സംസ്ഥാന കായികമേളക്ക് ആതിഥേയത്വം വഹിക്കുന്ന ജില്ലയിൽ ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ

പതിനഞ്ചു വർഷത്തെ ഇടവേളക്ക് ശേഷം സംസ്ഥാന കായികമേളക്ക് ആതിഥേയത്വം വഹിക്കുന്ന ജില്ലയിൽ ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ. ഉച്ചക്കു ശേഷം പെയ്യുന്ന മഴ ഭീഷണിയാണെങ്കിലും കായികമേളയെ തടസ്സപ്പെടുത്തില്ലെന്ന പ്രതീക്ഷയിലാണ് സംഘാടകരുള്ളത്. മത്സരം രാത്രിയിലേക്ക് നീളുന്ന സാഹചര്യത്തിൽ ആവശ്യമായ ലൈറ്റിങ് സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന കായികതാരങ്ങൾക്കും ടീം മാനേജർമാർക്കും ഒഫീഷ്യൽസിനും താമസസൗകര്യം ഒരുക്കുന്നതിനായി 50ലധികം സ്കൂളുകളിൽ വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇതിനായി ഏകദേശം 750 ക്ലാസ് മുറികൾ സജ്ജമാണ്.
റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ എത്തുന്ന കായികതാരങ്ങളെ താമസസ്ഥലങ്ങളിലേക്കും മത്സരവേദികളിലേക്കും എത്തിക്കുന്നതിനായി ‘ഒളിമ്പിക്സ് എക്സ്പ്രസ്’ എന്ന പേരിൽ പ്രത്യേക ഗതാഗത സംവിധാനവും ഒരുക്കിയിട്ടുണ്ട്.
വിവിധ സ്കൂളുകളെ ഏകോപിപ്പിച്ചാണ് താമസസൗകര്യങ്ങൾ ക്രമീകരിക്കുന്നത്.
വിവിധ സർക്കാർ വകുപ്പുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ആയിരക്കണക്കിന് കായികതാരങ്ങൾക്ക് സൗകര്യപ്രദമായ താമസവും ഗതാഗതവും ഉറപ്പാക്കുന്നത്. മേളയുടെ സുഗമമായ നടത്തിപ്പിനായി 17 സബ് കമ്മിറ്റികൾ പ്രവർത്തിക്കുന്നുണ്ട്. മത്സരങ്ങൾ നിയന്ത്രിക്കുന്നതിന് 620 ഒഫീഷ്യൽസ്, 140 സെലക്ടർമാർ, 100 ടെക്നിക്കൽ ഒഫീഷ്യൽസ് എന്നിവരുടെ സേവനം ലഭ്യമാകും.
മത്സരവേദികളുടെ സജ്ജീകരണം, ഗതാഗതം, ഭക്ഷണം, സുരക്ഷ, ആരോഗ്യസംരക്ഷണം, താമസം തുടങ്ങിയ മേഖലകളിൽ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി.
അതേസമയം പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ രണ്ട് അടുക്കളകളിലായി കായികതാരങ്ങൾക്ക് അനുയോജ്യമായ പ്രത്യേക ഭക്ഷണം പാകം ചെയ്ത് എല്ലാ വേദികളിലും സമയബന്ധിതമായി എത്തിക്കും.
"
https://www.facebook.com/Malayalivartha
























