മികച്ച സാങ്കേതിക നിലവാരമുള്ള പഴയ ബസുകൾ കുറഞ്ഞ ചെലവിൽ നവീകരിച്ച് നിരത്തിലിറക്കുന്ന ‘പ്രോജക്ട് സൂര്യ’ക്ക് കെ.എസ്.ആർ.ടി.സിയിൽ തുടക്കമായി

മികച്ച സാങ്കേതിക നിലവാരമുള്ള പഴയ ബസുകൾ കുറഞ്ഞ ചെലവിൽ നവീകരിച്ച് നിരത്തിലിറക്കുന്ന ‘പ്രോജക്ട് സൂര്യ’ക്ക് കെ.എസ്.ആർ.ടി.സിയിൽ തുടക്കമായി.
സർക്കാറിന്റെ 100ദിന കർമപരിപാടിയുടെ ഭാഗമായാണിത്. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ സാങ്കേതിക വിദ്യാർഥികൾക്കായി വർക്ക്ഷോപ്പുകളിൽ തൊഴിലധിഷ്ഠിത പരിശീലന പരിപാടിയും കെ.എസ്.ആർ.ടി.സി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ ഐ.ടി.ഐ, പോളിടെക്നിക്, എൻജിനീയറിങ് വിദ്യാർഥികൾക്ക് വലിയ അവസരങ്ങളാണ് പ്രോജക്ട് സൂര്യയിലൂടെ കെ.എസ്.ആർ.ടി.സി ഒരുക്കുന്നത്.
പ്രത്യേക ആഡ് ഓൺ സർട്ടിഫിക്കേഷൻ പ്രോഗ്രാമിന്റെ ഭാഗമായി വിദ്യാർഥികൾക്ക് ബസ് ബോഡി ബിൽഡിങ്, എൻജിൻ ഓവർഹോളിങ്, ഇലക്ട്രിക്കൽ വയറിങ്, ലൈറ്റിങ് സിസ്റ്റം എന്നിവയിൽ വർക്ക്ഷോപ്പുകളിൽ നേരിട്ട് പങ്കെടുക്കാനും പരിശീലിക്കാനും അവസരമൊരുക്കുകയും ചെയ്യും.
ഓട്ടോമൊബൈൽ ആശയങ്ങൾ വലിയൊരു ഗതാഗത ശൃംഖലയിൽ എങ്ങനെ പ്രവർത്തിക്കുന്നെന്ന് നേരിട്ട് മനസ്സിലാക്കാവുന്നതാണ്. പഠനത്തോടൊപ്പം കെ.എസ്.ആർ.ടി.സി നൽകുന്ന ഔദ്യോഗിക സർട്ടിഫിക്കറ്റ് വിദ്യാർഥികളുടെ കരിയറിനും വലിയ മുതൽക്കൂട്ടാകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ മന്ത്രി ചൂണ്ടിക്കാട്ടി. ലാഭകരമായ സർവിസുകൾ, പരിസ്ഥിതിസൗഹൃദ ബസുകൾ, സാങ്കേതിക വിദ്യാർഥികൾക്ക് പ്രായോഗിക പരിശീലനം നൽകുന്ന വിജ്ഞാനകേന്ദ്രങ്ങൾ എന്നിങ്ങനെ തികച്ചും പുതിയൊരു യാത്രാസംസ്കാരം രൂപപ്പെടുത്തുകയാണ് കെ.എസ്.ആർ.ടി.സിയുടെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.
ബസുകളുടെ നവീകരണത്തോടൊപ്പം ഡിപ്പോകളും ബസ് ടെർമിനലുകളും ആധുനീകരിക്കുന്ന നടപടികളും സജീവമായി പുരോഗമിക്കുകയാണ്.
സുലഭ് ഇന്റർനാഷനലുമായി ചേർന്ന് ആധുനിക വിശ്രമമുറികളും ശൗചാലയങ്ങളും ഒരുക്കുന്നതിനൊപ്പം ഡിപ്പോകളുടെ രൂപവും കെ.എസ്.ആർ.ടി.സി മെച്ചപ്പെടുത്തുകയും ചെയ്യും.
https://www.facebook.com/Malayalivartha
























