊക്കെയായി മാറണമായിരുന്നു. അതുകൊണ്ട് കുട്ടികള്‍ അവനൊരു ഇരട്ടപ്പേരും ഇട്ടു: സ്റ്റേഷന് മാസ്റ്റര്‍!
പൂങ്കുന്നം റെയില്‍വേ സ്റ്റേഷന് മാനേജരുടെ മുറി കണ്ട് വരച്ചെടുത്ത് 2014-ല്‍ അതു വീട്ടുവരാന്തയിലുണ്ടാക്കി. സിഗ്നല്‍ പാനലുകളുമുണ്ടാക്കി. അതു മഴയത്ത് നശിച്ചുപോയി. രണ്ടാമത് അച്ഛന്റെ സഹായത്തോടെയാണു മുകള്‍ നിലയില്‍ തൃശൂര്‍ സ്റ്റേഷന് മാസ്റ്ററുടെ മുറി ഒരുക്കിയത്. 2018-ലെ അവധിക്കാലത്തു ജോലി തുടങ്ങി. സൗരോര്‍ജവും ബാറ്ററി ബാക്കപ്പുമൊക്കെയുണ്ട് ഈ സ്റ്റേഷന് മാസ്റ്റര്‍ റൂമിന്.
വെളിയങ്ങോട് എംടിഎം കോളജിലെ ബി.കോം അവസാനവര്‍ഷ വിദ്യാര്‍ഥിയായ അവന് ഈ മുറിയില്‍ ചെയ്യുന്നതെന്തെന്നോ? റയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ സ്റ്റേഷന് മാസ്റ്റര്‍ പരീക്ഷയുടെ 'ട്രെയിനി'ങ്!. ആഗ്രഹത്തിനു 'പച്ചക്കൊടി' കിട്ടും വരെ കഠിനപരിശ്രമം.
https://www.facebook.com/Malayalivartha