പോങ്കോങ് തടാകം: മഞ്ഞിലുറങ്ങുന്ന ജലസുന്ദരി

ഓളങ്ങള്‍ ഇല്ലാത്ത തടാകം നിശ്ചലതയുടെ പ്രതീകമാണ്. പ്രതീക്ഷകളില്ലാത്ത, സ്വപ്നങ്ങളില്ലാത്ത നിര്‍വികാരമായ മനസ്സുപോലെ. എന്നാല്‍ തടാകത്തെക്കുറിച്ചുള്ള നമ്മുടെ സങ്കല്പങ്ങളെ മാറ്റിമറിക്കുന്നു ലേയില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയുള്ള പോങ്കോങ് തടാകം. പോങ്കോങ്ങിലേക്കുള്ള വിസ്മയകരവും ത്രസിപ്പിക്കുന്നതുമായ വഴികളിലൂടെയുള്ള യാത്ര വരാനിരിക്കുന്ന സുന്ദരമായ അന്ത്യത്തിന് ഏറെ മാറ്റുകൂട്ടും.
സഞ്ചാരികളുടെ പറുദീസ എന്നറിയപ്പെടുന്ന ജമ്മു-കശ്മീരിലെ മോഹിപ്പിക്കുന്ന ദൃശ്യവിസ്മയങ്ങളും അതിവിചിത്രമായ ഭൂപ്രകൃതിയും ഏതുനിമിഷവും അടര്‍ന്നുവീഴുമെന്ന് തോന്നുന്ന മഞ്ഞുപാറകളിലൂടെ തെന്നിത്തെന്നിയുള്ള യാത്രയും അതിസാഹസികമായ മാനസികാവസ്ഥയില്‍ മാത്രമേ ഉള്‍ക്കൊള്ളാനാവൂ.
ലേയിലെത്തുമ്പോള്‍ അതിമനോഹര കൊത്തുപണികളുള്ള കമനീയ കവാടം നമ്മെ സ്വാഗതംചെയ്യും. തിബത്തന്‍ മാര്‍ക്കറ്റുകളും മംഗോളിയന്‍ സുന്ദരികളും ലാമമാരും ലേ-യ്ക്ക, തിബത്തിനോട് അതീവസാദൃശ്യം നല്കുന്നുണ്ട്.
അതിമനോഹരമായ തടാകങ്ങളാണ് ലഡാക്കിലുള്ളത്. പോങ്കോങ് എന്ന സുന്ദരമായ സരോവരത്തിലേക്ക് ലേയില്‍ നിന്ന് അഞ്ച് മണിക്കൂര്‍ യാത്രയുണ്ട്. ദുരിതപൂര്‍ണമായ 150 കിലോമീറ്ററുകള്‍. ഭൂമിയുടെ നിശ്ശബ്ദ പ്രാര്‍ഥനപോലെ കൈവിരിച്ചുനില്‍ക്കുന്ന മഞ്ഞടരുകള്‍ക്കിടയിലൂടെ തെന്നിനീങ്ങിയുള്ള യാത്രയാണിത്.
ചാങ്‌ലാപാസ് എന്ന ഹിമാവൃതചുരം കടക്കാതെ പോങ്കോങ് തടാകത്തിനടുത്തെത്താനാവില്ല. ലേയിലെ നഗരത്തിരക്കുകള്‍ക്കപ്പുറത്തേക്ക് പ്രവേശിച്ചു കഴിഞ്ഞാല്‍ ഗിരിനിരകളുടെ നൃത്തമാരംഭിക്കുകയായി. പാതകള്‍ നേര്‍ത്തുനേര്‍ത്തുവരും.
അത്യുന്നതിയുടെ കടുത്ത സമ്മര്‍ദവും കഠിനമായ തണുപ്പും ആരെയും തളര്‍ത്തിക്കളയും. മഞ്ഞില്‍തട്ടി പ്രതിഫലിച്ചെത്തുന്ന തീവ്രമായ വെളിച്ചത്താല്‍ കണ്ണില്‍ ഇരുട്ടുനിറയുന്നതുപോലെ തോന്നും. ഹിമാലയത്തിലെ സൂര്യോദയം സമുദ്രതീരത്ത് നാമനുഭവിക്കുന്ന സൂര്യോദയത്തേക്കാള്‍ സുന്ദരമാണ്. കടലില്‍ നിന്ന് ഉദിച്ചുയരുന്ന സൂര്യന്‍ ഏറെ വശ്യമെങ്കിലും ആ സൂര്യകിരണങ്ങള്‍ ഭൂമിയുടെ ഗര്‍ഭത്തില്‍ നിന്നുമുയരുന്നതായി നമുക്ക് അനുഭവിക്കാനാവില്ല. ഉദയസൂര്യകിരണങ്ങളേറ്റ് തിളങ്ങിത്തുടുക്കുന്ന ഹിമധവളിമയെ വരക്കുവാനാവില്ല വാക്കുകളാല്‍!
ഹിമസൗന്ദര്യത്തിന്റേയും ഹിമഭീകരതയുടേയും വൈരുധ്യമാര്‍ന്ന ഭാവങ്ങള്‍ കണ്ടും അനുഭവിച്ചും അവയിലലിഞ്ഞും വിസ്മയചിത്തരായി, പ്രകൃതിയുടെ ഭാവാന്തരങ്ങളില്‍ അദ്ഭുതപരതന്ത്രരായിപ്പോകും 17586 അടി ഉയരത്തില്‍ ചാങ്‌ലാപ്പാസില്‍ സഞ്ചാരികള്‍ എത്തുമ്പോള്‍!
കൈയെത്തുന്ന ദൂരത്തില്‍ ആകാശനീലിമ. ആശ്ലേഷിക്കാനായുന്ന മൂടല്‍മഞ്ഞിന്റെ ഹിമഹസ്തങ്ങള്‍. ഭൂമിയുടെ നെറുകയില്‍ എത്തിച്ചേര്‍ന്നതിന്റെ ആഹ്ലാദം. തടാകത്തിെന്റ അല്‍പഭാഗം മാത്രം ഇവിടെനിന്ന് കാണാനാവും. എന്തൊരഗാധ നീലിമ! എത്രയുംവേഗം ആ സൗന്ദര്യധാമത്തിനടുത്തെത്താന്‍ ആരുടെ മനസ്സും കൊതിക്കും.
ആ ജലാശയത്തിന്റെ സ്വര്‍ഗീയസൗന്ദര്യം കണ്ട് സ്തബ്ധരായിപ്പോകും. മലമടക്കുകള്‍ക്കിടയില്‍ തുളുമ്പുന്ന അപാരശാന്തത! ആ സ്ഫടികനീലിമയോട് ചേരുന്നത് മരതകപ്പച്ച..... അപൂര്‍വ്വമായ ജലവര്‍ണസംഗമം. ആകാശത്തോടൊപ്പം ഒളിച്ചുകളിക്കുന്ന നിറഭാവങ്ങള്‍. ആ ജലനീലിമയില്‍ തൂവെണ്മയാര്‍ന്ന 'അരയന്നങ്ങള്‍' നീന്തിത്തുടിക്കുമ്പോള്‍ അവയുടെ വെണ്മ വര്‍ധിച്ചുവരുന്നതുപോലെ തോന്നും. എന്നാല്‍ അരയന്നത്തോട് ഏറെ സാമീപ്യമുള്ള ബ്രൗണ്‍ ഹെഡഡ് ഗള്‍ ആണ് അവ.
അടുത്തകാലംവരെ വളരെ അപൂര്‍വ്വമായി മാത്രമാണ് ആളുകള്‍ ഇവിടം സന്ദര്‍ശിച്ചിരുന്നത്. ഇത്തരം ഒറ്റപ്പെട്ട ഇടങ്ങളില്‍ പലപ്പോഴും ദേശാന്തരങ്ങളില്ലാതെയാകുന്നു. ഇന്ത്യയുടെയും ചൈനയുടെയും സംഗമസ്ഥാനമായിത്തീരുന്നുണ്ട് ഈ തടാകം. ഏതാണ്ട് 4350 മീ. ഉയരത്തിലാണിത്. 134 കി.മീ. നീളമുള്ള ഈ തടാകത്തിന്റെ 60 കി.മീറ്ററും ചൈനയിലാണ്. കിഴക്കുഭാഗം തിബത്തിനോട് ചേര്‍ന്ന് കിടക്കുന്നു. രണ്ടുരാജ്യങ്ങളും ഈ തടാകത്തിനായി അവകാശവാദം ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്. അതിര്‍ത്തിപ്രദേശമായതുകൊണ്ടുതന്നെ നിരന്തരമായ തര്‍ക്കങ്ങള്‍ക്കിടയിലാണ് ഈ തടാകം. ചൈനയുടെ സാമീപ്യം ഇവിടം സന്ദര്‍ശിക്കുന്ന ആളുകളില്‍ വ്യക്തമായി കാണാനാവും. മഞ്ഞിലുറങ്ങുന്ന ആ ജലസുന്ദരിയുടെ സാമീപ്യത്തില്‍ മനം നിറഞ്ഞുകഴിയുമ്പോള്‍ ആ തുളുമ്പുന്ന ജലമൗനം നിശ്ശബ്ദ വിടചൊല്ലലായി കരുതി മടങ്ങാം.
https://www.facebook.com/Malayalivartha