ഗ്രാന്റ് കാന്യന്‍: കൊളറാഡോ നദി തന്ന പ്രകൃതിഭംഗി

അമേരിക്കയിലെ ലാസ് വെഗാസിന്റെ പ്രാന്തപ്രദേശത്തുള്ള ബോള്‍ഡര്‍ സിറ്റി മുനിസിപ്പല്‍ എയര്‍പോര്‍ട്ടിനെ അങ്ങനെ വിളിക്കുന്നുവെന്നേയുള്ളൂ. കണ്ടാലൊരു എയര്‍പോര്‍ട്ടിന്റെ പകിട്ടൊന്നുമില്ല. ചെറുതെങ്കിലും അമേരിക്കയിലെ വമ്പന്‍ എയര്‍പോര്‍ട്ടുകളില്‍ നിന്നു ബോള്‍ഡര്‍ സിറ്റി എയര്‍പോര്‍ട്ടിനെ വലുതാക്കുന്നത് ഒരേയൊരു ഘടകം. വിമാനങ്ങള്‍ ടേക്ക് ഓഫ് ചെയ്താല്‍ നേരെയെത്തുന്നത് ഗ്രാന്‍ഡ് കാന്യനു മുകളില്‍.
മൂന്ന് എയര്‍ലൈനുകള്‍ ഈ എയര്‍പോര്‍ട്ടില്‍ നിന്ന് ഓപ്പറേറ്റ് ചെയ്യുന്നു. ഗ്രാന്റ് കാന്യന്‍ എയര്‍വേയ്‌സ്, സീനിക് എയര്‍ലൈന്‍സ്, പാപിലിയോണ്‍ ഹെലികോപ്റ്റര്‍ സര്‍വീസ്. മൂന്നു കൂട്ടരും സര്‍വീസ് നടത്തുന്നത് ഒരേ ലക്ഷ്യത്തിലേക്ക്. ഗ്രാന്‍ഡ് കാന്യന്‍. യാത്രക്കാരെ കൊണ്ടു പോവുക. വട്ടം ചുറ്റിച്ച് തിരിച്ചിറക്കുക. ത്രില്‍ ഹെലികോപ്റ്റര്‍ റൈഡാണ്. കാരണം താഴ്ന്നു പറക്കും. ചില പാക്കേജുകളില്‍ കാന്യന് അകത്തു ലാന്‍ഡ് ചെയ്യും.
ചെറുവിമാനമാണെങ്കില്‍ ഉയരത്തില്‍പ്പറന്ന് കൂടുതല്‍ സ്ഥലങ്ങള്‍ കാട്ടിത്തരുമെന്നതാണു പ്രത്യേകത. വിമാനയാത്രയെങ്കില്‍ 150 ഡോളറില്‍ത്താഴെ മതി. ഹെലികോപ്റ്ററിനു വീണ്ടും കൊടുക്കണം 100 ഡോളര്‍. കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ ദൂരവും കൂടുതല്‍ കാഴ്ചയും നല്‍കുന്ന വിമാന യാത്രയുണ്ട്. നെറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്ത് പ്രിന്റ് ഔട്ട് എടുത്താല്‍ മതി.
രാവിലെ 8.30 ന് ഹോട്ടലിന്റെ വെസ്‌റ്റേണ്‍ ലോബിയിലെത്തണമെന്നാണ് ഗ്രാന്‍ഡ് കാന്യന്‍ ടൂറുകാരുടെ നിര്‍ദ്ദേശം. ഇത് ഇവിടുത്തെ ഹോട്ടലുകളുടെ മറ്റൊരു പ്രത്യേകത. നാലു ചുറ്റും ലോബികളുണ്ട്. മിക്ക ഹോട്ടലുകളുടെയും ലോബികള്‍ തമ്മില്‍ ബന്ധിപ്പിച്ചിട്ടുമുണ്ട്. ഹോട്ടലുകളില്‍ നിന്നു ഹോട്ടലുകളിലേക്ക് ലോബികളിലൂടെ കാഴ്ചകളും ഷോകളും കണ്ടു നടക്കാം. പാരീസായും വെനീസായും അണിയിച്ചൊരുക്കിയ കൃത്രിമ ആകാശം വരെയുള്ള ലോബികളുമുണ്ട്.
ലാസ് വെഗാസ് ഒരു ചെറിയ നഗരമാണ്. സ്ട്രിപ് എന്നു വിളിക്കുന്ന ഏതാനും കിലോമീറ്ററുകള്‍ നീളുന്ന റോഡാണ് മുഖ്യ ആകര്‍ഷണം. പിന്നെ ആ റോഡിന്റെ ബൈ ലൈനുകളും. ഇത്രയേയുള്ളൂ നഗരം. നഗരത്തിനുള്ളില്‍ത്തന്നെ ഫെയറി ടെയിലുകളില്‍ മാത്രം കണ്ടിട്ടുള്ളതു പോലെയൊരു മനോഹരസ്ഥലമുണ്ട്. അവിടെ നിന്നും നിന്നും മറ്റൊരു ബസില്‍ 45 മിനിറ്റുകൊണ്ട് ബോള്‍ഡര്‍ സിറ്റി എയര്‍ പോര്‍ട്ടിന്റെ പോര്‍ച്ചില്‍ എത്താം.
എയര്‍പോര്‍ട്ട് ടെര്‍മിനലില്‍ നിന്നും സൈറ്റ് സീയിങ്ങിനായി പ്രത്യേകം രൂപകല്‍പന ചെയ്തിരിക്കുന്ന ചെറിയവിമാനങ്ങളില്‍ കാഴ്ച തടസ്സപ്പെടുത്താത്ത വലിയ വിന്‍ഡോകളാണുള്ളത്. എ സി ക്യാബിന്‍. ഹെഡ് റെസ്റ്റില്ലാത്ത സീറ്റുകള്‍ ബസ് സീറ്റുകള്‍പ്പോലെയുണ്ട്. എല്ലാം വിന്‍ഡോ സീറ്റുകള്‍. താഴെ ടര്‍മാക്കില്‍ മുട്ടോളമെത്തുന്ന ഷോര്‍ട് പാന്റ്‌സിട്ട പൈലറ്റുമാര്‍ വിമാനത്തിന്റെ ബാക്ക്ഗ്രൗണ്ടില്‍ യാത്രികര്‍ക്കൊപ്പം നിന്നു പോസു ചെയ്യുന്നു. യാത്ര കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ സോവനീറായി ഫ്രേം ചെയ്ത പടം കിട്ടും.
ടേക്ക് ഓഫ് കഴിഞ്ഞാല്‍ മൂന്നു ഭാഷകളില്‍ വിവരണമുണ്ട്. ഹെഡ് ഫോണെടുത്ത് ഇംഗ്ലീഷ് സെലക്ട് ചെയ്യാം. ഗ്രാന്‍ഡ് കാന്യന്റെ ചരിത്രമടക്കം വിശദീകരണം ഉണ്ടാകും.
കൊളറാഡോ നദി അരിസോണയിലെ ഭൂപ്രദേശം കാര്‍ന്നെടുത്തുണ്ടാക്കിയ വ്യത്യസ്തമായ പ്രകൃതിഭംഗിയാണ് ഗ്രാന്‍ഡ് കാന്യന്‍. 446 കിലോ മീറ്റര്‍ നീളത്തില്‍ 29 കിലോ മീറ്റര്‍ വീതിയില്‍ പരന്നു കിടക്കുന്ന ഈ വന്യമായ അനുഭൂതി അമേരിക്കയിലെ പ്രഖ്യാപിത നാഷനല്‍ പാര്‍ക്കാണിപ്പോള്‍. പണ്ട് ഇവിടം ഒരു പീഠഭൂമിയായിരുന്നു. കൊളറാഡോ നദി ഈ പീഠഭൂമിയെ മലയിടുക്കാക്കി മാറ്റി.
ഒരു നദി ഒഴുകുമ്പോള്‍ ഭൂമി ഇത്രയ്ക്കു കുഴിഞ്ഞു പോകുമോ എന്ന് അമ്പരന്നുപോകും ഗ്രാന്‍ഡ് കാന്യന്‍ കാണുമ്പോള്‍. രണ്ടു കിലോമീറ്ററോളം ഉയരമുള്ള വലിയ മലയിടുക്കുപോലെ നില്‍ക്കുന്ന പ്രദേശങ്ങള്‍ ഉണ്ടാക്കിയത് അതിനു മധ്യത്തില്‍ ഒഴുകുന്ന കൊളറാഡോ നദിയാണ്. ശാന്തയെന്നു തോന്നുന്ന നദിക്ക് ഭൂമി ഇത്രയ്ക്കു കുഴിച്ചെടുക്കാന്‍ എത്ര നാള്‍ വേണ്ടി വന്നെന്ന് അറിയുമോ? 650 ലക്ഷം വര്‍ഷങ്ങള്‍.
വെറുമൊരു പ്രകൃതി ഭംഗിക്കുപരി അമേരിക്കന്‍ സംസ്‌കാരവുമായും വന്യജീവിവൈവിധ്യവുമായും ഈ പ്രദേശത്തിനു ബന്ധമുണ്ട്. റെഡ് ഇന്ത്യന്‍ സംസ്‌കാരം ഈ താഴ് വരകളില്‍ പ്രബലമായിരുന്നു. കുറ്റിക്കാടുകളില്‍ വളരുന്ന മൃഗങ്ങളും അപൂര്‍വമായ ചെടികളും എന്നും ഗവേഷകര്‍ക്ക് വിരുന്നാണ്. ചിലതരം ആടുകള്‍, പറവകള്‍, മുയലുകളെപ്പോലെയുള്ള മൃഗങ്ങള്‍, അനേകതരം ഫംഗസുകള്‍ എന്നിവയൊക്കെ.
മനുഷ്യ നിര്‍മിതമായ ഏറ്റവും വലിയ അണക്കെട്ടായ ഹൂവര്‍ ഡാമിനു വട്ടമിട്ടു പറന്ന ശേഷം വിമാനം സ്‌കൈ വാക്ക് എന്ന മറ്റൊരു അത്ഭുതത്തിനടുത്തു താണു പറക്കും. കുതിര ലാടത്തിന്റെ ആകൃതിയില്‍ ഗ്രാന്‍ഡ് കാന്യനു മുകളിലൂടെ നടക്കാനാവുന്ന ഒരു ഗ്ലാസ് അടിത്തട്ടുള്ള പ്ലാറ്റ്‌ഫോമാണിത്. ഹൂവര്‍ ഡാം, ഗ്രാന്‍ഡ് കാന്യന്‍ ബസ് ടൂറെടുത്താല്‍ ഇതൊക്കെ നടന്നു കാണാം. അല്ലെങ്കില്‍ ആകാശ വിക്ഷണം മാത്രം.
പിന്നെ ഒരു മണിക്കൂറോളം ഗ്രാന്‍ഡ് കാന്യന്‍ മടക്കുകള്‍ക്കു മൂകളിലൂടെ പറക്കുന്ന വിമാനത്തിലിരുന്ന് തവിട്ട്, പച്ച, നീല, വെള്ള ചായങ്ങള്‍ വാരിയൊഴിച്ച് അമൂര്‍ത്തമായ ഒരു ചിത്ര രചനപോലെ താഴെ ഗ്രാന്‍ഡ് കാന്യന്‍ പരന്നു കിടക്കുന്നതു കാണാം. ചിലപ്പോഴൊക്കെ വിമാനം മലമടക്കുകളുടെ ഇടയിലേക്കു താണു പറക്കും. അപ്പോള്‍ക്കാണാം കൊളറാഡോ നദിയുടെ യഥാര്‍ത്ഥ രൗദ്രരൂപം. കുത്തിയൊഴുകുകയാണ്, ഇനിയുമൊരായിരം അടി കൂടി ഭൂമി കുഴിച്ചെടുക്കാമെന്ന ഭാവത്തില്‍.
ലോ പാസ് എന്നു പറയുന്ന താഴ്ന്നു പറക്കുന്ന ചില ടെക്‌നിക്കുകളും പൈലറ്റുമാര്‍ കാട്ടും. ഇത്തരം താണു പറക്കലില്‍ ഭാഗ്യമുണ്ടെങ്കില്‍ ചാര നിറമുള്ള ബൈഗോണ്‍ ആടുകളെ കാണാനാവുമത്രെ.
വേറൊരു റൂട്ടില്‍ വ്യത്യസ്തമായ കാഴ്ചകളുമായി ബോള്‍ഡര്‍ സിറ്റി എയര്‍പോര്‍ട്ടില്‍ മടങ്ങിയെത്താം. മടങ്ങും വഴി സന്ദര്‍ശക ഡയറിയില്‍ പേരും വിലാസവും കമന്റും രേഖപ്പെടുത്താം.
https://www.facebook.com/Malayalivartha