സൗന്ദര്യത്തിന്റെ കലവറയായ വെള്ളച്ചാട്ടങ്ങള്‍ കാഴ്ചയുടെ വസന്തമൊരുക്കുന്ന കുടക്

മഞ്ഞു മൂടിയ മലനിരകളാലും പച്ച പുതച്ച താഴ്‌വാരങ്ങളാലും ചുറ്റപ്പെട്ട കുടക് ജില്ല അഴകിന്റെ നിറകുടമാണ്. മഴക്കാലമായാല്‍ കുടകിന്റെ അഴകും സൗന്ദര്യവും പതിന്മടങ്ങ് വര്‍ധിക്കും. മലനിരകളില്‍നിന്നു താഴേക്കു പതിച്ച് എങ്ങും സൗന്ദര്യത്തിന്റെ കലവറയൊരുക്കുന്ന വെള്ളച്ചാട്ടങ്ങളാണ് കുടകില്‍ കാഴ്ചയുടെ വസന്തമൊരുക്കുന്നത്. മഴക്കാലത്തെ കുടകിന്റെ സൗന്ദര്യമാണ് ഈ കാനനസുന്ദരികള്‍. ഇങ്ങനെ നിരവധി വെള്ളച്ചാട്ടങ്ങളാണ് കുടക് മലനിരകളിലെങ്ങും കണ്ടുവരുന്നത്.
മേഘങ്ങള്‍ തഴുകുന്ന പച്ച പുതച്ച പശ്ചിമഘട്ട മലനിരകളില്‍ അങ്ങിങ്ങായി വെളുത്ത വരകള്‍ പോലെ ഒഴുകിയെത്തുന്ന ചെറിയ ചാലുകളും നദികളുടെ കൈവഴികളും പുഴകളും കുതിച്ചിറങ്ങിയാണ് കുടകിലെങ്ങും മനം മയക്കുന്ന വെള്ളച്ചാട്ടങ്ങള്‍ രൂപപ്പെടുന്നത്. കുടകിന്റെ വിനോദസഞ്ചാര മേഖലയിലെ പ്രധാന ആകര്‍ഷണമാണ് ഈ വെള്ളച്ചാട്ടങ്ങള്‍.
സഞ്ചാരികളെ മാടി വിളിക്കുന്ന അബ്ബി വെള്ളച്ചാട്ടം, മല്ലള്ളി വെള്ളച്ചാട്ടം, ഇര്‍പു വെള്ളച്ചാട്ടം, ചേലാവര വെള്ളച്ചാട്ടം ഇങ്ങനെ പട്ടിക നീളുന്നു. കുടകിന്റെയും ദക്ഷിണ കന്നഡ ജില്ലയുടെയും അതിര്‍ത്തിയായ തൊടിക്കാനയിലെ ദേവറഗുണ്ടി വെള്ളച്ചാട്ടം ഉള്‍പ്പെടെ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ നിരവധി വെള്ളച്ചാട്ടങ്ങളുടെ ലോകം തന്നെ ഇവിടെയുണ്ട്.
മടിക്കേരി നഗരത്തിനടുത്ത അബ്ബി ഏറെ പ്രസിദ്ധമാണ്. മടിക്കേരി ടൗണില്‍നിന്നു മലഞ്ചെരിവിലൂടെ ഏഴു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അബ്ബി വെള്ളച്ചാട്ടം കാണാം. 70 അടി ഉയരത്തില്‍നിന്നു കുതിച്ചു ചാടുന്ന അബ്ബി വിസ്മയം തീര്‍ക്കുന്നു. സമീപത്തെ തൂക്കുപാലവും സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നു. മഴയും പ്രകൃതിയും സൗന്ദര്യത്തിന്റെ കാണാക്കാഴ്ചയുടെ നിറച്ചെപ്പ് തുറക്കുന്ന അബ്ബി വെള്ളച്ചാട്ടം കുടകിലെത്തുന്ന സഞ്ചാരികള്‍ക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്.
കുടകിലെ മനോഹരമായ വെള്ളച്ചാട്ടങ്ങളിലൊന്നാണു സോമവാര്‍പേട്ടയിലെ മല്ലള്ളി. പശ്ചിമഘട്ട മലനിരകളിലെ പുഷ്പഗിരി കുന്നുകളില്‍നിന്നു കുമാരധാരാ നദി 200 അടി ഉയരത്തില്‍നിന്ന് അഗാധത്തിലേക്കു പതിക്കുമ്പോള്‍ രൂപപ്പെടുന്ന മല്ലള്ളി വെള്ളച്ചാട്ടത്തിന്റെ കാഴ്ച ആരെയും കോരിത്തരിപ്പിക്കും. കുടകിലെ ഏറ്റവും മനോഹരവും ഉയരം കൂടിയതുമായ വെള്ളച്ചാട്ടം കൂടിയാണു മല്ലള്ളി. സോമവാര്‍പേട്ടയില്‍നിന്നു 24 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ മല്ലള്ളി വെള്ളച്ചാട്ടത്തിലെത്താം. മനം മയക്കുന്ന പ്രകൃതി സൗന്ദര്യവും പുഷ്പഗിരി മലനിരകളുടെ മനോഹാരിതയും ആസ്വദിച്ചു മടങ്ങാം എന്നതു മല്ലള്ളി വെള്ളച്ചാട്ടത്തിന്റെ പ്രത്യേകതയാണ്.
പ്രകൃതി ഒരുക്കിയ മനോഹരമായ കാന്‍വാസാണ് കുടക് ശ്രീമംഗലയ്ക്കടുത്ത ഇര്‍പു വെള്ളച്ചാട്ടം. കാവേരിനദിയുടെ കൈവഴിയായ ലക്ഷ്മണതീര്‍ഥ മലനിരകളില്‍ ഉദ്ഭവിച്ച് ഒഴുകിയെത്തി 170 അടി താഴ്ചയിലേക്കു പതിക്കുന്ന അതിമനോഹര കാഴ്ചയാണ് ഇര്‍പു വെള്ളച്ചാട്ടം. ഇതിനു സമീപത്തെ രാമേശ്വരക്ഷേത്രവും പ്രശസ്തമാണ്. മടിക്കേരിയില്‍നിന്ന് 75 കിലോമീറ്ററും വിരാജ്‌പേട്ടയില്‍നിന്ന് 48 കിലോമീറ്ററും യാത്ര ചെയ്താല്‍ ഇര്‍പുവിലെത്താം. ശ്രീമംഗല, കുട്ട എന്നിവിടങ്ങളില്‍നിന്നു വെറും 10 കിലോമീറ്റര്‍ മാത്രം അകലെയാണ് ഇര്‍പു.
കുടകില്‍ മഴക്കാലത്തു പ്രകൃതി ഒരുക്കുന്ന അതിമനോഹര കാഴ്ചയാണു ചെയ്യണ്ടാണെ ഗ്രാമത്തിലെ ചേലാവര വെള്ളച്ചാട്ടം. വിശാലമായ പാറക്കെട്ടിലൂടെ ഒഴുകിയെത്തുന്ന വെള്ളം 150 അടി ഉയരത്തില്‍നിന്നു 50 അടി താഴ്ചയുള്ള കുഴിയിലേക്കു പതിച്ച് നുരഞ്ഞൊഴുകി കാഴ്ചയുടെ ദൃശ്യ വിരുന്നൊരുക്കുന്നു ഈ വെള്ളച്ചാട്ടം. മടിക്കേരിയില്‍നിന്നു 43 കിലോമീറ്ററും വീരാജ്‌പേട്ടയില്‍നിന്നു തലക്കാവേരി റോഡില്‍ 23 കിലോമീറ്ററും ദൂരമുണ്ട് ചേലാവര വെള്ളച്ചാട്ടത്തിലെത്താന്‍. കക്കബെയില്‍നിന്നു 13 കിലോമീറ്റര്‍ മാത്രം അകലെയാണു വെള്ളച്ചാട്ടം.
ദക്ഷിണ കന്നഡ ജില്ലയുടെയും കുടകിന്റെയും അതിര്‍ത്തിയില്‍ കണ്ടുവരുന്ന കാനനസുന്ദരിയാണു ദേവറഗുണ്ടി വെള്ളച്ചാട്ടം. കാട്ടില്‍നിന്ന് ഒഴുകിവരുന്ന ഉറവ വലിയ പാറക്കെട്ടുകളില്‍നിന്നു പാല്‍നുര പോലെ ഒഴുകി വലിയ കുഴിയിലേക്കു പതിക്കുന്ന ദേവറഗുണ്ടി ഫാള്‍സ് മഴക്കാലത്തു ശരിക്കും തന്റെ വിശ്വരൂപം പ്രദര്‍ശിപ്പിക്കുന്നു. മുകളില്‍നിന്നു പതിക്കുന്ന വെള്ളം പാല്‍നുര പോലെ കാണപ്പെടുന്നു. ജലകണങ്ങള്‍ പഞ്ഞി പോലെ പറന്ന് സഞ്ചാരികളെ പൊതിയും. തൊടിക്കാനം മല്ലികാര്‍ജുന ക്ഷേത്രത്തില്‍നിന്നു രണ്ടു കിലോമീറ്റര്‍ അകലെ വനാതിര്‍ത്തിയിലാണു ദേവറഗുണ്ടി വെള്ളച്ചാട്ടം. സുള്ള്യയില്‍നിന്നു 15 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ദേവറഗുണ്ടിയിലെത്താം.
ഇതു കൂടാതെ കുന്നിന്‍ചെരിവുകളിലും പാതയോരങ്ങളിലും വനത്തിലും മറ്റുമായി കാണപ്പെടുന്ന നിരവധി ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങളും മഴക്കാലത്തു കുടകിന്റെ മടിത്തട്ടിനെ മനോഹരമാക്കുന്നു. കുടകിന്റെ പ്രകൃതിയില്‍ മഴയുടെ നിറഭേദങ്ങള്‍ അഴകു ചാര്‍ത്തുന്നത് അപൂര്‍വ കാഴ്ചയാണ്. മഴക്കാലത്ത് ഇവിടെയെത്തിയാല്‍ മഴയുടെ ഈ വര്‍ണചാരുത ആസ്വദിക്കാനാവും. വെളുത്ത പുക മൂടിയ പ്രകൃതിയും നിര്‍ത്താതെ പെയ്യുന്ന ചാറ്റല്‍ മഴയും ഇവിടത്തെ പ്രത്യേകതയാണ്. വേനലില്‍ പച്ച പുതച്ച് നില്‍ക്കുന്ന മലനിരകളും കാപ്പി, ഏലം എസ്‌റ്റേറ്റുകളും മഴ തുടങ്ങിയാല്‍ ഇരുളും പുകയും മൂടി മഴക്കാലത്തിന്റെ വശ്യചാരുത തുറന്നുവയ്ക്കുന്നു. മഴയെ അറിയാനും മഴ ആസ്വദിക്കാനും ഒപ്പം വെള്ളച്ചാട്ടങ്ങളുടെ സൗന്ദര്യം മനം നിറയ്ക്കാനുമായി കുടകിലേക്കു വണ്ടി കയറാം.
കുടകിലെത്തുന്ന സഞ്ചാരികളെ കാത്ത് ഒട്ടേറെ റിസോര്‍ട്ടുകളും ഹോംസ്‌റ്റേകളും ഹോട്ടലുകളുമുണ്ട്. കുടക് മലനിരകളുടെ താഴ്‌വാരത്ത് കാപ്പി, ഏലം എസ്‌റ്റേറ്റിനു നടുവിലും മറ്റുമുള്ള റിസോര്‍ട്ടുകളിലെയും ഹോംസ്‌റ്റേകളിലെയും ഹോട്ടലുകളിലെയും താമസവും കുടകിന്റെ പ്രത്യേക ആഹാരങ്ങളും ഒരിക്കലും മറക്കാത്ത അനുഭവങ്ങള്‍ സമ്മാനിക്കുന്നു. കുടകിനു തനതായ ഭക്ഷണ സംസ്‌കാരവുമുണ്ട്.
പന്തിക്കറിയും (പോര്‍ക്ക്), കടുംബ് (അരിയുണ്ട), അക്കിറൊട്ടി (അരിറൊട്ടി) എന്നിവയാണ് കുടകിലെ പ്രത്യേക ഭക്ഷണം. വ്യത്യസ്തമായ രീതിയില്‍ രുചികരമായി തയാറാക്കുന്ന പന്നിഇറച്ചി വിഭവമാണു പന്തിക്കറി. കുടകരുടെ വീടുകളിലും കല്യാണം തുടങ്ങിയ ചടങ്ങിലും നോണ്‍ വെജിറ്റേറിയന്‍ ഹോട്ടലുകളിലും മറ്റും ഒഴിച്ചുകൂടാനാവാത്ത പ്രധാന മെനുവാണിവ. ലോകത്ത് ഏറ്റവും രുചിയേറിയ പോര്‍ക്ക് കറി കിട്ടുന്നതു കുടകിലാണെന്നു സാക്ഷ്യപ്പെടുത്തുന്നവരും ഉണ്ട്.
ചിക്കന്‍, മട്ടന്‍, മീന്‍ ഉപയോഗിച്ചുള്ള വിവിധതരം ഭക്ഷണങ്ങളും കുടകിലെത്തുന്ന സഞ്ചാരികള്‍ക്കു വ്യത്യസ്തമായ രൂചിക്കൂട്ടൊരുക്കുന്നു. അരിവിഭവങ്ങളാണു കുടകിലെ പ്രധാന ഭക്ഷണം. കടുംബ്, അരിറൊട്ടി എന്നിവയെ കൂടാതെ ചോറ്, പുട്ട്, നൂല്‍പുട്ട്, ചപ്പാത്തി എന്നിവയും കുടകിന്റെ തീന്‍മേശകളെ സമ്പന്നമാക്കുന്നു.
സസ്യഭുക്കുകള്‍ക്കായി വെജിറ്റേറിയന്‍ ഹോട്ടലുകളും ഇവിടെ സുലഭമാണ്. സ്വാദൂറും വിഭവങ്ങളുടെ നീണ്ടനിര തന്നെ മുന്നിലെത്തും. മഴക്കാലത്തു പ്രകൃതിവിഭവങ്ങള്‍ കൊണ്ട് ഉണ്ടാക്കുന്ന ഭക്ഷണവും പ്രശസ്തമാണ്. ചക്ക, മാങ്ങ, മുളന്തണ്ട് എന്നിവ കൊണ്ട് ഉണ്ടാക്കുന്ന കറികളും മറ്റു വിഭവങ്ങളും രുചിയുടെ പുതിയ അനുഭവം പകര്‍ന്നുനല്‍കും. കുടകില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് എല്ലാത്തരം ഭക്ഷണവും ലഭിക്കുന്നു. ഒപ്പം കുടകിന്റെ പ്രകൃതിയില്‍നിന്നു ലഭിക്കുന്ന തേന്‍ നുണഞ്ഞ് കുടകിന്റെ സ്വന്തം കാപ്പിയുടെ രുചിയും നുകര്‍ന്നു മടങ്ങാം.
https://www.facebook.com/Malayalivartha