രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ബംഗാളിനെതിരെ കേരളത്തിന് സീസണിലെ ആദ്യ പരാജയം

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ബംഗാളിനെതിരെ കേരളത്തിന് സീസണിലെ ആദ്യ പരാജയം. 408 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം അവസാന ദിനം ആദ്യ സെഷനില്‍ 120 റണ്‍സിന് ഓള്‍ ഔട്ടായി 287 റണ്‍സിന്‍റെ കൂറ്റൻ പരാജയത്തിന് വഴങ്ങി. ആദ്യ ഇന്നിംഗ്സിലേതുപോലെ ആറ് വിക്കറ്റ് വീഴ്ത്തിയ ഇടം കൈയൻ സ്പിന്നര്‍ പ്രദിപ്ത പ്രമാണിക്കും രണ്ട് വിക്കറ്റ് വീതമെടുത്ത ഇന്ത്യൻ താരം മുഹമ്മദ് ഷമിയും ഷഹബാസ് അഹമ്മദും ചേര്‍ന്നാണ് കേരളത്തെ എറിഞ്ഞിട്ടത്. 38.4 ഓവര്‍ മാത്രമാണ് കേരളത്തിന്‍റെ രണ്ടാം ഇന്നിംഗ്സ് നീണ്ടത്.അഞ്ച് പേര്‍ മാത്രം രണ്ടക്കം കടന്ന ഇന്നിംഗ്സില്‍ പത്താമനായി ക്രീസിലിറങ്ങി 28 പന്തില്‍ 33 റണ്‍സെടുത്ത എം ഡി നിധീഷാണ് കേരളത്തിന്‍റെ ടോപ് സ്കോറര്‍.
മുഹമ്മദ് അസറുദ്ദീൻ 26ഉം ക്യാപ്റ്റൻ വിഷ്ണു വിനോദ് 19ഉം റണ്‍സെടുത്ത് പുറത്തായി. സീസണിലെ ആദ്യ മത്സരത്തില്‍ ജാര്‍ഖണ്ഡിനോട് ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി സമനില വഴങ്ങിയ കേരളം രണ്ടാം മത്സരത്തില്‍ ഒഡിഷക്കെതിരെ ഇന്നിംഗ്സ് ജയം സ്വന്തമാക്കിയിരുന്നു.
സീസണിലെ മൂന്ന് മത്സരങ്ങളും ജയിച്ച ബംഗാള്‍ 18 പോയിന്‍റുമായി ഗ്രൂപ്പ് സിയില്‍ ഒന്നാമതാണ്. 8 പോയിന്‍റുള്ള കേരളം മൂന്നാം സ്ഥാമത്താണ്.
"
https://www.facebook.com/Malayalivartha
























