ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ എവര്‍ട്ടനെതിരെ ഗോള്‍വര്‍ഷവുമായി ചെല്‍സി..
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ എവര്‍ട്ടനെതിരെ ഗോള്‍വര്‍ഷവുമായി ചെല്‍സി. കോള്‍ പാല്‍മര്‍ നാലടിച്ച മത്സരത്തില്‍ എതിരില്ലാത്ത ആറ് ഗോളിനാണ് നീലപ്പടയുടെ വിജയഭേരി.
ചെല്‍സി തട്ടകമായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന പോരാട്ടത്തില്‍ സമ്പൂര്‍ണ മേധാവിത്തത്തോടെയാണ് ആതിഥേയര്‍ മത്സരം വരുതിയിലാക്കിയത്. 13ാം മിനിറ്റില്‍ തന്നെ കോല് പാല്‍മറിലൂടെ അവര്‍ മുന്നിലെത്തി. നിക്കൊളാസ് ജാക്സനൊപ്പം പാല്‍മര്‍ നടത്തിയ മുന്നേറ്റമാണ് ഗോളിലെത്തിയത്.
അഞ്ച് മിനിറ്റിനകം പാല്‍മര്‍ തന്നെ ലീഡ് ഇരട്ടിപ്പിച്ചു. ജാക്സന്റെ ഷോട്ട് എവര്ട്ടന് ഗോള്‍കീപ്പര്‍ ജോര്‍ദന്‍ പിക്ക്ഫോര്‍ഡ് തടഞ്ഞിട്ടപ്പോള്‍ റീബൗണ്ടില്‍ ഹെഡ് ചെയ്തിടുകയായിരുന്നു.
29ാം മിനിറ്റില്‍ പാല്‍മറുടെ ഹാട്രിക്കുമെത്തി. ചെല്‍സി ഗോള്‍കീപ്പര്‍ ബോക്സിന് പുറത്തിറങ്ങി നല്കിയ പാസ് പിഴച്ചപ്പോള്‍ പന്ത് പിടിച്ചെടുത്ത താരം ഗോള്‍കീപ്പര്‍ക്ക് മുകളിലൂടെ നെറ്റിലേക്കടിച്ചിടുകയായിരുന്നു. ഹാഫ്ടൈമിന് തൊട്ടുമുമ്പ് നിക്കൊളാസ് ജാക്സന് ഗോളെണ്ണം നാ?ലാക്കി. മാര്‍ക് കുകുറേല ഇടതുവിങ്ങില്‍നിന്ന് നല്കിയ ക്രോസിലായിരുന്നു ഗോളിന്റെ പിറവി.
64ാം മിനിറ്റില്‍ നോനി മദ്യൂകെയെ ജെയിംസ് തര്‍കോവ്സ്കി ബോക്സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് പാല്‍മര്‍ തന്റെ ഗോള്‍ സമ്പാദ്യം നാലും ലീഡ് അഞ്ചുമാക്കി ഉയര്‍ത്തി.
എന്നാല്‍, പെനാല്‍റ്റി എടുക്കുന്നതിനെ ചൊല്ലി ചെല്‍സി താരങ്ങളായ നിക്കൊളാസ് ജാക്സനും നോനി മദ്യൂകെയും തമ്മില്‍ തര്‍ക്കിച്ചത് ടീമിന് നാണക്കേടായി. നാലടിച്ചതോടെ പാല്‍മര്‍ 20 ഗോളുമായി എര്‍ലിങ് ഹാലണ്ടിനൊപ്പം ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതെത്തി. പകരക്കാരനായെത്തിയ ആല്‍ഫി ഗില്‍ക്രിസ്റ്റിലൂടെ 90ാം മിനിറ്റില്‍ ചെല്‍സി ഗോള്‍പട്ടിക പൂര്‍ത്തിയാക്കി.
ജയത്തോടെ പ്രീമിയര്‍ ലീഗില്‍ ചെല്‍സി പരാജയമറിയാത്ത തുടര്‍ച്ചയായ എട്ട് മത്സരങ്ങളാണ് പൂര്‍ത്തിയാക്കുന്നത്. 31 കളികളില്‍ 47 പോയന്റുമായി ലീഗില്‍ ഒമ്പതാമതാണ് ചെല്‍സി.
"
https://www.facebook.com/Malayalivartha