ചരിത്രമുറങ്ങുന്ന ഗുഹാമുഖങ്ങള്‍

പ്രകൃതി ഭംഗി കൊണ്ടും പുരാതന സാംസ്‌കാരിക പൈതൃകം കൊണ്ടും സമ്പന്നമായ മറാത്തിഗ്രാമങ്ങളും പിന്നിട്ട് ചരിത്രത്തിന്റെ ഉള്ളറകളിലേക്ക് ഒരു യാത്ര ആകാം. . പൂനെയില്‍ നിന്നും നാസിക് വഴി ഏകദേശം 235 കിലോമീറ്ററോളം ദൂരമുണ്ട് ഓറംഗബാദിലേക്ക്. അവിടെ നിന്നും ഒരുമണിക്കൂറോളം വീണ്ടും സഞ്ചരിക്കണം എല്ലോറയിലെത്താന്‍. നിഷ്‌കളങ്കബന്ധങ്ങളുടെ കാഴ്ച്ചാന്തരീക്ഷമാണ് എന്നും മറാത്തി മലയോരഗ്രാമങ്ങള്‍ സമ്മാനിച്ചിട്ടുള്ളത്. കൃഷിയും ലളിതജീവിതവുമായി സമരസപ്പെട്ട് പോകുന്ന മണ്ണിന്റെ മണമുള്ള ഗ്രാമവാസികള്‍, കണ്ണെത്താദൂരത്തോളം വ്യാപിച്ച് കിടക്കുന്ന സൂര്യകാന്തി, ചോളം, പരുത്തി, കടുക്, ഉള്ളി എന്നിങ്ങനെ വിളകള്‍ മാറിമാറി വിളയുന്ന ഉര്‍വരതയുടെ മൂര്‍ത്ത രൂപങ്ങളായി പാടങ്ങള്‍ പൂത്തുനില്‍ക്കുന്ന പരുത്തിപ്പാടങ്ങളെയും ഓറഞ്ച് തോട്ടങ്ങളെയും മനസ്സില്ലാമനസ്സോടെ പിന്നിട്ട് ദേശീയപാതയിലൂടെ ദൗലത്തബാദിലേക്ക്.
ദൂരെ ഡക്കാന്‍ മലനിരകളുടെ അവ്യക്തമായ കാഴ്ചകള്‍. ദൗലത്തബാദ് കോട്ടയ്ക്കരുകിലൂടെയാണ് യാത്ര. സ്‌കൂള്‍ ക്ലാസ്സുകളില്‍ കാണാംപാടം പഠിച്ചു ശപിച്ച ചരിത പുസ്തകത്തിലെ അലാവുദ്ദീന്‍ ഖില്‍ജിയുടെയും മുഹമ്മദ് ബിന്‍ തുഗ്ലക്കിന്റെയും സാമ്രാജ്യവാഴ്ചകള്‍ക്ക് വേദിയൊരുക്കിയ മണ്ണ്. ഡല്‍ഹിയില്‍ നിന്നും മുഗള്‍സാമ്രാജ്യ തലസ്ഥാനം ഇവിടേയ്ക്ക് പറിച്ചു നടണമെന്ന് ചില്ലറ സ്വപ്നങ്ങളൊന്നുമായിരിക്കില്ല തുഗ്ലക്ക് കണ്ടത്. തിരസ്‌കരിക്കപ്പെട്ട, പരാജയെപ്പെട്ട ഭരണപരിഷ്‌കാരങ്ങളായാണ് തുഗ്ലക് ഭരണത്തെ കാലം വിശേഷിപ്പിച്ചത്; ചരിത്രം അദ്ദേഹത്തെ ബുദ്ധിമാനായ വിഡ്ഡിയെന്നും.ബാല്യകാലസ്മരണകള്‍ക്ക് ചിലപ്പോഴൊക്കെ ചെറുവേദനയില്‍ ചാലിച്ച പുഞ്ചിരികള്‍ സമ്മാനിക്കാറുണ്ട്. ഔറങ്കസീബും തുഗ്ലക്കും മാറി മാറി വന്ന ഭരണപരിഷ്‌കാരങ്ങളുമെല്ലാം എന്നും ആദ്യം ഓര്‍മയിലെത്തിക്കുന്നത് സാമൂഹ്യപാഠം ക്ലാസിലെ ചൂരല്‍ കഷായങ്ങളെക്കൂടിയാണ്. ബാല്യകാലയോര്‍മ്മകളില്‍ മുങ്ങാംകുഴിയിട്ടു മതി മറന്നിരുന്നപ്പോള്‍ എല്ലോറ എത്തിയത് അറിഞ്ഞില്ല. ഒരു ചെറിയ പട്ടണം. സഞ്ചാരികളെ കാത്ത് നിര്‍ത്തിയിട്ടിരിക്കുന്ന ഓട്ടോറിക്ഷകള്‍.
വാഹനം പാര്‍ക്ക് ചെയ്യുമ്പോളെ കണ്ടു പിന്നാലെ കൂടിയ ഓട്ടോ െ്രെഡവര്‍ മാരെ. അകത്തേക്കുള്ള യാത്രയുടെ കുത്തകാവകാശം ഇവര്‍ കയ്യടക്കി വെച്ചിരിക്കുകയാണ്. പ്രധാനകവാടത്തിനുമുന്‍പില്‍ ഇടതുവശത്തായി ടിക്കറ്റ് കൗണ്ടര്‍. ഒരു ഗുഹാക്ഷേത്രം സഞ്ചരിക്കുവാന്‍ പത്ത് രൂപയാണു ചാര്‍ജ്. തണല്‍മരങ്ങളെയും പിന്നിട്ട് പച്ചവിരിച്ച പുല്‍ത്തകിടികള്‍ക്ക് ഇടയിലുള്ള നടപ്പാതയിലൂടെ കാലം കരുതിവെച്ച വിസ്മയ കാഴ്ച്ചകളിലേക്ക് പതിയെ ഞാന്‍ നീങ്ങി. നിരയൊപ്പിച്ച് നട്ടുപിടിപ്പിച്ചിരിക്കുന്ന ചെടികള്‍. മനോഹരമായി പരിപാലിച്ചു പോരുന്ന ഉദ്യാനം. ചിത്രങ്ങളും ശില്‍പവേലകളും നിറഞ്ഞ ഈ ക്ഷേത്രസമുച്ചയങ്ങള്‍ ചരണാദ്രി മലനിരകളുടെ ചെങ്കുത്തായഭാഗം തുരന്നുണ്ടാക്കിയതാണ്. ഏകദേശം രണ്ടു കിലോമീറ്ററോളം ദൂരത്തിനുള്ളിലായ് മുപ്പത്തിനാലു ഗുഹാക്ഷേത്രങ്ങള്‍. കാലഘട്ടത്തിന്റെ മതമൈത്രി വിളിച്ചോതുമ്പോലെ ആദ്യ പന്ത്രണ്ട് ഗുഹകള്‍ ബുദ്ധക്ഷേത്രങ്ങള്‍.
പതിമൂന്ന് മുതല്‍ 29 വരെ ഹൈന്ദവക്ഷേത്രങ്ങളും മുപ്പത് മുതല്‍ മുപ്പത്തിനാലു വരെ ജൈനക്ഷേത്രങ്ങളുമാണ്. അഞ്ചാം നൂറ്റാണ്ട് മുതല്‍ പത്താം നൂറ്റാണ്ട് വരെയുള്ള കാലയളവില്‍ രാഷ്ട്രകൂടരാണു ചരിത്രസ്മാരകങ്ങളായ എല്ലോറാ ഗുഹാക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചത്. ഉദ്യാനവും പിന്നിട്ട് നടന്നുകയറിയത് ഒറ്റശിലയില്‍ തീര്‍ത്ത പ്രസിദ്ധമായ കൈലാസനാഥക്ഷേത്രത്തിലേക്ക്. കൈലാസപര്‍വ്വതത്തെ അനുസ്മരിപ്പിക്കും വിധം പ്രൗഡിയോടെ നിലകൊള്ളുന്ന പതിനാറാമത്തെ ഗുഹാക്ഷേത്രമായ കൈലാസനാഥക്ഷേത്രം തന്നെയാണ് എല്ലോറ ക്ഷേത്രങ്ങളില്‍ ഏറ്റവും വലുത്. ക്ഷേത്ര നിര്‍മ്മാണത്തില്‍ രചനാപരമായി ആര്യ ശൈലിയാണു അവലംബിച്ചിരിക്കുന്നത് എന്നതും മറ്റു ഗുഹാ ക്ഷേത്രങ്ങളില്‍ നിന്നും ഇതിനെ വിഭിന്നമാക്കുന്നു
ചാലൂക്യഭരണകാലത്ത് നിര്‍മ്മിച്ച വിരൂപാക്ഷക്ഷേത്രവുമായി ഏറെ സമാനതകള്‍ പുലര്‍ത്തുന്ന ഒരുക്ഷേത്രമാണിത്. ശില്‍പ ചാരുതി നിറഞ്ഞ കൈലാസ ഗുഹാക്ഷേത്രത്തിന്റെ ഉള്ളിലേക്ക് കടന്നാല്‍ ആദ്യമെത്തുന്നത് നന്ദീമണ്ഡപത്തിനരികിലാണ്. നടുത്തളത്തിലായി തലയുയര്‍ത്തി നില്‍ക്കുന്ന രാഷ്ട്രകൂടരാജാക്കന്മാരുടെ രാജാധിപത്യം വിളിച്ചോതുന്ന സ്മരസ്തംഭം. അരികിലായ് കല്ലില്‍കൊത്തിയ ആനയുടെ രൂപം. മുഗള്‍ ഭരണകാലത്ത് രാജവാഴ്ചയുടെ ആക്രമണങ്ങളിലും അടിച്ചമര്‍ത്തലില്‍ നഷ്ടമായതോ കാലപ്പഴക്കത്താല്‍ നശിച്ചതോ എന്നറിയില്ല ഗജവീരനു തുമ്പികൈ നഷ്ടമായിട്ടുണ്ട്. വ്യക്തമായ ഉദ്ദേശലക്ഷ്യങ്ങളോടെ ഒരു വന്‍പാറ തുരന്നാണു ഈ മഹാത്ഭുതം വരും തലമുറയ്ക്കായ് ഒരുക്കിയിരിക്കുന്നത് എന്നകാര്യം ആരെയും ഒന്നു വിസ്മയിപ്പിക്കും. ഏകദേശം നൂറുവര്‍ഷങ്ങളോളം നീണ്ട ഇരുനൂറോളം ശില്‍പിമാരുടെ ഏകാഗ്ര തപസ്യയുടെ ഫലം. രഥത്തിന്റെ ആകൃതിയിലാണ് ക്ഷേത്ര സമുച്ചയം വിഭാവനം ചെയ്തിരിക്കുന്നത്. ശിവനാണ് ഇവിടെയും പ്രതിഷ്ഠ. അടിത്തറയിലായി രഥം വലിച്ചുകൊണ്ട് പോകുന്ന ആനയുടെയും സിംഹത്തിന്റെയും രൂപങ്ങള്‍ കല്ലില്‍ കൊത്തിവെച്ചിരിക്കുന്നു.
ചുറ്റോടുചുറ്റും തൂണുകളാല്‍ താങ്ങിനിര്‍ത്തപ്പെട്ട ഇടനാഴികള്‍. ശില്‍പികളുടെ കലാവിരുതുകള്‍ അനായാസം വിളിച്ചോതുന്ന വര്‍ണ്ണാലങ്കൃതമായ ചുവരുകളും മേല്‍ത്തട്ടുകളും. സര്‍ഗ്ഗവൈഭവം തുടിക്കുന്ന മുദ്രകളാല്‍ ജീവസ്സുറ്റ ശില്‍പങ്ങള്‍ നിറഞ്ഞ ഗുഹാന്തര്‍ഭാഗങ്ങള്‍. കാഴ്ചകള്‍ക്ക് സ്മൃതിഭംഗം വരുമെന്ന ഭയത്താലാണോ അതോ കൗതുകകാഴ്ചകളുടെ അടയാളപ്പെടുത്തലുകളായാണോ എന്നറിയില്ല ചുറ്റിനും ചിത്രം പകര്‍ത്തുന്ന തിരക്കിലാണ് സഞ്ചാരികള്‍. ഒരു പക്ഷേ കാഴ്ച്ചകള്‍ ആസ്വദിക്കുന്നതിനുമപ്പുറം. സ്‌കൂളുകളില്‍ നിന്നും മറ്റും വിനോദസഞ്ചാരത്തിനായെത്തിയ കുട്ടികളില്‍ ചരിത്രാന്വേഷിയുടെ കൗതുകഭാവമാണ് കാണാന്‍ കഴിയുക. എന്നിലെ കുട്ടിയും മെല്ലെ പുറത്തു ചാടുകയായിരുന്നു. ഞാനും അവരോടൊപ്പം കണ്ണുകള്‍ വിടര്‍ത്തി കൗതുകം വിടാതെ നടക്കുകയും നിറകാഴ്ചകള്‍ പകര്‍ത്തുകയും ചെയ്തു. ചില കുസൃതികുരുന്നുകള്‍ കര്‍ക്കശക്കാരനായ അധ്യാപകന്റെ കണ്ണുവെട്ടിച്ച് ചില വികൃതികളും കാണിക്കുന്നുണ്ട്. പ്രായം നമ്മിലെ നിഷ്‌കളങ്കതയും കൗതുകങ്ങളും കവര്‍ന്നെടുക്കുന്നു.
ചുമരുകളില്‍ ആഖ്യാനശിലാചിത്രങ്ങളായി ശിവനും ഭൂതഗണങ്ങളും, കൈലാസമുയര്‍ത്തുന്ന രാവണനും, ശിവപാര്‍വതി പരിണയവുമെല്ലാം നിറഞ്ഞിരിക്കുന്നു. രാവണന്റെ മുഖത്തെ രൗദ്രഭാവവും, പാര്‍വതിയുടെ അലസമായ വേഷവിധാനവുമെല്ലാം എത്ര തന്മയത്വത്തൊടെ, സര്‍ഗാത്മകമായിട്ടാണ് ശിലയില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. കല്‍ത്തൂണുകള്‍ നിറഞ്ഞ ഇടനാഴികളും വാതായനങ്ങളും പിന്നിട്ട് മുകളിലെത്തുമ്പോള്‍ ഗംഗയേയും യമുനയേയും സരസ്വതിയേയും പ്രതിനിധാനം ചെയ്യുന്ന ബിംബങ്ങള്‍. താമരപ്പൂവില്‍ ഇരിക്കുന്ന സരസ്വതീ ദേവി അറിവിനെയും ആമയുടെ മുകളിലായിരിക്കുന്ന യമുനാദേവി ഭക്തിയേയും മുതലയുടെ മുകളിരിക്കുന്ന രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഗംഗാദേവി പരിശുദ്ധിയേയും സൂചിപ്പിക്കുന്നു എന്നാണ് വിശ്വാസം. ബഹുപുരുഷ ബഹുസ്ത്രീ ബന്ധങ്ങള്‍, കാമസൂത്ര ആസ്പദമാക്കിയുള്ള ശില്‍പ വിന്യാസങ്ങള്‍ അങ്ങനെ കാലം പ്രാകൃതമെന്നു വിലയിരുത്തുന്ന, തരിശ്ശും അശ്ലീലചുവയില്ലാതെ നിലകൊള്ളുന്ന ശില്‍പാവിഷ്‌കാരത്തിന്റെ സ്ത്രീപുരുഷഭാവങ്ങള്‍ നിറഞ്ഞ ചുമരുകള്‍.
കാലപ്പഴക്കത്തില്‍ അല്ലറ ചില്ലറ കേടുപാടുകള്‍ വന്നിട്ടുണ്ടെങ്കിലും ഭംഗിയൊട്ടും നഷ്ടപ്പെടാതെ ഇന്നും ചരിത്രത്തിന്റെ തിരുശേഷിപ്പുകളായി ഈ ഒറ്റശിലാശില്‍പങ്ങള്‍ നിലകൊള്ളുന്നു. എത്രകണ്ടാലും മതിവരാത്ത കാഴ്ചകളാണ് ഇവിടെ കാലം ബാക്കിവെച്ചിരിക്കുന്നത്. പ്രത്യേക ആകര്‍ഷണങ്ങള്‍ ഒന്നും തന്നെ ഇല്ലാതെ ഗുഹ13. പ്രത്യക്ഷാല്‍ തോന്നാത്തതോ അതോ കാലപ്പഴക്കത്താല്‍ നശിച്ചതോ എന്നറിയില്ല. വൈഷ്ണവവിശ്വാസവുമായി ബന്ധപ്പെട്ട് ആഖ്യാനചിത്രങ്ങളാല്‍ നിറഞ്ഞ ചുവരുകളാണ് ഗുഹാക്ഷേത്രം14 ല്‍. വിഷ്ണുവിന്റെ പത്തവതാരങ്ങളുടെ വിവിധഘട്ടങ്ങളെ അനുക്രമമായി ചിത്രീകരിക്കുന്ന ചിത്രശിലാപരമ്പരകള്‍. രാവണ്‍കാഖായ് എന്നും ഈ ഗുഹ അറിയപ്പെടുന്നു. സാമ്രാജ്യഭരണകാലഘട്ടത്തിലെ വിവരണം ആലേഖനം ചെയ്തിട്ടുണ്ട്. ചില ഭാഗങ്ങളൊക്കെ ചെറുതായി നശിച്ചിട്ടുണ്ട്. ശില്‍പ ഭാഷയണിഞ്ഞ രാമായണത്തിലെയും മഹാഭാരതത്തിലെയും ഏടുകള്‍, സംഹാരതാണ്ഡവമാടുന്ന ശിവന്‍ അങ്ങനെ ചാരുതയും ഗാംഭീര്യവുമുള്ള വിഗ്രഹങ്ങളുടെ നിര നീളുന്നു.
https://www.facebook.com/Malayalivartha