ലോകകപ്പില്‍ ഇന്ത്യയുടെ ട്രംപ് കാര്‍ഡ് ധോണിയെന്ന് മുന്‍ പാക് നായകന്‍ സഹീര്‍ അബ്ബാസ്

ഇന്ത്യയ്ക്ക് ഏകദിന, ട്വന്റി20 ലോകകിരീടങ്ങള്‍ സമ്മാനിച്ച നായകനായ മഹേന്ദ്രസിങ് ധോണി തന്നെയാകും ഈ വര്‍ഷത്തെ ലോകകപ്പിലും ഇന്ത്യന്‍ ടീമിന്റെ തുറുപ്പുചീട്ടെന്ന് പാക്കിസ്ഥാന്‍ മുന്‍ നായകന്‍ സഹീര്‍ അബ്ബാസ് അഭിപ്രായപ്പെട്ടു. മികച്ച അനുഭവ സമ്പത്തും സമ്മര്‍ദ്ദ നിമിഷങ്ങളെ കൈകാര്യം ചെയ്യാനുള്ള പാടവവും ധോണിയെ അപകടകാരിയാക്കുന്നുവെന്ന് സഹീര്‍ അബ്ബാസ് അഭിപ്രായപ്പെട്ടു.
2007-ലെ ട്വന്റി20 ലോകകപ്പ്, 2011-ലെ ഏകദിന ലോകകപ്പ് എന്നിവയ്ക്കു പുറമെ 2010, 2016 വര്‍ഷങ്ങളിലെ ഏഷ്യാകപ്പും 2013-ലെ ചാംപ്യന്‍സ് ട്രോഫിയും ഇന്ത്യയ്ക്ക് സമ്മാനിച്ചത് ധോണിയാണ്. പ്രായമേറുന്തോറും വിക്കറ്റിനു പിന്നില്‍ കൂടുതല്‍ അപകടകാരിയായി വളരുന്ന ധോണിക്ക്, ബാറ്റിങ്ങില്‍ മാത്രമാണ് പഴയ മികവ് കൈമോശം വന്നിട്ടുള്ളത്.
അതേസമയം, അനുഭവസമ്പത്തു കൊണ്ട് തന്റെ എല്ലാ പോരായ്മകളും മറികടക്കാന്‍ ധോണിക്കാകുമെന്ന് സഹീര്‍ അബ്ബാസ് ചൂണ്ടിക്കാട്ടി. 'ഇന്ത്യന്‍ ടീമില്‍ മഹേന്ദ്രസിങ് ധോണിയേപ്പോലൊരു പ്രതിഭാശാലിയുണ്ട്. ഇന്ത്യന്‍ ടീമിന്റെ ബുദ്ധികേന്ദ്രം തന്നെ ധോണിയാണ്. ഇന്ത്യയെ രണ്ടുതവണ ലോകകപ്പ് കിരീടങ്ങളിലേക്കു നയിച്ച ധോണിയുടെ അനുഭവസമ്പത്തു വളരെ വലുതാണ്. ഇന്ത്യന്‍ ക്യാപ്റ്റനും പരിശീലകനും ധോണിയുടെ അനുഭവസമ്പത്തു പ്രയോജനപ്പെടും. ടീമിന്റെ തുറുപ്പുചീട്ട് പോലും ധോണിയാകും' - സഹീര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha