ഇന്ത്യക്കെതിരെ സർവ്വസന്നാഹവുമായി ദക്ഷിണാഫ്രിക്ക; മുൻ നിര താരങ്ങളെ തിരിച്ചു വിളിച്ചു; രണ്ടു വർഷങ്ങൾക്ക് ശേഷം ടെസ്റ്റ് ടീമിൽ ഡിവില്ലേഴ്‌സ്; ഡുപ്ലെസിയും സ്റ്റെയിനും തിരിച്ചെത്തി

ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഇനി അഗ്നിപരീക്ഷയുടെ കാലമാണ്. നാട്ടിലെ തുടർച്ചയായ വിജയങ്ങൾക്ക് ശേഷം പുതു വർഷത്തിൽ ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കൻ പര്യടനത്തിനൊരുങ്ങുകയാണ്. ഇന്ത്യയെ കാത്തിരിക്കുന്നത് ദക്ഷിണാഫ്രിക്കയുടെ പ്രതിഭാശാലികളായ ഒരു കൂട്ടം കളിക്കാരാണ്. ഇന്ത്യയുമായുള്ള പരമ്പരയെ ദക്ഷിണാഫ്രിക്ക നിസ്സാരമായി കാണുന്നില്ല. അതിനുള്ള ഉത്തരമാണ് ദക്ഷിണാഫ്രിക്കയുടെ ടീം പ്രഖ്യാപനം.
രണ്ടു വർഷത്തോളമായി ടെസ്റ്റ് മത്സരങ്ങളിൽ നിന്നും വിട്ടു നിൽക്കുന്ന വെടിക്കെട്ട് ബാറ്റ്സ്മാൻ എ ബി ഡിവില്ലേഴ്‌സിനെ തിരിച്ചു വിളിച്ചു. സിംബാബ്‌വെക്കെതിരെയുള്ള ചതുർദിന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ നയിച്ചതും ഡിവില്ലേഴ്‌സാണ്. പരുക്കിൽ നിന്നും മോചിതനായി ക്യാപ്റ്റൻ ഡുപ്ലെസിയും പേസ് ബൗളർ ഡെയ്ൽ സ്റ്റെയ്നും ടീമിൽ മടങ്ങിയെത്തി. ഇവർക്ക് പുറമെ ഓൾ റൗണ്ടർ ക്രിസ് മോറിസും ടെസ്റ്റ് ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും മികച്ച പേസ് ബൗളിംഗ് നിരയുമായാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്.
ദക്ഷിണാഫ്രിക്കയിൽ ഇതുവരെ ഇന്ത്യക്ക് ടെസ്റ്റ് പരമ്പര വിജയിക്കാൻ കഴിഞ്ഞിട്ടില്ല. ജനുവരി 5 ന് കേപ്പ് ടൗണിൽ നടക്കുന്ന ആദ്യ ടെസ്റ്റിന് മുന്നോടിയായി ഇന്ത്യൻ ടീം ഇന്നലെ ദക്ഷിണാഫ്രിക്കയിൽ എത്തി.
https://www.facebook.com/Malayalivartha

























