ഇന്ത്യയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ന്യൂസിലന്‍ഡിന് മികച്ച സ്‌കോര്‍

റോസ് ടെയ് ലര്‍ ഒരിക്കല്‍ കൂടി രക്ഷകന്റെ വേഷമണിഞ്ഞതോടെ ഇന്ത്യയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ന്യൂസിലന്‍ഡിന് മികച്ച സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കിവീസ് 50 ഓവറില്‍ എട്ട് വിക്കറ്റിന് 273 റണ്‍സ് നേടി. 73 റണ്‍സുമായി പുറത്താകാതെ നിന്ന ടെയ് ലറാണ് കിവീസിന്റെ പട നയിച്ചത്. ഓപ്പണര്‍മാര്‍ ഒരിക്കല്‍ കൂടി കിവീസിന് നല്ല തുടക്കം നല്‍കി. 79 റണ്‍സ് നേടിയ ഗുപ്റ്റിലും 41 റണ്‍സ് നേടിയ ഹെന്‍ട്രി നിക്കോള്‍സും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 93 റണ്‍സ് ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്.
എന്നാല്‍ മധ്യനിര ചെറുത്തുനില്‍പ്പ് ഇല്ലാതെ തകര്‍ന്നതോടെ കിവീസിന് പ്രതിസന്ധിയിലായി. എന്നാല്‍ വാലറ്റത്തെ കൂട്ടുപിടിച്ച് ടെയ് ലര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം കിവീസിനെ കരകയറ്റുകയായിരുന്നു. ടോം ലാതം (7), കോളിന്‍ ഡി ഗ്രാന്റ്ഹോം (5), ജിമ്മി നീഷം (3), മാര്‍ക്ക് ചാപ്മാന്‍ (1) എന്നിവരാണ് മധ്യനിരയില്‍ വന്നപോലെ മടങ്ങിയത്. 42-ാം ഓവറില്‍ 197/8 എന്ന നിലയിലേക്ക് വീണ കിവീസ് 220 കടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.
പത്താമനായി ക്രീസിലെത്തിയ അരങ്ങേറ്റക്കാരന്‍ കെയില്‍ ജാമിസണ്‍ പതറാതെ ടെയ് ലറിന് കൂട്ടായി നിന്നതോടെ സ്‌കോര്‍ ഉയരുകയായിരുന്നു. ജാമിസണ്‍ രണ്ടു സിക്സും ഒരു ഫോറും ഉള്‍പ്പടെ 25 റണ്‍സ് നേടി. ഒന്‍പതാം വിക്കറ്റില്‍ ടെയ് ലര്‍-ജാമിസണ്‍ സഖ്യം അടിച്ചെടുത്തത് 76 റണ്‍സ്.
https://www.facebook.com/Malayalivartha