ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ ഗോള്‍ കീപ്പര്‍ സുബ്രത പാല്‍ ഉത്തേജക മരുന്നടിച്ചതിന് പിടിയില്‍

ഇന്ത്യന്‍ ഗോള്‍കീപ്പറും മുന്‍ നായകനുമായ സുബ്രതാ പാല്‍ ഉത്തേജക മരുന്നു പരിശോധനയില്‍ പരാജയപ്പെട്ടു. മാര്‍ച്ച് 18-ന് മുംബൈയില്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലന ക്യാമ്പില്‍ വച്ച് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി(നാഡ) നടത്തിയ പരിശോധനയിലാണ് അര്‍ജുന അവാര്‍ഡ് ജേതാവായ പാല്‍ നിരോധിച്ച ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയത്.
മ്യാന്‍മറിനെതിരായ എ.എഫ്.സി ഏഷ്യന്‍ കപ്പും കമ്പോഡിയക്കെതിരേയുള്ള സൗഹൃദ മത്സരവും കളിക്കാന്‍ പുറപ്പെടുന്നതിന് മുമ്പ് നടത്തിയ ക്യാമ്പില്‍ വച്ചായിരുന്നു നാഡയുടെ പരിശോധന. സുബ്രതാ പാല്‍ ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട കാര്യം അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍(എഫ്.ഐ.എഫ്.എഫ്) ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് സ്ഥിരീകരിച്ചു. ഇനി ബി സാമ്പിള്‍ പരിശോധനയ്ക്ക് അപേക്ഷ നല്‍കുകയോ അപ്പീല്‍ നല്‍കുകയോ ചെയ്യാം.
പശ്ചിമ ബംഗാള്‍ സ്വദേശിയായ സുബ്രതാ പാല്‍ ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെയും ഐ ലീഗില്‍ ഡി.എസ്.കെ ശിവാജിയന്‍സിന്‍േറയും താരമാണ്. പാല്‍ ഉത്തേജക മരുന്നു പരിശോധനയില്‍ പരാജയപ്പെട്ട കാര്യം ഡി.എസ്.കെ ശിവാജിയന്‍സ് ടീം അധികൃതരെ അറിയിച്ചിട്ടുണ്ടെന്ന് കുശാല്‍ ദാസ് പറഞ്ഞു.
2007-ല്‍ ഇന്ത്യന്‍ ദേശീയ ടീമില്‍ എത്തിയ പാല്‍ 64 മത്സരങ്ങളില്‍ ഗോള്‍വല കാത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha