തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നിയപ്പോൾ ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്.
പരമ്പരയിലെ അവസാന ടെസ്റ്റിൽ ടോസ് നേടി ബാറ്റിങ് തുടങ്ങിയ സന്ദർശകർ ഒന്നാം നാൾ സ്റ്റമ്പെടുക്കുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 300 റൺസെന്ന നിലയിലാണുള്ളത്. 117 റൺസ് നേടി ദേവ്ദത്ത് പുറത്തായി. ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ (50) അർധ ശതകമാണ് മറ്റൊരു ശ്രദ്ധേയ പ്രകടനം. ധ്രുവ് ജുറെലും (7) സാരാൻഷ് ജെയിനുമാണ് (4) ക്രീസിൽ. 18 റൺസെടുത്ത ഓപണർ കെ.എൽ. രാഹുലാണ് ആദ്യം പുറത്തായത്.
ലാഹിറു കുമാര എറിഞ്ഞ 11ാം ഓവറിൽ രാഹുൽ വിക്കറ്റ് കീപ്പർ നിരോഷൻ ഡിക്ക് വെല്ലയുടെ ഗ്ലൗസിലെത്തുമ്പോൾ സ്കോർ ബോർഡിൽ 37. മറ്റൊരു ഓപണർ യശസ്വി ജയ്സ്വാളിനെ (45) അസിത ഫെർണാണ്ടോ കുറ്റി തെറിപ്പിച്ചുവിട്ടു. 17 ഓവർ പൂർത്തിയാവുമ്പോൾ ഇന്ത്യ രണ്ടിന് 66. ദേവദത്തും ഗില്ലും ക്രീസിൽ നിൽക്കെ രണ്ടിന് 88 റൺസിൽ ലഞ്ചിന് പിരിയുകയായിരുന്നു. മൂന്നാം വിക്കറ്റിൽ ഈ സഖ്യം ചേർത്ത 120 റൺസ് നിർണായകമായി. അർധ ശതകം തികച്ച ഗില്ലിനെയും ഫെർണാണ്ടോ പറഞ്ഞുവിട്ടു. ഡിക്ക് വെല്ലക്ക് മറ്റൊരു ക്യാച്ച്. ഇന്ത്യ മൂന്നിന് 186.
വ്യക്തിഗത സ്കോർ മൂന്നിൽ ഋഷഭ് പന്ത് പരിക്കേറ്റ് മടങ്ങിയത് സന്ദർശകർക്ക് ക്ഷീണമായെങ്കിലും ദേവ്ദത്ത്-രവീന്ദ്ര ജദേജ സഖ്യം പോരാട്ടം തുടർന്നു. 168 പന്തിലാണ് മലപ്പുറം എടപ്പാൾ സ്വദേശിയായ ദേവ്ദത്ത് ടെസ്റ്റിലെ രണ്ടാം ശതകം തികച്ചത്. ഒടുവിൽ കേശര നുവാന്ത ഈ ഇന്നിങ്സിന് വിരാമമിട്ടു. ബൗൾഡായാണ് ദേവ്ദത്ത് പുറത്തായത്.
"
https://www.facebook.com/Malayalivartha























