ദേശാടനക്കിളികളുടെ പറുദീസയായ ഒഡിഷയിലെ മംഗലജോതി

യാത്രകള്‍ എല്ലായിപ്പോഴും അങ്ങനെയാണു. മനസിനെ കുളിരണിയിച്ച് കാഴ്ച്ചയുടെ നിറവസന്തമൊരുക്കി നമ്മളെ ആനന്ദലഹരിയില്‍ ആറാടിക്കും. ഇന്ത്യയിലെ ഏറ്റവും വിസ്തൃതമായ ലവണഭൂമിയായ മംഗളജോതിയിലേക്കുള്ള യാത്ര അപ്രതീക്ഷിതവും അവിശ്വസനീയവുമായ അനുഭവമാണു പകര്‍ന്നു നല്‍കുക. കാഴ്ച്ചയുടെ പുത്തന്‍ ഭാവങ്ങളുമായി സഞ്ചാരികളെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുന്ന ചില്‍ക പരിസ്ഥിതി ടൂറിസത്തിനു ഏറെ പ്രാധാന്യമുള്ള മേഖലയാണ്. വര്‍ഷാവര്‍ഷം പരിസ്ഥിതിപ്രേമികളായ സഞ്ചാരികളുടെ വലിയ നിരതന്നെ ഇവിടേക്ക് എത്താറുണ്ട്.
ഭുവനേശ്വര്‍ വരെ ട്രെയിനില്‍. മുന്‍ കാഴ്ച്ചകളെ അപേക്ഷിച്ച് ജാലക കാഴ്ച്ചകള്‍ വ്യത്യസ്തമാണ്. കാലാവസ്ഥയ്‌ക്കൊപ്പം ഒരോ ദേശത്തിന്റെയും മുഖഛായ തന്നെ മാറുന്നു. കൊയ്ത്ത് കഴിഞ്ഞ പാടങ്ങള്‍ , വേനല്‍ച്ചൂടില്‍ ഉണങ്ങി വാടി വാര്‍ദ്ധക്യഭാവത്തിലെത്തി നില്‍ക്കുന്ന കാര്‍ഷിക വിളകള്‍.ഇടയ്ക്കിടെ മിന്നിമറയുന്ന പച്ചപ്പ് .തീവണ്ടിപ്പാളത്തിനകലെ നിരയൊത്ത് നിലം പൊത്തി പണിതിരിക്കുന്ന ചെറു കൂരകള്‍.വേറിട്ട സംസ്‌കാരങ്ങള്‍ വേഗജീവിതങ്ങള്‍ അങ്ങനെ അങ്ങനെ തീവണ്ടിവേഗത്തിനൊപ്പം കാഴ്ചകളും നൊടിയിടയില്‍ മിന്നി മറയുന്നു.
ഭുവനേശ്വറില്‍ നിന്നും ഏകദേശം ഒരു മണിക്കൂറോളം യാത്രയുണ്ട് ഗ്രാമീണതയുടെ നൈര്‍മ്മല്യം വിളിച്ചോതുന്ന മംഗലജോതിയിലേക്ക്. ഒഡിഷയിലെ ഹോര്‍ദ്ദ ജില്ലയിലെ ഒരു ചെറിയ ഗ്രാമം ആണു മംഗലജോതി. വഴിയരുകില്‍ നിരയൊത്ത് നില്‍ക്കുന്ന മുളങ്കാടുകളാണു സഞ്ചാരികളെ ഗ്രാമത്തിലേക്ക് സ്വാഗതമോതുന്നത്. അങ്ങിങ്ങായി കൃഷിയിടങ്ങള്‍. ചെറു വീടുകള്‍.വഴിയരികിലൂടെ കുടവും തലയിലേന്തി പോകുന്ന ഗ്രാമീണവനിതകള്‍ വേനല്‍ക്കാലയാത്രയിലെ നിത്യ കാഴ്ച്ചകളാണ്.
മംഗലജോതി എത്തിയപ്പോഴേക്ക് കാഴ്ച്ചയുടെ രൂപവും ഭാവവും പാടെ മാറി. പരമ്പരാഗത കൃഷിരീതികള്‍ പിന്തുടരുന്ന ഗ്രാമീണരുടെ പ്രധാന കുടില്‍ വ്യവസായം മുളകൊണ്ടുള്ള കരകൗശല വസ്തുക്കളുടെ നിര്‍മ്മാണവും വിപണനവുമാണു.പ്രായഭേദമന്യേ കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ വഴിയോരക്കച്ചവടത്തില്‍ സജീവമായിരിക്കുന്നു.
മുളകൊണ്ടാണു മിക്ക കോട്ടേജുകളും നിര്‍മ്മിച്ചിരിക്കുന്നത്. മുളകൊണ്ടുള്ള കോട്ടേജിലെ വാസം ചൈനയിലെ ഗോത്രവംശജരുടെ പൗരാണിക ഗ്രാമത്തിന്റെ പ്രതീതിയുളവാക്കും. പുലര്‍ച്ചെ കനത്ത നിശബ്ദത വിതയ്ക്കുന്ന ഗ്രാമീണ വഴികള്‍ പിന്നിട്ടാല്‍ പിന്നെ യാത്രയുടെ ലഹരിയില്‍ നമ്മളറിയാതെ ലയിച്ചുപോകും. മുളങ്കാടുകളില്‍ ഉല്ലാസത്തോടെ സംഗീതമോതുന്ന കാട്ടു പറവകള്‍.അതിനു താളം പിടിച്ചുകൊണ്ടുള്ള ഇലയനക്കങ്ങള്‍. മുന്‍പോട്ട് പോകുംതോറും കാഴ്ച്ചയുടെ വിസ്മയ ലോകം തന്നെയാണു പ്രകൃതി കാത്ത് വെച്ചിരിക്കുന്നത്.
ചുറ്റിനും വെള്ളത്താല്‍ പരന്നു കിടക്കുന്ന പ്രദേശം. ചതുപ്പ് നിലങ്ങള്‍, അങ്ങിങ്ങായി ഉയര്‍ന്നു നില്‍ക്കുന്ന ചെറിയ പുല്‍ച്ചെടികള്‍ . വെള്ളത്തില്‍ ആര്‍ത്തുല്ലസിക്കുന്ന വിവിധയിനം പക്ഷികള്‍. കാഴ്ച്ചകളും ആസ്വദിച്ച് മംഗലജ്യോതിയുടെ അപൂര്‍വ്വതകള്‍ തേടിയുള്ള യാത്ര അവസാനിക്കുന്നത് ചില്‍ക ലേയ്കിലാണ്.
കോടമഞ്ഞിന്റെ ആലസ്യത്തില്‍ അമര്‍ന്നുകിടക്കുന്ന ചില്‍കയ്ക്ക് സമാനതകളില്ലാത്തൊരു സുന്ദരിയുടെ ഭാവമാണ്. സഞ്ചാരികളെ ചില്‍കയുടെ സുന്ദരദൃശ്യങ്ങളിലേയ്ക്ക് കൂടുതല്‍ ആഴത്തിലെത്തിക്കാന്‍ കെട്ടുവള്ളങ്ങളും ചെറിയ ബോട്ടുകളും തീരത്ത് കാത്തു കിടക്കുന്നുണ്ടാവും. കാല്‍പനികമായ ഓര്‍മ്മകളുണര്‍ത്തും കെട്ടുവള്ളത്തിലെ യാത്രയില്‍ അല്‍പസമയം കിളികളുടെ സംഗീതങ്ങള്‍ക്കായി മനസ്സ് തുറന്നുകൊടുക്കാം.പരദൂഷണം പറയാന്‍ പക്ഷികളും മോശക്കാരല്ല ! ചുറ്റിനും കാതടപ്പിക്കുന്ന കിളികളുടെ കളകളാരവങ്ങള്‍ മാത്രം. ഒറ്റയ്ക്കും കൂട്ടമായും ചുറ്റുപാടുകളെ ശ്രദ്ധിക്കാതെ അവ ആസ്വദിച്ച് ഇരതേടലില്‍ വ്യാപൃതരായിരിക്കുന്നു. പായല്‍ പരപ്പുകളോട് ചേര്‍ന്ന് നില്‍ക്കുന്ന ചെറു പുല്‍നാമ്പുകള്‍, ചെറു പ്രാണികള്‍, ചെറു മീനുകള്‍, ഇവയൊക്കെയാണു ഇഷ്ട ഭക്ഷണം.
ചില്‍ക ലേയ്ക്കും ബെ ഓഫ് ബംഗാളും തമ്മില്‍ അറുപത് മീറ്ററോളം നീളമുള്ള ഒരു ചാലുമായി ബന്ധിപ്പിച്ചിരിക്കുന്നത്രേ. ചെറുദ്വീപുകളും കടല്‍ത്തീരവും ചേര്‍ന്ന ചില്‍ക; പുരി ,ഖുര്‍ദ്ദ ,ഗഞ്ജാം എന്നീ തീരദേശ ജില്ലകളിലായി വ്യാപിച്ച് കിടക്കുന്നു. വൈവിധ്യമാര്‍ന്ന പ്രകൃതി സമ്പത്തിനാല്‍ സമ്പന്നമാണ് ഇവിടം.രംഭബേ , ബേക്കണ്‍ , ബ്രേക്ഫാസ്റ്റ് ,ഹണിമൂണ്‍ , എന്നിങ്ങനെ അറിയപ്പെടുന്ന ചുറു ദ്വീപുകള്‍ ചില്‍കയിലുണ്ട്.ഡോള്‍ഫിനുകളുടെ കലവറയായിരുന്ന സത്പദ ആയിരുന്നു അതിലേറ്റവും പ്രസിദ്ധവും മനോഹരവും.ഇന്ത്യയിലെ ഏറ്റവും വലിയ ലവണഭൂമിയായ ചില്‍ക ലേയ്ക്ക് 740 കിലോമീറ്ററോളം വിസ്തീര്‍ണ്ണത്തില്‍ വ്യാപിച്ച് കിടക്കുന്നു. വാട്ടര്‍ ലഗൂണ്‍ ടൂറിസത്തിന്റെ അനന്ത സാധ്യതകളിലേയ്ക്ക് വാതായനങ്ങള്‍ തുറക്കുന്ന ചില്‍ക ദേശാടനക്കിളികളുടെ പറുദീസ കൂടിയാണ്. വര്‍ഷാ വര്‍ഷം അനവധി ദേശാടനക്കിളികള്‍ ഇവിടേക്ക് വിരുന്നിനെത്തുന്നു. ശൈത്യകാല ശീതളിമയിലാണു അവയില്‍ കൂടുതലെണ്ണവും ഇവിടെ കാണാറുള്ളത് .അര്‍ദ്ധ ദ്വീപിന്റെ സ്വഭാവമുള്ള ചില്‍കയില്‍ സ്ഥിരവാസികളും ദേശാടനക്കിളികളുമുള്‍പ്പടെ ഏകദേശം 200 ഓളം വിഭാഗത്തില്‍ പെട്ട പക്ഷികളെ കാണാറുണ്ട് ഞാരപക്ഷി ,തൂവെള്ളയും ചാരയും നിറമുള്ള കൊക്കുകള്‍ കിംഗ് ഫിഷര്‍ ,ഗള്‍ എന്നിങ്ങനെ തുടങ്ങി പേരറിയാത്ത അനവധി പക്ഷികള്‍..
സമൃദ്ധിക്കൊപ്പം മനോഹാരീതയും നിറഞ്ഞു നില്‍ക്കുന്ന ചില്‍ക കാഴ്ച്ചയിലങ്ങനെ നിറഞ്ഞു നില്‍ക്കുന്നു. പക്ഷികള്‍ക്ക് മാത്രമായൊരു ലോകം. അത് പൂര്‍ണ്ണമായി വരികളില്‍ ,വാക്കുകളില്‍ വരച്ചുകാട്ടുക അസാദ്ധ്മാണ്. ഹൃദയതാളത്തിന്റെ ഈണത്തില്‍ പറന്നുയരുന്ന പക്ഷികള്‍ , ആകാശത്ത് ചടുലതയോടെ നൃത്തം ചെയ്യുന്നു. ചിറകുകള്‍ വീശി ചിത്രം വരയ്ക്കുന്നു.
ഗ്രാമീണതയുടെ ചരിത്രവും പൈതൃകവും കാത്ത് സൂക്ഷിക്കുന്ന മംഗലജോതി വിരുന്നുകാരായെത്തുന്ന ദേശാടനക്കിളികളുടെ മാത്രമല്ല , അനവധി കലാസാംസ്‌കാരിക തനിമയുടെ ഇടം കൂടിയാണു. ചൈത്രമാസത്തില്‍ അരങ്ങേറുന്ന ദന്ധയാത്ര ആണു അതില്‍ പ്രസിദ്ധം. കലിംഗ സാമ്രാജ്യത്തിന്റെ പ്രാചീന ഉത്സവം കൂടിയാണു ഇത്. ഒഡിഷന്‍ ഗോത്രവിഭാഗക്കാര്‍ ഇപ്പോഴും ഒരു ആചാരമായി ഈ ഉത്സവം പിന്തുടര്‍ന്നു പോരുന്നു. ചൈത്ര വൈശാഖമാശങ്ങളിലായി നീണ്ടു നില്‍ക്കുന്ന ഈ ഉത്സവത്തിന്റെ ആദ്യപകുതി ശിവപ്രസാദവും രണ്ടും മൂന്നും പകുതിയില്‍ ദേവീ ഭക്തിയും അലി പൂജയും പ്രതിനിധാനം ചെയ്യുന്നു.
ചടുലതയാര്‍ന്ന നൃത്തച്ചുവടുകളോടെ ആരംഭിക്കുന്ന ദന്ധയാത്രയില്‍ ഗ്രാമീണര്‍ എല്ലാം മറന്നു ആര്‍ത്തുല്ലസിക്കുന്നു. നര്‍ത്തകരെ ദന്ധാസ് എന്നാണു വിളിക്കുന്നത്. പെറുമ്പറകൊട്ടുന്ന ഒച്ചയിലുള്ള വാദ്യമേളങ്ങളോടെ ശിവനായും കലിയായുമെല്ലാം രൂപ ഭാവ വേഷവിധാനങ്ങളോടെ താന്ധവ നൃത്ത ലഹരിയിലാണു എല്ലാവരും. ദന്ധാസ് വ്രതം എടുത്തിട്ടാണു നൃത്തം ചെയ്യാറുള്ളതത്രെ. 13 ,18,21 എന്നിങ്ങനെയാണു ഉത്സവ കാലയളവ്. ഇഷ്ടദേവി തരാതരിണിയെ സന്തുഷ്ട ആക്കാന്‍ വേണ്ടിയാണു കലിംഗാ രാജവംശം ഈ ഉത്സവം ആരംഭിച്ചത് എന്നും വിശ്വാസമുണ്ട്. വ്യത്യസ്തവും വിശിഷ്ടവുമായ ആചാരാനുഷ്ടാനങ്ങളുടെ സംയോജന രീതിയായ ദന്ധയാത്ര ആ ജനതയുടെ സംസ്‌കാരത്തിലേക്കും പൈതൃകത്തിലേക്കും സഞ്ചാരികളെ കൈപിടിച്ചാനയിക്കുന്നു.
https://www.facebook.com/Malayalivartha