ഇന്ത്യന്‍ ഫുട്‌ബോളിന്റെ മുത്ത്!അനസ് എടത്തൊടിക

അനസ് എടത്തൊടിക. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിലൂടെയാണ് കേരള ജനതയൊട്ടാകെ തങ്ങളുടെ മനസ്സില്‍ ഈ മലപ്പുറത്തുകാരനെ നെഞ്ചിലേറ്റിയത്. ഈ വര്‍ഷത്തെ മികച്ച ഇന്ത്യന്‍ ഫുട്!ബോളറായും ഐ.എസ്.എല്ലിലെ ഇക്കൊല്ലത്തെ ഏറ്റവും വിലകൂടിയ താരവുമായി മാറിയ അനസ് ടാറ്റ ജംഷഡ്പൂരിന് വേണ്ടി ബൂട്ടണിയും.
കഷ്ടപ്പാടുകളില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ ഒരു കളിക്കാരന്‍ കൂടിയാണ് അനസ്. അനസിന്റെ കഥ ഇങ്ങനെ: കടുത്ത ജീവിത സാഹചര്യങ്ങളെ മറികടന്ന് ഒരിക്കല്‍ ഓട്ടോഡ്രൈവറുടെ കുപ്പായമണിയുകയും അതിനൊപ്പം ഫുട്‌ബോളിനെ വിടാതെ ഒപ്പം കൂട്ടുകയും ചെയ്ത അനസ്. കഴിഞ്ഞ സീസണില്‍ ഫ്രഞ്ച് താരം ഫ്‌ളോറന്റ് മലൂദയുടെ ഡല്‍ഹി ഡൈനാമോസ് സെമിയില്‍ എത്തിയപ്പോള്‍ തന്നെ അനസിന്റെ മൂല്യം കോടികള്‍ കടക്കുമെന്ന് ഏവരും ഉറപ്പിച്ചിരുന്നു. ടീമിനെ ആദ്യ നാലില്‍ എത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ച അനസിനെ മറികടക്കാനായിരുന്നു എതിരാളികള്‍ കഴിഞ്ഞ സീസണില്‍ ഏറെ വിഷമിച്ചത്. ഞെരുക്കുന്ന ജീവിത സാഹചരങ്ങളെയും തന്റെ ജീവിതത്തിലേക്ക് കടന്നു കയറാതെ അനസ് തടഞ്ഞത് ഇങ്ങിനെയായിരുന്നു.
പന്തുകളിയില്‍ നാട്ടില്‍ പേരെടുക്കുമ്പോഴും കുടുംബം പോറ്റാന്‍ ഓട്ടോ ഓടിക്കേണ്ടിയും കൂലിപ്പണിയെടുക്കേണ്ടിയും വന്ന ഒരു പഴയകാലം അനസിന്റെ ജീവിതത്തിലുണ്ട്. കണ്ണീരില്‍ കുതിര്‍ന്ന അനസിന്റെ ഭൂതകാലം അടുത്തറിയുന്ന ആര്‍ക്കും മറക്കാനായിട്ടില്ല.ഇന്ത്യന്‍ ഫുട്‌ബോളിലെ കളിത്തൊട്ടിലായി വിശേഷിപ്പിക്കപ്പെടുന്ന ഇടങ്ങളില്‍ ഒന്നായ മലപ്പുറത്ത് അനസ് ഇപ്പോള്‍ ഇതിഹാസമാണ്. ഒരു ബസ് ഡ്രൈവറുടെ മകനായി പിറന്ന് 180 രൂപയ്ക്ക് ബസ് കഴുകുകയും ജീവിക്കാന്‍ വേണ്ടി ഓട്ടോ ഡ്രൈവറായി കാക്കിയുടുപ്പ് ഇടുകയും ചെയ്തിട്ടുണ്ട് അനസ്. കേരളത്തിന്റെ ഫുട്‌ബോള്‍ നഴ്‌സറിയില്‍ കൗമാരകാലത്ത് കൂലിപ്പണിക്കൊപ്പമായിരുന്നു താരം പന്തുകളിയേയും പഠനത്തേയും കൊണ്ടുപോയത്. കുടുംബഭാരം ഏറ്റിരുന്ന ജേഷ്ഠന്‍ രക്താര്‍ബുദം വന്ന് മരിച്ചതിനെ തുടര്‍ന്ന് രണ്ടു സഹോദരിമാരും മാതാപിതാക്കളും അടങ്ങുന്ന കുടുംബം അനസിന്റെ തോളിലായതോടെയാണ് സാമ്പത്തിക പരാധീനതയുള്ള കുടുംബത്തെ നില നിര്‍ത്താന്‍ അനസ് ഓട്ടോ ഡ്രൈവറായി മാറിയത്.
അധികം മോഹങ്ങള്‍ ഒന്നുമില്ലാതിരുന്ന ഈ 27-കാരന്‍ പിതാവിനെ പോലെ ഒരു ഡ്രൈവറാകണമെന്ന് മാത്രമായിരുന്നു ആദ്യ കാലത്ത് മോഹിച്ചിരുന്നത്. എന്നാല്‍ ഓട്ടോക്കാരനായി അവസാനിക്കേണ്ടിയിരുന്ന അനസിന്റെ ജീവിതം പക്ഷേ ഫുട്‌ബോള്‍ മാറ്റിമറിച്ചുകളഞ്ഞു. പത്താം കഌസ്സില്‍ പഠിക്കുമ്പോള്‍ ജോഗ്രഫി ടീച്ചര്‍ വഴി തിരിച്ച് ഫുട്‌ബോളിന് പിന്നാലെ നടത്തിയ അനസ് അണ്ടര്‍ 17 ലെവലില്‍ മഞ്ചേരി എന്‍.എസ്.എസ് കോളേജിന് കളിച്ചത് ടേണിംഗ് പോയിന്റായി. മുന്‍ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ഫിറോസ് ഷെരീഫാണ് അനസിനെ കണ്ടെത്തി ഐ ലീഗില്‍ രണ്ടാം ഡിവിഷന്‍ കഌായ മുംബൈ എഫ് സിയുടെ ട്രയല്‍സില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചത്.ഡേവിഡ് ബൂത്തായിരുന്നു അവിടെ പരിശീലകന്‍. തുടര്‍ന്ന് ഒരു വര്‍ഷത്തെ കരാര്‍. പിന്നീട് അവിടെ നിന്നും പൂനെ എഫ് സിയിലേക്ക്. അവിടെ പ്‌ളേയര്‍ ഓഫ് ദി ഇയര്‍ ആയതോടെ മൂല്യം കൂടി. ഡല്‍ഹി ഡൈനാമോസിന് വേണ്ടി കളിച്ച കഴിഞ്ഞ സീസണില്‍ ഏകദേശം 42 ലക്ഷം രൂപയാണ് അനസിന് ഒരു സീസണില്‍ കിട്ടിയിരുന്നത്. അതേസമയം പണമല്ല ഇവിടെ പ്രധാനമെന്നും പൂനെയ്ക്ക് കളിച്ചിരുന്ന ആദ്യ കാലത്ത് തന്നെ ഇത്രയും തുക സമ്പാദിച്ചിരുന്നതായി താരം പറയുന്നു.
2011 ല്‍ 45-50 ലക്ഷം രൂപ കണ്ടെത്തിയിരുന്ന അനസ് 2014 ല്‍ 60 ലക്ഷം രൂപ വരെ നേടി. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ക്ലബ്ബുകള്‍ മത്സരിച്ചത് ഡല്‍ഹി ഡൈനാമോസ് ലേലത്തിന് വെച്ച താരത്തിന് വേണ്ടിയായിരുന്നു. അവിടെ നിന്നും ടാറ്റ ജംഷഡ്പൂര്‍ പൊന്നുംവില കൊടുത്ത് അനസിനെ സ്വന്തമാക്കി. കേരള ബ്ലാസ്‌റ്റേഴ്‌സില്‍ കളിക്കാന്‍ കഴിയാത്തതിന്റെ നിരാശയാണ് കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് മുഴുവനും. എങ്കിലും അനസ് ബൂട്ടണിഞ്ഞ് കളിക്കുമ്പോള്‍ എതിര്‍ ടീമായാലും ആളുകള്‍ അനസിന് വേണ്ടി കൈയ്യടിച്ചിരിക്കും.
https://www.facebook.com/Malayalivartha