ശിവക്ഷേത്രമോ അതോ ഷാജഹാന്റെ സ്‌നേഹസമ്മാനമോ?

കാലങ്ങളായി പ്രണയ സ്മാരകമായി നാം കണ്ടിരുന്ന താജ്മഹലും ഇപ്പോൾ വിവാദത്തിൽ പെട്ടിരിക്കുകയാണ്. അല്ലെങ്കിലും നമ്മുടെ നാട്ടിൽ ഇപ്പോൾ പഞ്ഞമില്ലാത്ത ഒന്നാണല്ലോ വിവാദം? അതെന്തായാലും ലോകത്തിലെ ഏറ്റവും വലിയ പ്രണയ സ്മാരകമായ താജ്മഹല്‍ ഇപ്പോൾ 364 വര്‍ഷമാണ് പിന്നിട്ടത്.
ഷാജഹാന്‍ ചക്രവര്‍ത്തി തന്റെ പ്രിയപത്‌നിയായ മുംതാസിന്റെ സ്മരണയ്ക്കായി പണികഴിപ്പിപ്പിച്ചെന്നു വിശ്വസിക്കുന്ന താജ്മഹല്‍ ഒരു ശിവക്ഷേത്രമാണ് എന്നവകാശപ്പെട്ട് ചില ചരിത്രകാരന്‍മാര്‍ രംഗത്തെത്തിയതോടെയാണ് വിവാദത്തിന് തുടക്കമായിരിക്കുന്നത്. യഥാര്‍ഥത്തില്‍ എന്താണ് താജ്മഹല്‍?
യമുനാ നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന താജ്മഹല്‍ ലോകമഹാത്ഭുതങ്ങളില്‍ ഒന്നാണ്. വെണ്ണക്കല്ലില്‍ ആണ് ഈ സ്മാരകം നിര്‍മ്മിച്ചിട്ടുള്ളത്. യുനസ്‌കോയുടെ പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഈ നിര്‍മ്മിതി 1632 മുതല്‍ 1653 വരെയുള്ള കാലഘട്ടത്തില്‍ 22 വര്‍ഷം എടുത്താണത്രെ പൂര്‍ത്തിയാക്കിയത്. ആയിരക്കണക്കിന് ശില്പികളുടെയും കൽപ്പണിക്കാരുടെയും കലാകാരന്‍മാരുടെയും 22 വര്‍ഷത്തെ അധ്വാനത്തിന്റെ ഫലമാണ് നാം ഇന്ന് കാണുന്ന താജ്മഹൽ.
താജ്മഹലിന്റെ പ്രധാന ശില്പി ഉസ്താദ് അഹമ്മദ് ലാഹോറി എന്നയാളാണ്. പേര്‍ഷ്യന്‍, ഓട്ടോമന്‍, ഇന്ത്യന്‍ ഇസ്ലാമിക് വാസ്തുവിദ്യകളുടെ മനോഹരമായ സമന്വയമാണ് ഈ വെണ്ണക്കൽ മന്ദിരം .
അക്കാലത്ത് ഭാരതത്തില്‍ ഉണ്ടായിരുന്ന വിവിധ നിര്‍മ്മിതികളില്‍ നിന്നും പ്രചേദനമുള്‍ക്കൊണ്ട് നിര്‍മ്മിച്ച ഒരു മന്ദിരം കൂടിയാണിത്. ഹുമയൂണിന്റെ ശവകൂടീരം, ഷാജഹാന്റെ ഡെല്‍ഹിയിലെ ജുമാ മസ്ജിദ്, തിമൂര്‍ രാജവംശത്തിന്റെ വാസ്തുവിദ്യ തുടങ്ങിയവയില്‍ നിന്നും നല്ല മാതൃകകള്‍ കടംകൊണ്ടാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍ ഇതിനെ മറ്റുള്ളവയില്‍ നിന്നും വ്യത്യസ്ഥമാക്കുന്നത് വെണ്ണക്കല്ലുകളുടെ ഉപയോഗം തന്നെയാണ്.
മുംതാസിന്റെയും ഷാജഹാന്റെയും കല്ലറ ഉള്‍ക്കൊള്ളുന്നയിടമാണ് താജ്മഹലിന്റെ പ്രധാനഭാഗം. ഇതുതന്നെയാണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷവും. ചതുരാകൃതിയില്‍ ഉയര്‍ത്തിയ ഒരു വിതാനത്തിലാണ് ഈ കുഴിമാടം സ്ഥിതി ചെയ്യുന്നത്. അകത്തേ അറയുടെ താഴെ സമതലത്തിലാണ് ഈ കല്ലറകള്‍ സ്ഥിതി ചെയ്യുന്നത്
സ്‌നേഹത്തിന്റെ സ്മാരകമായി അറിയപ്പെടുന്ന താജ്മഹല്‍ ഒരിക്കല്‍ തേജോമഹാലയം എന്നറിയപ്പെട്ടിരുന്ന മഹാശിവക്ഷേത്രമായിരുന്നുവത്രെ. താജ്മഹല്‍ ഒരു മുഗള്‍ നിര്‍മ്മിതിയല്ലന്നും ഇത് ഷാജഹാന്‍ കൈവശപ്പെടുത്തിയതാണെന്നുമാണ് ചരിത്രകാരന്മാരിൽ ഒരു വിഭാഗം പറയുന്നത്.
ഒരിക്കലും ഒരു ശവകുടീരത്തിന് മഹല്‍ എന്ന പേര് നല്കുകയില്ലെന്നും മഹല്‍ എന്ന വാക്കിന്റെ അര്‍ഥം കൊട്ടാരം എന്നാണെന്നും ഇതിനുവേണ്ടി വാദിക്കുന്നവര്‍ പറയുന്നു.
താജ്മഹലിന്റെപ്രത്യേകതകളിലൊന്നാണ് മനോഹരമായി നിര്‍മ്മിച്ചിരിക്കുന്ന അഷ്ടഭുജങ്ങൾ. എന്നാല്‍ ക്ഷേത്രമാണിതെന്ന് വാദിക്കുന്നവരുടെ പ്രധാന വാദവും ഇതുതന്നെയാണ്. ഹിന്ദു വിശ്വാസമനുസരിച്ച് അഷ്ടഭുജങ്ങൾ അഷ്ടദിക്കുകളെയാണ് സൂചിപ്പിക്കുന്നത്.
പാശ്ചാത്യ ഗവേഷകരുായ ഇ.ബി. ഹാവെല്‍, സര്‍ ഡബ്ല്യു.ഡബ്ല്യു ഹണ്ടര്‍ തുടങ്ങിയവരുടെ പഠനങ്ങളില്‍ താജ്മഹല്‍ ക്ഷേത്രത്തിന്റെ മാതൃകയിലാണ് പണിതിരിക്കുന്നതെന്ന് പറഞ്ഞിട്ടുണ്ട്. ജാവയിലെ പുരാതന ക്ഷേത്രത്തിന്റെ മാതൃകയിലാണത്രെ താജ്മഹലുള്ളത്. നാലുവാതിലുകളുള്ള ഈ നിര്‍മ്മിതിക്ക് കിഴക്കോട്ടാണ് ദര്‍ശനം. മുസ്ലീം നിര്‍മ്മിതിയാകണമെങ്കില്‍ അതിന് മക്കയിലേക്ക് ദര്‍ശനം വേണമത്രെ.
രജപുത്ര രാജാവായ രാജാ മാന്‍സിംഗിന്റെ അടുത്ത് നിന്ന് വാങ്ങിച്ചതാണെന്നും ഒരഭിപ്രായമുണ്ട്. . അപ്പോള്‍ അവിടെ അദ്ദേഹത്തിന്റെ കൊട്ടാരവും പൂന്തോട്ടവും ഉണ്ടായിരുന്നുവെന്നും ചരിത്രരേഖകള്‍ പറയുന്നുണ്ട്.
താജ്മഹലിന്റെ മുഴുവന്‍ ചിത്രം എടുത്തുനോക്കിയാല്‍ ഇതിന് ഒരു ത്രിശൂലത്തിന്റെ രൂപത്തോട് ചിലര്‍ സാമ്യപ്പെടുത്താറുണ്ട്. അതിനാല്‍ ഇതിനെ ശിവന്റെ ത്രിശൂലമായും കണക്കാക്കാറുണ്ടത്രെ.
വിവാദങ്ങൾ എന്തുതന്നെ ആയാലും രണ്ടു മുതല്‍ നാലു ദശലക്ഷം വരെ ആളുകള്‍ എത്തുന്ന താജ്മഹല്‍ വിദേശികളുടെ പ്രധാന ആകര്‍ഷണമാണ്. ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ളമാസങ്ങളിലാണ് കൂടുതല്‍ ആളുകള്‍ എത്തിച്ചേരുന്നത്. രാവിലെ ആറു മണി മുതല്‍ വൈകിട്ട് ഏഴുമണി വരെ സന്ദര്‍ശിക്കാവുന്ന ഇവിടെ വെള്ളിയാഴ്ചകളില്‍ അടച്ചിടും. പൗര്‍ണ്ണമി ദിവസവും അതിനു മുന്‍പും ശേഷവുമുള്ള രണ്ടുദിവസങ്ങളുമടക്കം ആരെ അഞ്ച് ദിവസങ്ങളില്‍ രാത്രി സന്ദര്‍ശനം അനുവദനീയമാണ്.
താജ്മഹലിലേക്ക് ഡെല്‍ഹിയില്‍ നിന്നും എത്തിച്ചേരുന്നതാണ് ഏറ്റവും എളുപ്പമുള്ള വഴി. ധാരാളം ട്രെയിനുകളും ബസുകളും ഇവിടേക്ക് സര്‍വ്വീസ് നടത്തുന്നു.
https://www.facebook.com/Malayalivartha