അരുണ ഷാന്‍ബാഗും ജെഫ്രി സ്‌പെക്ടറും പിന്നെ ഡിഗ്നിറ്റാസും!

നമ്മള്‍ അരുണ ഷാന്‍ബാഗിനെ മറക്കറായിട്ടില്ലല്ലോ! മുംബൈയിലെ കിംഗ് എഡ്വേഡ് മെമ്മോറിയല്‍ ആശുപത്രിയില്‍ 42 വര്‍ഷത്തോളം അവിടത്തെ സ്റ്റാഫിന്റെ പരിചരണത്തില്‍ കോമയില്‍ കഴിഞ്ഞിരുന്ന അതേ ആശുപത്രിയിലെ മുന്‍ സ്റ്റാഫായിരുന്ന അരുണ ഇക്കഴിഞ്ഞ മേയ് 18 -ന് ന്യൂമോണിയ ബാധിച്ച് മരിച്ചപ്പോള്‍ വീണ്ടും മാധ്യമശ്രദ്ധ നേടി.
1973 -ല്‍ 25 വയസ്സുണ്ടായിരുന്നപ്പോഴാണ് അവിടത്തെ വാര്‍ഡ് ബോയ് ആയിരുന്ന സോഹന്‍ലാല്‍ വാല്‍മീകി അവളെ ആക്രമിച്ച് പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിന് വിധേയയാക്കിയത്. ആ ആക്രമണത്തില്‍ തലച്ചോറിലേക്കുള്ള ഓക്‌സിജന്‍ പ്രവാഹം ദീര്‍ഘനേരം തടയപ്പെട്ടതിനാലാണ് അവര്‍ കോമയിലായത്.
അതേ ആശുപത്രിയിലെ ഒരു ഡോക്ടറുമായി വിവാഹം നടക്കാനിരിക്കെയാണ് ആക്രമണത്തെത്തുടര്‍ന്ന് അവര്‍ കോമയിലായത്. പ്രതിശ്രുതവരനായ ഡോക്ടര്‍ നാലു വര്‍ഷത്താളം അവള്‍ക്കായി കാത്തിരുന്നെങ്കിലും അവള്‍ ജീവിതത്തിലേക്കു തിരിച്ചു വരാത്തതിനാല്‍ അയാള്‍ അയാളുടെ ജീവിതവുമായി മുന്നോട്ടുപോയി. അതോടെ അരുണയുടെ കഥയും വിസ്മൃതിയിലായി.
2011 ജനുവരിയില്‍ അരുണയുടെ സുഹൃത്തു കൂടിയായ ജേര്‍ണലിസ്റ്റ് പിങ്കി വിരാനി അരുണക്ക് ദയാവധത്തിന് അനുമതി നല്‍കണമെന്ന് അപേക്ഷിച്ച് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചതോടെ അരുണ വീണ്ടും മാധ്യമങ്ങളില്‍ നിറഞ്ഞു. തുടര്‍ന്ന് അരുണയുടെ സ്ഥിതി പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ സുപ്രീംകോടതി ഒരു മെഡിക്കല്‍പാനലിനെ ചുമതലപ്പെടുത്തി. അരുണയുടെ സ്ഥിതി മെച്ചപ്പെടാന്‍ ഇടയില്ലെന്ന പാനലിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് പാസ്സീവ് യൂത്തനേഷ്യ എന്ന ദയാവധത്തിന് സുപ്രീംകോടതി അനുമതി നല്‍കി. 2011 മാര്‍ച്ചിലായിരുന്നു ഇത്.
മരിക്കാനായുള്ള കുത്തിവയ്പുകളോ മരുന്നോ നല്‍കാതെയുള്ള ദയാവധമാണ് പാസ്സീവ് യൂത്തനേഷ്യ. ഇപ്രകാരം കോമയിലുള്ള രോഗികള്‍ക്ക് ട്യൂബിലൂടെയും മറ്റും നല്‍കിക്കൊണ്ടിരിക്കുന്ന ആഹാരത്തിന്റെയും മരുന്നുകളുടെയും അളവ് കുറച്ച് അവരുടെ മരണം വേഗത്തിലാക്കാനുള്ള നടപടികള്‍ ഉള്‍ക്കൊള്ളുന്നതാണ് പാസ്സീവ് യൂത്തനേഷ്യ. എന്നാല്‍ സുപ്രീംകോടതിയുടെ ഉത്തരവിനെതിരെ കിംഗ് എഡ്വേര്‍ഡ് ആശുപത്രിയിലെ നേഴ്‌സുമാര്‍ പ്രതിഷേധമുയര്‍ത്തിയതോടെ പിങ്കി വിരാനിയുടെ ശ്രമങ്ങള്‍ വിഫലമായി.
ഒടുവില്‍ ഇക്കഴിഞ്ഞ മേയ് 18 - ന് ന്യുമോണിയ ബാധിച്ച് അവര്‍ കടന്നുപോയപ്പോള്‍ അരുണയുടെ ദുരിതപര്‍വ്വത്തിന് 42 വര്‍ഷം കഴിഞ്ഞിരുന്നു.ഇതോടെ ദയാവധത്തിന്റെ പ്രസക്തിയെക്കുറിച്ച് വീണ്ടും മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങി.
ഇത്തരുണത്തിലാണ് യു.കെ.യിലെ ജെഫ്രി സ്‌പെക്ടറുടെ ആത്മഹത്യക്ക് സാംഗത്യമേറുന്നത്. 6 വര്‍ഷം മുമ്പാണ് ബിസിനസ്സുകാരനായ സ്‌പെക്ടറിന് നട്ടെല്ലില്‍ കാന്‍സര്‍ ബാധ കണ്ടെത്തിയത്. ശസ്ത്രക്രിയ ചെയ്യാന്‍ ഡോക്ടര്‍മാര്‍ മടിച്ചു. ശസ്ത്രക്രിയയ്ക്കായി ശ്രമിച്ചാല്‍പ്പോലും ജെഫ്രിയുടെ കഴുത്തിന് താഴോട്ട് പക്ഷാഘാതം വരുമെന്നും അയാള്‍ ശയ്യാവലംബിയായി മാറുമെന്നും മനസ്സിലാക്കിയതിനെത്തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ അങ്ങനെ തീരുമാനിച്ചത്. ശസ്ത്രക്രിയ ചെയ്തു നീക്കാനാവാത്ത ആ അര്‍ബുദവളര്‍ച്ച മൂലം ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അയാളുടെ ശരീരം സ്തംഭിക്കുമെന്ന് ഉറപ്പായിരുന്നു.
ഇതറിഞ്ഞ സ്‌പെക്ടര്‍ താന്‍ കുടുംബത്തിന് ഭാരമാകാന്‍ ആഗ്രഹിക്കാതെ സ്വിറ്റ്‌ലര്‍ലണ്ടിലെ ഡിഗ്നിറ്റാസ് പ്രസ്ഥാനവുമായി ബന്ധപ്പെട്ടു. ഒരു സര്‍ക്കാരിതര സംഘടനയായ ഡിഗ്നിറ്റാസ് ഇതുപോലെ മാരകരോഗങ്ങള്‍ ബാധിച്ചവര്‍ക്ക് ആത്മഹത്യക്കുവേണ്ട സഹായങ്ങളും സൗകര്യങ്ങളും ചെയ്തുകൊടുക്കുന്നവരാണ്. ഡോക്ടറുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും സ്വന്തം സമ്മതപത്രവും 6000 ഡോളര്‍ ഫീസും നല്‍കിയാല്‍ മരുന്നിന്റെ ഓവര്‍ഡോസു നല്‍കി മരിക്കാന്‍ അനുവദിക്കയാണ് ചെയ്യുന്നത്. ആത്മഹത്യക്കായി നല്‍കുന്ന മരുന്ന് സ്വയം എടുത്തുകുടിക്കയാണ് വേണ്ടത്. അത് വീഡിയോയില്‍ റെക്കോര്‍ഡ് ചെയ്യുകയും ചെയ്യും. അത് കുടിക്കുന്നതിനു മുമ്പ് പലവട്ടം രോഗിയോട് ആ മരുന്നു കുടിച്ചാല്‍ എന്തു സംഭവിക്കുമെന്ന് അറിയാമോ എന്ന് ചോദിക്കണമെന്നും സംഘടനക്ക് വ്യവസ്ഥയുണ്ട്.
2011 മേയ് 15-ല്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടത്തിയ ഒരു ജനഹിതപരിശോധനയില്‍ ഡിഗ്നിറ്റാസിന്റെ പ്രവര്‍ത്തനം നിരോധിക്കരുതെന്ന് ജനങ്ങള്‍ വിധിയെഴുതിയിരുന്നു.
ജെഫ്രി സ്പെക്ടറുടെ കാര്യത്തില്‍ അയാള്‍ ചിന്തിച്ചത് ഇപ്രകാരമാണ്. അയാള്‍ക്ക് പക്ഷാഘാതം ബാധിക്കുകയാണെങ്കില്‍ ജീവിക്കുവാനും മരിക്കുവാനും അയാള്‍ക്ക് മറ്റൊരാളുടെ സഹായം ആവശ്യമായി വരും. പക്ഷാഘാതത്തിനു ശേഷം അയാള്‍ക്ക് ആത്മഹത്യ ചെയ്യാന്‍വേണ്ടി കുടുംബം അയാളെ സ്വിറ്റ്‌സര്‍ലന്‍ഡിലെത്തിക്കുകയാണെങ്കില്‍ ബ്രിട്ടനിലെ നിയമങ്ങളനുസരിച്ച് കുടുംബാംഗങ്ങള്‍ക്ക് 24 വര്‍ഷം വരെ തടവുശിക്ഷ ലഭിച്ചേക്കാം.തന്മൂലം അയാള്‍ക്ക് സ്വയം സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് യാത്രചെയ്യാനുള്ള ആരോഗ്യം ഉള്ളപ്പോള്‍ ആത്മഹത്യചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
ഇതോടെ ദയാവധത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ബ്രിട്ടനില്‍ വീണ്ടും സജീവമായി. ബ്രിട്ടനിലെ മുന്‍ചാന്‍സലറായ ലോര്‍ഡ് ഫാല്‍ക്ക്‌നര്‍ മുമ്പ് പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ട പരസഹായത്തോടെയുള്ള ആത്മഹത്യക്ക് അനുമതി നല്‍കുന്ന ബില്‍ വീണ്ടും സഭയില്‍ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ്.
മനുഷ്യജീവന്‍ വിലപ്പെട്ടതാണെന്നു കരുതി ദയാവധം നൈതികതക്ക് എതിരാണെന്നു പറയുന്നതാണോ ശരി, ശാരീരികവേദനകള്‍ അനുഭവിച്ചറിയുന്നുണ്ടെങ്കിലും പറഞ്ഞറിയിക്കാനാവാത്ത കോമസ്ഥിതിയിലും മറ്റും തുടരുന്ന രോഗികളുടേയും ജെഫ്രി സ്പെക്ടറുടേതുപോലെയുള്ള സാഹചര്യങ്ങളില്‍ ഉള്ളവരുടെയും മാനസികവ്യഥകള്‍ ദീര്‍ഘിപ്പിക്കാതെയിരിക്കണം എന്ന തീരുമാനമാണോ ശരി എന്നത് വ്യക്തമായി നിര്‍ണ്ണയിക്കപ്പെടേണ്ടത് അത്യാവശ്യമല്ലേ?
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























