സന്തോഷ് ട്രോഫി ജേതാവും മുന്‍ കേരള ഫുട്ബാള്‍ ടീം നായകനുമായ നജിമുദ്ദീന്‍ അന്തരിച്ചു

മുന്‍ കേരള ഫുട്ബാള്‍ ടീം നായകനും സന്തോഷ് ട്രോഫി ജേതാവുമായ തേവള്ളി പൈനുംമുട്ടില്‍ വീട്ടില്‍ നജിമുദ്ദീന്‍ (72) അന്തരിച്ചു. കേരള ഫുട്ബാള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച സ്ട്രൈക്കര്‍മാരില്‍ ഒരാളായിരുന്നു അദ്ദേഹം.
ശ്വാസകോശ രോഗത്തെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകിട്ടായിരുന്നു അന്ത്യം. സന്തോഷ് ട്രോഫി ജേതാവും മുന്‍ കേരള ഫുട്ബാള്‍ ടീം നായകനുമായ നജിമുദ്ദീന്‍ എട്ട് വര്‍ഷത്തോളം കേരളത്തിനായും രണ്ട് പതിറ്റാണ്ടോളം ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിനായും ബൂട്ടണിഞ്ഞു.
റഷ്യയ്കക്കും ഹംഗറിക്കുമെതിരെ നടന്ന അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യന്‍ കുപ്പായവുമണിഞ്ഞിട്ടുണ്ട്. ടൈറ്റാനിയം ടീമിന്റെ പരിശീലകനുമായിരുന്നു. 1975 ല്‍ മികച്ച കായിക താരത്തിനുള്ള ജി.വി. രാജ അവാര്‍ഡ് സ്വന്തമാക്കി.
1972ല്‍ കേരള യൂണിവേഴ്സിറ്റി താരമായി ഫുട്ബാളിലേക്ക് ചുവടുവച്ച നജിമുദ്ദീന്‍ 73ല്‍ ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിനായി കളത്തിലിറങ്ങിയതോടെയാണ് കരിയറില്‍ വലിയ മാറ്റങ്ങള്‍ വന്നത്. പിന്നീടങ്ങോട്ടുള്ള പ്രകടനങ്ങള്‍ അദ്ദേഹത്തെ കേരളത്തിന്റെ എക്കാലത്തെയും മികച്ച മുന്നേറ്റ താരമാക്കി മാറ്റി.
1973 മുതല്‍ 1981 വരെ കേരളത്തിന് വേണ്ടി സന്തോഷ് ട്രോഫി കളിച്ചിട്ടുണ്ട്. 1975 ല്‍ കോഴിക്കോട്ട് നടന്ന സന്തോഷ് ട്രോഫി ടൂര്‍ണമെന്റില്‍ ഗ്യാലപ്പ് പോളിലൂടെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു. 1973ല്‍ കേരളം പ്രഥമ സന്തോഷ് ട്രോഫി കിരീട നേട്ടം കൈവരിച്ചപ്പോള്‍ നിര്‍ണായക പ്രകടനം കാഴ്ചവച്ചു.
1979 ല്‍ കേരള ടീം ക്യാപ്ടനായി. 1973 മുതല്‍ 1992 വരെയായിരുന്നു ടൈറ്റാനിയത്തിനായി കളത്തിലിറങ്ങിയത്. 1977ല്‍ ഇന്ത്യയ്ക്കുവേണ്ടി സൗഹൃദമത്സരവും കളിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha