ആഫ്രിക്കയിലെ സെഷെല്‍സ്: യാത്രയുടെ പുതിയ അനുഭവം

ആഫ്രിക്കയിലെ സുന്ദരമായ ദ്വീപുകള്‍ ചേര്‍ന്ന രാജ്യമാണ് സെഷെല്‍സ് (Seychelles). അപൂര്‍വ്വമായ പ്രകൃതി സൗന്ദര്യത്താലും അനന്തമായ കടല്‍ത്തീരങ്ങളാലും വിസ്മയിപ്പിക്കുന്ന കായലുകളാലും അനുഗൃഹീതമാണ് ഈ കൊച്ചു രാജ്യം. ഇന്ത്യന്‍ സമുദ്രത്തില്‍ കിടക്കുന്ന 115 ദ്വീപുകള്‍ ഉള്‍പ്പെട്ട ഈ ദ്വീപസമൂഹം ദക്ഷിണാഫ്രിക്കയില്‍ നിന്നും 1500 കിലോമീറ്റര്‍ കിഴക്ക് മാറി സ്ഥിതി ചെയ്യുന്നു. ആഫ്രിക്കയിലെ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള രാജ്യമാണ് സെഷെല്‍സ്. ഇവിടുത്തെ ആകെ ജനസംഖ്യ 90,024 മാത്രം. മറ്റുള്ള പ്രദേശങ്ങളില്‍ നിന്നും സെഷെല്‍സിനെ വ്യത്യസ്തമാക്കുന്ന ഒട്ടേറെ പ്രത്യേകതകള്‍ ഉണ്ട്. ഫ്രഞ്ച്, ഇംഗ്ലീഷ്, സെഷെല്‍സ് ക്രിയോള്‍ എന്നിവയാണ് ഔദ്യോഗിക ഭാഷകള്‍.ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്ന മനോഹരമായ നിശാജീവിതവും സെഷെല്‍സ് വാഗ്ദാനം ചെയ്യുന്നു. തിയ്യറ്ററുകള്‍, സിനിമാശാലകള്‍, ഡിസ്‌കോകള്‍ എന്നിവയ്ക്കുപുറമെ വലിയ ഹോട്ടലുകള്‍ക്കു ചുറ്റുമായാണ് സജീവമായ നിശാജീവിതം പൊടിപൊടിക്കുന്നത്. നേരമ്പോക്കുനിറഞ്ഞതും ട്രെന്‍ഡി ആയതുമായ റസ്‌റ്റോറന്റുകളും നിറയെ ഉണ്ട്.
സെഷെല്‍സ് ഇപ്പോള്‍ ഏറ്റവും ജനപ്രിയമായ ഒഴിവുകാല വിനോദത്തിനുപറ്റിയ പറുദീസയായി മാറിയിട്ടുണ്ട്. ആരും തൊട്ടിട്ടില്ലാത്ത തെക്കന്‍ ദ്വീപുകളെല്ലാം തന്നെ നിരവധി പേര്‍ യാത്രചെയ്യാന്‍ ഇഷ്ടപ്പെടുന്ന സങ്കേതമായി മാറിയിട്ടുണ്ട്. കാറ്റില്‍ ഉലയുന്ന തെങ്ങുകളും നീലജലമുള്ള തിളങ്ങുന്ന കടല്‍ത്തീരങ്ങളും നിറഞ്ഞ അതിമനോഹരദൃശ്യങ്ങളാണ് എവിടെയും.
ഭൂമധ്യരേഖയ്ക്കടുത്തു കിടക്കുന്ന പ്രദേശമായതിനാല്‍ വളരെ ഊഷ്മളവും മിതവുമായ കാലാവസ്ഥയാണ്. അന്തരീക്ഷ താപനില 24 ഡിഗ്രി മുതല്‍ 30 ഡിഗ്രി വരെയാണ്. ഗ്രാനൈറ്റ് ഐലന്റ് എന്നറിയപ്പെടുന്ന ഗ്രാനൈറ്റുകള്‍ സമൃദ്ധിയായുള്ള ദ്വീപില്‍ മാത്രമേ മഴ പെയ്യാറുള്ളു. മഹി (Mahe) ആണ് സെഷെല്‍സിലെ ഏറ്റവും വലിയ ദ്വീപ്. ഈ പ്രദേശത്തെ സവിശേഷമായ ആകര്‍ഷണം എന്താണെന്നാല്‍ ഭീമാകാരന്മാരായ കടലാമകളുടെ സാന്നിധ്യമാണ്.അപൂര്‍വ്വമായ ജനുസ്സില്‍പ്പെട്ട പഠനമാതൃകകളായി ഉപയോഗിക്കുന്ന 20ഓളം ഭീമാകാരമായ കടലാമകളും ഇവിടം അവരുടെ ജന്മഗേഹമാക്കി മാറ്റിയിരിക്കുന്നു.
20 കിലോ ഗ്രാം വരെ തൂക്കമുള്ള തേങ്ങ ലഭിക്കുന്ന കൊകൊഡ്മര്‍ ആണ് മറ്റൊരു പ്രദേശം. ഇത് പ്രകൃതിയുടെ ഒരു അത്ഭുതമായാണ് കണക്കാക്കുന്നത്. ഈ ദ്വീപില്‍ മനോഹരമായ പക്ഷികളുടെ അത്ഭുതവൈവിധ്യം കാണാം. ഇതില്‍ എടുത്തു പറയാവുന്ന മൂന്ന് ചന്തമുള്ള പക്ഷികളാണ് മഡഗാസ്‌കര്‍ വീവറും, മഗ്‌പൈ റോബിനും, ഫ്രൂട്ട് പിജിയനും. ഇതെല്ലാം വംശനാശത്തിന്റെ വക്കിലെത്തി നില്ക്കുന്ന പക്ഷികളാണ്.
സെഷെല്‍സിലേക്കുള്ള അന്താരാഷ്ട്ര കവാടം എന്നറിയപ്പെടുന്ന സെഷെല്‍സ് അന്താരാഷ്ട്ര വിമാനത്താവളം വിക്ടോറിയയ്ക്കടുത്ത് സ്ഥിതിചെയ്യുന്നു. ഈ വിമാനത്താവളം തുറന്നതോടെ, വിനോദസഞ്ചാരം ഈ പ്രദേശത്തിന്റെ പ്രധാന വ്യവസായമായി മാറിയിരിക്കുന്നു. 1971ല്‍ സെഷെല്‍സ് അന്താരാഷ്ട്രവിമാനത്താവളം പൂര്‍ത്തിയായതോടെയാണ് വിനോദസഞ്ചാരവ്യവസായത്തിന് ഇവിടെ തുടക്കമായത്. 1979 ആയപ്പോഴേക്കും ഏകദേശം 77,400 പേര്‍ ഇവിടെ സന്ദര്‍ശിച്ചുകഴിഞ്ഞിരുന്നു.
സെഷെല്‍സിലെ പ്രകൃതിദത്ത ചരിത്ര മ്യൂസിയവും പ്രശസ്തമാണ്. സെഷെല്‍സിലെ പ്രകൃതിദത്ത വന്യജീവികളെയാണ് ഈ മ്യൂസിയത്തില്‍ പ്രദര്‍ശനത്തിനൊരുക്കിയിരിക്കുന്നത്. ലണ്ടനിലെ വോക്‌സ്ഹാള്‍ ക്ലോക്ക് ടവറിന്റെ മാതൃകയിലുള്ള ഒരു ക്ലോക്ക് ടവറും വിക്ടോറിയ ബൊട്ടാണിക്കല്‍ ഗാര്‍ഡനും സര്‍ സെല്‍വിന്‍-ക്ലാര്‍ക്ക് മാര്‍ക്കറ്റും പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളാണ്. ഈ നഗരത്തില്‍ ഒരു പോളിടെക്‌നിക് സ്‌കൂളും നാഷണല്‍ സ്‌റ്റേഡിയവും ഉണ്ട്.
ചോറിനൊപ്പം മത്സ്യം, കടല്‍മത്സ്യം, കക്കകള്‍കൊണ്ടുള്ള വിഭവങ്ങള്‍ എന്നിവയാണ് പ്രധാന ആഹാരങ്ങള്‍. മത്സ്യവിഭവങ്ങള്‍ വൈവിധ്യമാര്‍ന്ന രീതികളില്‍ തയ്യാറാക്കും. ഗ്രില്‍ ചെയ്തും, വാഴയിലയില്‍ പൊതിഞ്ഞ് വറുത്തും സ്‌മോക് ചെയ്തും ആവിയില്‍ വേവിച്ചും ബേക്ക് ചെയ്തും എല്ലാം മത്സ്യങ്ങള്‍ തയ്യാറാക്കുന്നു. ഭക്ഷ്യവിഭവങ്ങള്‍ പൂക്കള്‍കൊണ്ടും മറ്റുമൊക്കെ അലങ്കരിച്ചാണ് വിളമ്പുക. കടച്ചക്ക, മാങ്ങ, തേങ്ങ, കോര്‍ഡോന്ന്യന്‍ മത്സ്യം എന്നിവയുപയോഗിച്ചുള്ള ഭക്ഷ്യവിഭവങ്ങളും സുലഭമാണ്. തേങ്ങയും തേങ്ങ അടിസ്ഥാനമാക്കിയുള്ള ഭക്ഷ്യവസ്തുക്കളും എവിടെയും ലഭ്യമാണ്. കൈപൊള്ളാത്ത വിലയ്ക്ക് ഇതെല്ലാം ലഭിക്കുകയും ചെയ്യും. ലഡോബ് ആണ് മുഖ്യ മധുരവിഭവം. പഴുത്ത പഴവും മധുരക്കിഴങ്ങും തേങ്ങാപ്പാലില്‍ പഞ്ചസാരയും നട്‌മെഗും വാനിലയും ചേര്‍ത്ത് വേവിച്ച് തയ്യാറാക്കുന്നതാണ് ലഡോബ്. ഇവിടുത്തെ പ്രത്യേകതയുള്ള ഒരു വിഭവമാണ് സ്രാവ് ചട്‌നി. ചെറുതായി അരിഞ്ഞ് ഇടിച്ചെടുത്ത സ്രാവിന്റെ തോല്‍ ബിലിംബി ജ്യൂസും നാരങ്ങയും ചേര്‍ത്ത് പാകം ചെയ്‌തെടുക്കുന്നതാണിത്.
സെഷെല്‍സിലെ മറ്റ് ആകര്‍ഷണകേന്ദ്രങ്ങളാണ് അരിഡ് ഐലന്റ്, സെയിന്റെ ആനി മറീന്‍ നാഷണല്‍ പാര്‍ക്ക്, കസിന്‍ ഐലന്റ് എന്നിവ. ഏറ്റവും പ്രധാനപ്പെട്ട പ്രകൃതിദത്തനിധികളില്‍പ്പെട്ടതാണ് ഇന്ത്യന്‍ മഹാസമുദ്രത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന അരിഡ് ദ്വീപ്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ മനോഹര രത്‌നങ്ങളില്‍ ഒന്നായി ഈ ദ്വീപ് അറിയപ്പെടുന്നു. പ്രകൃതിദത്ത നിധികളാല്‍ അനുഗൃഹീതമായ അരിഡ് ഒരു സുന്ദര പറുദീസയാണ്. 10 ഓളം വിവിധ വംശങ്ങളില്‍ പെട്ട കടല്‍പക്ഷികളുടെയും റൈറ്റ്‌സ് ഗാര്‍ഡേനിയ ചെടികളുടെയും കടലാമകള്‍ നിറഞ്ഞ കടല്‍ത്തീരങ്ങളുടെയും സമ്പന്നമായ കടല്‍ ജീവികളുടെയും കേന്ദ്രമാണ് അരിഡെ. ടൂറിസ്റ്റുകള്‍ സെഷെല്‍സിലെ പവിഴപ്പുറ്റുകള്‍ നിറഞ്ഞ ബീച്ചുകളും ജലക്രീഡകള്‍ക്കുള്ള സാധ്യതകളും ഏറെ ആസ്വദിക്കുന്നു. ഇവിടുത്തെ വന്യജീവികളും ധാരാളം പേരെ ആകര്‍ഷിക്കുന്നു. കസിന്‍ ഐലന്റ് ഇക്കോ ടൂറിസത്തിന് പേരുകേട്ട സ്ഥലമാണ്. ലോകത്തിലെ ആദ്യത്തെ സംരക്ഷിത പ്രദേശങ്ങളിലൊന്നുകൂടിയാണിത്. ഈ ദ്വീപ് പൂര്‍ണ്ണമായും സംരക്ഷണത്തിനായി നീക്കിവയ്ക്കപ്പെട്ട പ്രദേശമാണ്. സെഷെല്‍സിലെ ഗ്രാനൈറ്റ് പാറക്കെട്ടുകള്‍ക്കുള്ളില്‍പ്പെട്ട ഈ ദ്വീപ് പിന്നീട് പ്രകൃതിദത്ത സസ്യജാലങ്ങള്‍ വച്ചുപിടിപ്പിച്ച് പുനസ്ഥാപിക്കുകയായിരുന്നു. കസിന്‍ ദ്വീപിലാണ് ഗ്രാനൈറ്റ് ഐലന്റിലെ ഏറ്റവും വൈവിധ്യം നിറഞ്ഞ മത്സ്യജാലങ്ങള്‍ കുടികൊള്ളുന്നത്. ഏറ്റവും കൂടുതല്‍ പല്ലികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലം കൂടിയാണിത്. ഹോക്‌സ്ബില്‍ കടലാമകളുടെ പ്രജനനത്തിനായി സംരക്ഷണം നല്‍കുന്ന ലോകത്തിലെ ഏറ്റവും പേരുകേട്ട പ്രദേശമാണ്. ഓരോ വര്‍ഷവും മൂന്ന് ലക്ഷം കടല്‍പ്പക്ഷികളാണ് പ്രജനനത്തിനായി കസിന്‍ ദ്വീപ് സന്ദര്‍ശിക്കുന്നത്. നാടന്‍ പക്ഷികളുടെയും സാനിധ്യം ഇവിടെയുണ്ട്.
മഹിയില്‍ നിന്ന് 20 മിനിറ്റ് യാത്ര ചെയ്താല്‍ സെയിന്റ് ആന്‍ മറീന്‍ നാഷണല്‍ പാര്‍ക്കില്‍ എത്തിച്ചേരാം. ഇവിടെയാണ് കടല്‍ച്ചെടികള്‍ ധാരാളമായി വളരുന്നത്. പച്ച കടലാമകളും ഹോക്‌സ്ബില്‍ കടലാമകളും ധാരാളമായി കാണാം. ബോട്ടില്‍നോസ് ഡോള്‍ഫിനുകളും ഈ പാര്‍ക്കിലെ സ്ഥിരം സന്ദര്‍ശകരാണ്. ഈ പ്രദേശം സെഷെല്‍സിലെ ആദ്യ കുടിയേറ്റ പ്രദേശം കൂടിയാണ്. 1770ലാണ് ആദ്യമായി ഇവിടെ കുടിയേറ്റക്കാര്‍ എത്തിയത്. മഹിയിലെ ചീങ്കണ്ണികള്‍ നിറഞ്ഞ ചതുപ്പില്‍ നിന്നും അകലെയായാണ് ഇവര്‍ താമസം തുടങ്ങിയത്. രണ്ടാം ലോകമഹായുദ്ധകാലത്ത് വിക്ടോറിയ തുറമുഖം സംരക്ഷിക്കാന്‍ റോയല്‍ മറീനുകള്‍ സെയിന്റ് ആന്‍ മറീനിലാണ് ക്യാമ്പ് ചെയ്തിരുന്നത്. ഒരിക്കല്‍ കുഷ്ഠരോഗികളുടെ ദ്വീപ് എന്നറിയപ്പെട്ടിരുന്ന മൊയെന്നെ ദ്വീപിനരികില്‍ വിലപിടിച്ച നിധി കുഴിച്ചിട്ടിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. സെഷെല്‍സില്‍ ജനങ്ങളുടെ സാംസ്‌കാരികവും പ്രകൃതിദത്തവുമായ പാരമ്പര്യത്തിന്റെ ഭാഗമാണ് സെയിന്റ് ആന്‍ മറീന്‍ നാഷണല്‍ പാര്‍ക്ക്.
സെഷെല്‍സിന് മഹിയില്‍ ഒരു ഹിന്ദുക്ഷേത്രവുമുണ്ട്. അരുള്‍ മിഹു നവശക്തി വിനായകര്‍ ക്ഷേത്രമാണ് മഹിയിലെ ഈ ഹിന്ദുക്ഷേത്രം. 1992ലാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. സുരക്ഷയുടെയും സമൃദ്ധിയുടെയും ദൈവമായ വിനായകന്റെ പേരിലുള്ളതാണ് ഈ ക്ഷേത്രം.പ്രധാന ദൈവത്തിന് പുറമെ മുരുകന്‍, നടരാജന്‍, ദുര്‍ഗ, ശ്രീനിവാസ പെരുമാള്‍, ഭൈരവ, ചന്ദകേശ്വരര്‍ എന്നീ ദൈവങ്ങളെയെല്ലാം ക്ഷേത്രത്തിന്റെ ഉള്ളില്‍ സ്ഥാപിച്ചിട്ടുണ്ട്. പ്രത്യേകസന്ദര്‍ഭങ്ങളില്‍ എല്ലാ ദൈവങ്ങള്‍ക്കു വേണ്ടിയും പ്രാര്‍ത്ഥന നടക്കും. സെഷെല്‍സ് ജീവിതത്തിലൊരിക്കല്‍ മാത്രം നേടാനാവുന്ന തരം അനുഭവമാണ് സമ്മാനിക്കുക. എല്ലാവരും കലര്‍പ്പില്ലാതെ ആഹ്ലാദിക്കുന്ന തരം അനുഭവം…എല്ലാവരും വീണ്ടും വീണ്ടും സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന തരം അനുഭവം
https://www.facebook.com/Malayalivartha