ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും. രാവിലെ 11ന് സിസിഎഫ് ഡി.കെ.വിനോദ് നീലക്കുറിഞ്ഞി ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കുന്നതാണ്. വനംവകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അടക്കം ചടങ്ങിൽ പങ്കെടുക്കും. ഗ്യാപ് റോഡിന് സമീപം തയ്യാറാക്കിയ കവാടത്തിലൂടെയാണ് നീലക്കുറിഞ്ഞി ഉദ്യാനത്തിൽ പ്രവേശിക്കുന്നത്.
ചൊക്രമുടിയിൽ നീലക്കുറിഞ്ഞി കാണാൻ 10 മുതൽ 18 വയസ്സ് വരെ പ്രായമുള്ളവർക്ക് 100 രൂപയും 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് 200 രൂപയുമാണ് ഫീസ്. വിദേശ സഞ്ചാരികൾക്ക് 400 രൂപയാണ് ടിക്കറ്റ് നിരക്ക്. കാമറ ഉപയോഗിച്ച് ചിത്രങ്ങളെടുക്കുന്നതിന് 50 രൂപയും വിഡിയോ ചിത്രീകരണത്തിന് 100 രൂപയുമായിരിക്കും ഫീസ്. വന്യജീവികളുടെ സാന്നിധ്യമുള്ളതിനാൽ ഡ്രോൺ ഉപയോഗിച്ചുള്ള ചിത്രീകരണത്തിന് അനുമതിയില്ല.
ഏഴു മണി മുതൽ നാലു മണി വരെയാണ് നീലക്കുറിഞ്ഞി കാണാനായി അനുവദിക്കുന്ന സമയം. നീലക്കുറിഞ്ഞി നശിപ്പിക്കുന്നത് 25000 രൂപ പിഴയും 3 വർഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണെന്ന് വനം വകുപ്പ് അധികൃതർ.
https://www.facebook.com/Malayalivartha























