ആരാധകന്റെ വിളിയില്‍ അമളി പിണഞ്ഞ് ടിവി അവതാരക

ലോകത്തിലെ ഏറ്റവും വേഗമേറിയ മനുഷ്യനായ ഉസൈന്‍ ബോള്‍ട്ടിനെ അറിയാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടിവിയുടെ (എം.യു.ടി.വി) അവതാരക മാന്‍ഡി ഹെന്റിക്ക് ഉസൈന്‍ ബോള്‍ട്ടിനെ മനസ്സിലാക്കാന്‍ ബോള്‍ട്ടിന്റെ ട്വീറ്റിന് വരെ കാത്തിരിക്കേണ്ടി വന്നു. അതും പുതുവത്സര ദിനത്തില്‍ തന്നെ. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മിഡില്‍സ്ബറോയ്‌ക്കെതിരെയുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വിജയം ചര്‍ച്ച ചെയ്യുന്ന പരിപാടിക്കിടെയായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ചര്‍ച്ചക്കിടയില്‍ യുണൈറ്റഡിന്റെ ആരാധകര്‍ക്ക് വിളിച്ച് അഭിപ്രായം പറയാനുള്ള അവസരമുണ്ട്. യുണൈറ്റഡിന്റെ കടുത്ത ആരാധകനായ ബോള്‍ട്ടും ഈ പരിപാടിയിലേക്ക് വിളിച്ചു.
ഫോണെടുത്ത മാന്‍ഡി ഹെന്റി പറഞ്ഞു: നമ്മുടെ അടുത്ത കോളര്‍ ജമൈക്കയില്‍ നിന്നുള്ള ഉസൈനാണ്. നമ്മള്‍ ഉസൈനോട് സംസാരിക്കാന്‍ പോവുകയാണ്. അതിനിടയില്‍ ഇത് ഉസൈന്‍ ബോള്‍ട്ടൊന്നുമല്ലലോ എന്നും മാന്‍ഡി തമാശരൂപേണെ ചോദിക്കുകയും ചെയ്തു. ഉടനെ മറുതലക്കല്‍ നിന്ന് മറുപടിയെത്തി. 'അതെ, ഇത് ഉസൈന്‍ ബോള്‍ട്ടാണ്, ഉസൈന്‍ ബോള്‍ട്ട്'
പക്ഷേ അയാള്‍ തമാശ പറയുകയാണെന്നാണ് മാന്‍ഡി വിചാരിച്ചത്. ഒട്ടും ആശ്ചര്യം മുഖത്ത് വരുത്താതെ മാന്‍ഡി സംസാരം തുടര്‍ന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിജയവഴിയിലെത്തിയെന്നും പഴയ യുണൈറ്റഡിനെ തിരിച്ചു കിട്ടിയ അനുഭവമാണെന്നും ബോള്‍ട്ട് പറഞ്ഞു. യുണൈറ്റഡിന്റെ വിജയത്തില്‍ താന്‍ വളരെ സന്തോഷവാനാണെന്നും ബോള്‍ട്ട് അറിയിച്ചു. ഇതെല്ലാം കഴിഞ്ഞ ശേഷം നിങ്ങള്‍ പുതുവത്സരം എങ്ങനെ ആഘോഷിക്കാനാണ് പോകുന്നതെന്നായിരുന്നു മാന്‍ഡിയുടെ ചോദ്യം. താന്‍ വീട്ടിലാണെന്നും പടക്കം പൊട്ടിച്ച് ആഘോഷത്തിന്റെ ഭാഗമാകുമെന്നും ബോള്‍ട്ട് മറുപടി നല്‍കി. തുടര്‍ന്ന് മാന്‍ഡി സംഭാഷണം ഇങ്ങനെ അവസാനിപ്പിച്ചു 'വിളിച്ചതില്‍ വളരെ സന്തോഷം ഉസൈന്‍, പുതുവത്സരാഘോഷം നന്നായി ആസ്വദിക്കുക.'
ഇതെല്ലാം കഴിഞ്ഞശേഷം ബോള്‍ട്ട് തന്റെ ട്വിറ്റര്‍ പേജില്‍ എം.യു.ടി.വിയുടെ ഷോയില്‍ വന്നത് താനായിരുന്നെവെന്ന് വ്യക്തമാക്കി ട്വീറ്റ് ചെയ്തു. അപ്പോഴാണ് മാന്‍ഡിക്ക് അബദ്ധം പിണഞ്ഞെന്ന് മനസ്സിലായത്. ബോള്‍ട്ടിനെ തിരിച്ചറിയാത്തതില്‍ ക്ഷമ ചോദിക്കുന്നുവെന്നും വെസ്റ്റ്ഹാമുമായുള്ള യുണൈറ്റഡിന്റെ മത്സരത്തിന് ശേഷവും പരിപാടിയിലേക്ക് വിളിക്കണമെന്നും മാന്‍ഡി പിന്നീട് ട്വീറ്റ് ചെയ്തു.
https://www.facebook.com/Malayalivartha