തീരവിസ്മയക്കാഴ്ചകളുടെ പ്യൂര്‍ട്ടോ റികോ

ഒരു തവണ കണ്ടാല്‍ ജീവിതത്തില്‍ ഒരിക്കലും മറവിയിലേക്ക് വഴുതിപ്പോകാത്ത കടല്‍ത്തീരങ്ങള്‍, വര്‍ഷം മുഴുവന്‍ തല നീട്ടുന്ന സൂര്യന്‍, ആഴക്കടലില്‍ പോയി മത്സ്യം പിടിക്കുന്നതുള്‍പ്പെടെ നേരം കൊല്ലാന്‍ ഒരു പിടി സാഹസികതകള്‍…അതെ കണ്ണെത്താ ദൂരത്തോളം നീണ്ടു നിവര്‍ന്നു കിടക്കുന്ന കലര്‍പ്പില്ലാത്ത പഞ്ചാരമണലും പച്ചക്കടലും ഇരുണ്ട് വശ്യതയാര്‍ന്ന സുന്ദരിമാരും ചേര്‍ന്ന് മാടിവിളിക്കുന്ന സൗന്ദര്യത്തിന്റെ നാട്- ഇതാ പ്യൂര്‍ട്ടോ റികോ.
കരീബിയന്‍ നാടുകളുടെ വടക്കുകിഴക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന അമേരിക്കന്‍ പ്രദേശമാണ് പ്യൂര്‍ട്ടോ റികോ. ഇത് ദ്വീപുകള്‍ നിറഞ്ഞ ഒരു കടല്‍പ്രദേശമാണ്. പ്രധാന ദ്വീപിന്റെ പേര് പ്യൂര്‍ട്ടോ റികോ എന്ന് തന്നെ. ഇതിനെ ചുറ്റി ചെറു ദ്വീപുകളായ വിയെക്വസ്, കുലെബ്ര, മോണ എന്നിവ. ഏതാണ്ട് 36 ലക്ഷം ജനവിഭാഗങ്ങള്‍ ഇവിടെയുണ്ട്. കരീബിയന്‍ കടലിലെ ദ്വീപുകളുടെ ഗ്രൂപ്പെന്ന് അറിയപ്പെടുന്ന ഗ്രേറ്റര്‍ ആന്റിലെസിലെ ഏറ്റവും ചെറിയ ദ്വീപാണ് പ്യൂര്‍ട്ടോ റികോ. ക്യൂബ, ഹെയ്തി, കെയ്മാന്‍ ഐലന്റ്, ജമൈക്ക എന്നിവയാണ് മറ്റ് ദ്വീപുകള്‍. 100 മൈല്‍ നീളവും 35 മൈല്‍ വീതിയുമുള്ള പ്യൂര്‍ട്ടോ റികോയുടെ തലസ്ഥാന നഗരിയാണ് സാന്‍ ജുവാന്‍.
സ്പാനിഷ് ഭാഷയും ഇംഗ്ലീഷുമാണ് പ്രധാന ഭാഷകള്‍. ഇവിടെ ജനിക്കുന്നവര്‍ യുഎസ് പൗരന്മാരാണ്.
ആഴക്കടലില്‍ ഇറങ്ങിയുള്ള മീന്‍പിടിക്കല്‍ മുതല്‍ ഡൈവിംഗും സര്‍ഫിങും എല്ലാം പ്യൂര്‍ട്ടോ റികോയില്‍ സുലഭം. കലര്‍പ്പില്ലാത്തതാണ് ഇവിടത്തെ കടല്‍ത്തീരം. വാണിജ്യക്കണ്ണുകളുടെ ആര്‍ത്തിയൊന്നൂം നോക്കെത്താദൂരത്തോളം നീണ്ടുകിടക്കുന്ന പഞ്ചാരമണല്‍ ബീച്ചുകളെ മലിനമാക്കിയിട്ടില്ല. ഭൂപ്രകൃതിയുടെ വൈവിധ്യമാണ് പ്യൂര്‍ട്ടോ റികോയുടെ മറ്റൊരു മാസ്മരികത. പ്രശസ്തമായ എല്‍ യങിലെ മഞ്ഞണിഞ്ഞ മഴക്കാടുകളും കാഴ്സ്റ്റ കട്രിയിലെ തൊട്ടു നാശമാക്കാത്ത ശുദ്ധമായ പ്രകൃതിയും പവിഴപ്പുറ്റുകള്‍ നീറഞ്ഞ ദ്വീപുകളും തെക്ക് പടിഞ്ഞാന്‍ മേഖലകളിലെ കാടുകളും നിറയുമ്പോള്‍ പ്യൂര്‍ട്ടോ റികോ ഒരു അത്ഭുത ദ്വീപസമൂഹമായി മാറുന്നു.
പലവിധ വര്‍ണ്ണങ്ങളാല്‍ പ്രകാശിക്കുന്ന പ്യൂര്‍ട്ടോ റികോയിലെ ഉള്‍ക്കടല്‍ പ്രത്യേകമാണ്. ജലത്തിന് പ്രകാശം ലഭിക്കുന്നത് കൃത്രിമമായല്ല. ഇവിടുത്തെ സൂക്ഷ്മമായ ജലജീവികള്‍ പുറപ്പെടുവിക്കുന്ന പ്രകാശമാണിത്. പ്യൂര്‍ട്ടോ റികോയിലെ ഉള്‍ക്കടലുകള്‍ സമ്മാനിക്കുന്ന ബയോ ലൂമിനിസന്റ് എന്ന ഈ പ്രകൃത്യത്ഭൂതം കാണാന്‍ വിനോദസഞ്ചാരികളുടെ തിരക്കാണെപ്പോഴും. സൂര്യപ്രകാശത്തില്‍ കുളിച്ചുനില്‍ക്കുന്ന ബീച്ചുകളും കുന്നുകള്‍ നിറഞ്ഞ കാടുകളും അപൂര്‍വ്വ കാഴ്ച തന്നെ. ബീച്ചുകള്‍ തെന്നയാണ് ഇവിടത്തെ ഏറ്റവും വലിയ നിധി. കുന്നുകളില്‍ നിറയെ കാപ്പി തോട്ടങ്ങളാണ്. മത്സ്യങ്ങള്‍ നിറഞ്ഞ തടാകങ്ങളും മുഴങ്ങുന്ന പൊട്ടിച്ചിരിയോടെ കുതിച്ചുചാടുന്ന വെള്ളച്ചാട്ടങ്ങളും പെട്ടെന്ന് മറക്കാവുന്ന കാഴ്ചകളല്ല.
പഴയ പ്യൂര്‍ട്ടോ റികോയില്‍ നിന്ന് പുതിയ പ്യൂര്‍ട്ടോ റികോയിലേക്കുള്ള ദൂരം ഏറെയാണ്. പഴയ കോളനിവാഴ്ചക്കാലത്തെ ഗാംഭീര്യമാര്‍ന്ന, വാസ്തുശില്‍പകലയുടെ മകുടോദാഹരണങ്ങളായ കെട്ടിടങ്ങള്‍ ഫ്രഷായി സംരക്ഷിച്ചിരിക്കുന്നു. ഒപ്പം ആധുനിക ഷോപ്പിംഗ് മാളുകള്‍ അതിനോട് തോള്‍ ചേര്‍ന്ന് നില്‍ക്കുന്നു. ആധുനിക കാലവേഗത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ട് ചീറിപ്പായുന്ന എസ്‌യുവികളും ഇവിടുത്തെ സ്ഥിരം ദൃശ്യമാണ്.
യുഎസുമായി അമ്പരിപ്പിക്കുന്ന ബന്ധമാണ് ഈ പ്രദേശത്തിനുള്ളത്. 1952ന് ശേഷം കോമണ്‍വെല്‍ത് ഓഫ് പ്യൂര്‍ട്ടോ റികോ എന്നാണ് അറിയപ്പെടുന്നത്. സൂര്യന് കീഴില്‍ ഒരു ഒഴിവുകാലം ആസ്വദിക്കാന്‍ മോഹിക്കുന്ന അമേരിക്കക്കാര്‍ക്ക് ഒരു പാസ്‌പോര്‍ട്ടെടുത്താല്‍ മാത്രം മതി. പ്യൂര്‍ട്ടോ റികോയില്‍ എത്താം, ആഘോഷിക്കാം. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലേതുപോലെ രാഷ്ട്രീയവിപ്ലവങ്ങളൊും സൃഷ്ടിച്ചില്ലെങ്കിലും പ്യൂര്‍ട്ടോ റികോയ്ക്ക് അവരുടേതായ സ്പന്ദിക്കുന്ന സാംസ്‌കാരികത്തനിമകള്‍ ഉണ്ട്.
പ്യൂര്‍ട്ടോ റികോയുടെ തലസ്ഥാനമാണ് സാന്‍ ജുവാന്‍. അധികം പേരും അവരുടെ യാത്രകള്‍ ആരംഭിക്കുന്നത് സാന്‍ ജുവാനില്‍ നിന്നാണ്. കരീബിയന്‍ രാജ്യങ്ങളിലെ വലുതും ഊര്‍ജ്ജസ്വലവുമായ നഗരമാണിത്. ഇവിടത്തെ നിശാജീവിതം ആഘോഷത്തിമിര്‍പ്പിന്റേതാണ്. ഇവിടെ മോഹിപ്പിക്കുന്ന ബീച്ചുകള്‍ ധാരാളം. മറ്റൊരു വര്‍ണ്ണാഭനഗരമായ ലക്വിലോയിലെ തെരുവ് കടകളിലെ ഭക്ഷണം രൂചികരമാണ്. നീണ്ട പഞ്ചാരമണല്‍ ബീച്ചുകള്‍ക്ക് പേര് കേട്ട വീക്വിസ് ഐലന്റിലെ ബയോലൂമിനസന്റ് ബേയില്‍ നീന്തുത് ഒരു അനുഭവമാണ്. പച്ചനിറമുള്ള കടല്‍ നിറഞ്ഞ ചെറിയ ദ്വീപാണ് കുലെബ്ര. പവിഴപ്പുറ്റുകള്‍ ധാരാളമുള്ള കാഴ്സ്റ്റ് കണ്‍ട്രിയില്‍ ചുണ്ണാമ്പുകല്ലിന്റെ വന്‍പാറകള്‍ വേറിട്ട കാഴ്ചയാണ്. സൂര്യനിലേക്കുള്ള കവാടം എന്ന് അറിയപ്പെടുന്ന പോര്‍ട് ദെല്‍ സോള്‍ വടക്ക് കിഴക്കന്‍ തീരത്ത് നിന്നാണ് ആരംഭിക്കുന്നത്.
ഡൈവിങ് ഇഷ്ടപ്പെടുന്നവര്‍ സംരക്ഷിത കടല്‍ പ്രദേശമായ ഐല ഡെസചിയോയിലാണ് സന്ദര്‍ശിക്കേണ്ടത്. ഇവിടത്തെ പച്ചക്കടല്‍ അവിസ്മരണീയമാണ്. ഒരു കാലത്ത് പടിഞ്ഞാറിന്റെ സുല്‍ത്താന്‍ എന്നറിയപ്പെട്ട നഗരമാണ് മായാഗുവെസ്. പിന്നീട് പ്രതാപകാലം നഷ്ടമായി തകര്‍ന്ന ഈ വ്യവസായ നഗരം ഇപ്പോള്‍ പഴയ കൊളോണിയല്‍ പ്രതാപം വീണ്ടെടുത്ത് മുഖംമിനുക്കുകയാണ്. ഇവിടെ ഏതാനും ബജറ്റ് റിസോര്‍ടുകള്‍ കാണാം. തെക്കന്‍ തീരം പോര്‍ടെ കരീബെ അഥവാ കരീബിയനിലേക്കുള്ള കവാടം എന്നറിയപ്പെടുന്നു. ഗ്വിള്ളിഗന്‍സ് ദ്വീപ് ഒരിക്കലും നിങ്ങളുടെ സഞ്ചാരപരിപാടിയില്‍ വിട്ടുകളയാന്‍ പാടില്ലാത്ത ഇടമാണ്. അവിടെ കണ്ടല്‍ക്കാടുകളോടുകൂടിയ പവിഴപ്പുറ്റുകള്‍, അതിനെ ചേര്‍ത്തുകെട്ടുന്ന തെളിഞ്ഞ വെള്ളമുള്ള കായല്‍ എന്നിവ മായക്കാഴ്ചകളുടെ ലോകമാണ്.
പരേഡും സല്‍സയും സാത്താന്മാരുടെ മുഖംമൂടികളണിയലും നിറഞ്ഞ കാര്‍ണിവല്‍ ആഘോഷം ഗംഭീരമാണ്. വടക്കന്‍ മേഖലയിലുള്ള സെന്‍ട്രൊ സെറിമോണിയല്‍ ഇന്‍ഡിജെന ദെ ടൈബ്‌സ് പ്യൂര്‍ട്ടോ റികോയുടെ കൊളംബിയന്‍ ഭൂതകാലത്തിനപ്പുറമുള്ള പഴയ കാലത്തെ ഓര്‍മ്മിപ്പിക്കുന്നു. ഗ്വായമ, കൊവാമോ എീ രണ്ട് പട്ടണങ്ങള്‍ കൂടി ഇതില്‍ ഉള്‍പ്പെടുന്നു. എയ്‌ബോനിറ്റോയിലെ വമ്പന്‍ ഫ്ലവർ ഫെസ്റ്റിവല്‍ ഏറെ പ്രാധാന്യമുള്ളതാണ്. ലോകത്തിലെ ഏറ്റവും മികച്ച കോഫി നിര്‍മ്മിക്കുന്ന പ്രദേശമാണ് മരികാവോ മുനിസിപ്പാലിറ്റി.
പ്യൂര്‍ട്ടോ റികോയില്‍ എല്ലായ്‌പോഴും ചൂടേറിയതും സൂര്യപ്രകാശമുള്ളതുമായ കാലാവസ്ഥയാണ്. 26-27 ഡിഗ്രി ശരാശരി ചൂടുള്ള പ്യൂര്‍ട്ടോ റികോയില്‍ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ചൂട് ഏറും. പക്ഷെ പ്യൂര്‍ട്ടോ റികോയ്ക്ക് തണുത്തതും ചൂടുള്ളതുമായ കാലാവസ്ഥകള്‍ എന്ന വേര്‍തിരിവ് ഇല്ല. എപ്പോള്‍ വേണമെങ്കിലും മഴ പ്രതീക്ഷിക്കാം. മെയ് മുതല്‍ ഒക്ടോബര്‍ മാസങ്ങളിലാണ് മഴയുണ്ടാവുക. ജൂണിനും നവംബറിനും ഇടയ്ക്ക് ചുഴലിക്കാറ്റ് പ്രതീക്ഷിക്കാം. വല്ലപ്പോഴും മാത്രമുണ്ടാകുന്ന ചുഴലിക്കാറ്റ് നഗരത്തില്‍ നാശം വിതച്ചേ പോകൂ. ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെയും ജൂലായ് മുതല്‍ ആഗസ്ത് വരെയുമാണ് പ്രധാന ടൂറിസ്റ്റ് സീസണ്‍.
വേനല്‍ക്കാലം പ്യൂര്‍ട്ടോ റികോക്കാര്‍ക്ക് അവധിക്കാലമാണ്. ഈ സമയത്ത് സ്ഥലങ്ങളെല്ലാം ആളുകളെക്കൊണ്ട് നിറയും. ക്രിസ്തുമസ്, പുതുവത്സരം, ഈസ്റ്റര്‍ എന്നീ അവധിക്കാലം ആഘോഷിക്കാനെത്തുന്നവര്‍ മുന്‍കൂട്ടി താമസസൗകര്യങ്ങള്‍ ബുക്ക് ചെയ്യുന്നത് നല്ലതാണ്. വസന്തകാലത്തെ വെക്കേഷന്‍ (സ്പ്രിങ് വെക്കേഷന്‍) ആസ്വദിക്കാന്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ യുഎസില്‍ നിന്നും ഇവിടെ എത്തിച്ചേരുന്നത് ഇപ്പോള്‍ പതിവായിരിക്കുന്നു. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും എത്തിച്ചേരുന്ന ടൂറിസ്റ്റുകള്‍ക്ക് പ്യൂര്‍ട്ടോ റികോ പ്രശാന്തമായ അനുഭവം നല്‍കുന്നു. ആരെയും ആകര്‍ഷിക്കുന്ന നിരവധി ചരിത്രപ്രാധാന്യമുള്ള പ്രദേശങ്ങളും ഒട്ടേറെ സാംസ്‌കാരിക അനുഭവങ്ങളുമാണ് പ്യൂര്‍ട്ടോ റികോയില്‍ സന്ദര്‍ശകര്‍ക്കായി കാത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha