കൊങ്കണ്‍ തീരത്ത് സ്ഥിതി ചെയ്യുന്ന ഗോകര്‍ണം

തമിഴ്കവികളായ അപ്പാറിന്റേയും സാമ്പന്ദറുടെയും ഭക്തിഗീതങ്ങളില്‍ ഈ ക്ഷേത്രത്തെക്കുറിച്ച് പറയുന്നുണ്ട്. കദംബരും വിജയനഗര രാജാക്കന്മാരും ഭരിച്ചിരുന്ന ഈ സ്ഥലം പിന്നീട് പോര്‍ചുഗീസുകാര്‍ കൈയ്യടക്കുകയായിരുന്നു.
കൊങ്കണ്‍ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ നഗരത്തിന്റെ പ്രധാന ആകര്‍ഷണം ഭക്തി ഒഴിവാക്കിയാല്‍ പിന്നെ കടല്‍ത്തീരങ്ങള്‍ തന്നെയാണ്. കടല്‍ത്തീരങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന കുന്നുകളുടെയും അവിടെ നിന്നും കടലിലേക്കുള്ള കാഴ്ചയും അത്യന്തം മനോഹരമാണ്. ഗോകര്‍ണത്ത് ഓം, ഹാഫ്മൂണ്‍, കഡില്‍, പാരഡൈസ് എന്നിങ്ങനെ നാലു ബീച്ചുകളുണ്ട്. ഓം ബീച്ചിലേക്കും ഹാഫ്മൂണ്‍ ബീച്ചിലേക്കും എത്തേണ്ടത് കുന്നിറങ്ങിയാണ്.
ഓം ആകൃതിയിലാണ് രണ്ടു കിലോമീറ്റര്‍ നീളമുള്ള ഓം ബീച്ച്. മലയും കാടും അതിരിടുന്ന പ്രകൃതി രമണീയമായ സ്ഥലം. കടല്‍ തീരത്തോട് തൊട്ടുരുമ്മി നില്‍ക്കുന്ന കുന്നില്‍ നിന്ന് കല്‍പടവുകളിറങ്ങി ബീച്ചിലേക്കിറങ്ങാം.
അടുത്തുള്ള ഹാഫ്മൂണ്‍ ബീച്ചിനെ ഓം ബീച്ചില്‍ നിന്ന് വേര്‍തിരിക്കുന്നത് കുത്തനെയുള്ള മലഞ്ചെരിവാണ്. അര്‍ധ ചന്ദ്രാകൃതിയായതു കൊണ്ടാണ് ഈ തീരത്തെ ഹാഫ് മൂണ്‍ ബീച്ച് എന്ന് വിളിക്കുന്നത്. മറ്റ് ബീച്ചുകളില്‍ നിന്നും വ്യത്യസ്തമായി പാറകള്‍ നിറഞ്ഞ കടല്‍തീരമാണിത്. അതിനാല്‍തന്നെ കടലില്‍ നീന്തുക അസാധ്യമാണ്. എല്ലായ്‌പ്പോഴും ശക്തമായ തിരമാലകള്‍ പാറക്കെട്ടുകളില്‍ വന്നലച്ചു കൊണ്ടേയിരിക്കും.
ഹാഫ്മൂണ്‍ ബീച്ചില്‍ നിന്ന് പാറക്കെട്ടുകളിലൂടെ 20 മിനിട്ട് നടന്നാല്‍ പാരഡൈസ് ബീച്ചിലെത്താം. ഫുള്‍മൂണ്‍ ബീച്ചെന്നും ഇത് അറിയപ്പെടുന്നു. വളരെ ചെറിയ ഈ കടല്‍തീരം ഒരു കാലത്ത് ഹിപ്പികളുടെ പ്രിയ സങ്കേതമായിരുന്നു. ഇന്നും മയക്കുമരുന്നുകള്‍ ഇവിടെ സുലഭമാണ് എന്നാണ് കേള്‍വി.
ഗോകര്‍ണത്തെ ഏറ്റവും വലിയ ബീച്ചാണ് കഡില്‍ ബീച്ച്. ഈ ബീച്ചിന്റെ രണ്ടു വശങ്ങളിലും കുന്നുകളാണ്. വിശാലമായ മണല്‍പരപ്പുള്ളതിനാല്‍ ബീച്ച് സോക്കര്‍ കളിക്കാരുടെ പ്രിയങ്കരമായ ഇടമാണിവിടം.
ഒരു ഭാഗത്ത് അറബിക്കടലും മറുഭാഗത്ത് പശ്ചിമഘട്ടവും ഒരുക്കുന്ന കാഴ്ചയുടെ മാസ്മരിക ലോകത്തെത്തിയ അനുഭവമാണ് ഗോകര്‍ണം നമുക്ക് തരുന്നത്. വിദേശ വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ തേടിയെത്തുന്ന പ്രമുഖ കേന്ദ്രമായി ഗോകര്‍ണം മാറിക്കഴിഞ്ഞിരിക്കുന്നു. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഹോട്ടലുകളും വിനോദ സഞ്ചാരത്തിന് അനിവാര്യമായ സംവിധാനങ്ങളുമുള്ള കൊച്ചുനഗരമാണ് ഇപ്പോള്‍ സമുദ്രങ്ങളും മലകളും അതിരിടുന്ന ഗോകര്‍ണം.
ഉത്തര കര്‍ണാടകത്തിലെ കടലോര നഗരമാണ് ഗോകര്‍ണം. കൊങ്കണ്‍ റെയില്‍ പാതയില്‍ ഗോകര്‍ണ റോഡ് സ്‌റ്റേഷനിലിറങ്ങി 15 മിനിട്ട് യാത്ര ചെയ്താല്‍ ഗോകര്‍ണത്തെത്താം. കാര്‍വാറില്‍ നിന്നും 60 കിലോമീറ്ററും കുംതയില്‍ നിന്ന് 31 കിലോമീറ്ററും ബംഗളുരുവില്‍ നിന്ന് 460 കിലോമീറ്ററും മംഗലാപുരത്തു നിന്നും 225 കിലോമീറ്ററും ആണ് ഗോകര്‍ണത്തേക്കുള്ള ദൂരം.
'പച്ചയാം വിരിപ്പിട്ട സഹ്യനില്‍ തല ചായ്ച്ചും
സ്വച്ഛാബ്ധി മണല്‍തിട്ടാം പാദോപധാനം പൂണ്ടും
പള്ളി കൊണ്ടീടുന്നു നിന്‍ പാശ്വയുഗ്മത്തെക്കാത്തു
കൊള്ളുന്നു കുമാരിയും ഗോകര്‍ണേശനുമമ്മേ'... എന്ന് വള്ളത്തോള്‍ പാടിയത് കേരളത്തെക്കുറിച്ചും അതിന്റെ തെക്കും വടക്കുമുള്ള അതിര്‍ത്തികളെ കുറിച്ചുമാണല്ലോ. കേരളത്തിന്റെ വടക്കന്‍ അതിര്‍ത്തി ഗോകര്‍ണമായിരുന്നു എന്ന് തെളിവുകള്‍ നിരത്തി സമര്‍ഥിക്കാന്‍ സാധ്യമല്ല. പക്ഷെ കേരളം സൃഷ്ടിക്കാനായി പരശുരാമന്‍ കടലിലേക്ക് മഴുവെറിഞ്ഞത് ഗോകര്‍ണത്ത് നിന്നാണെന്ന് ഐതീഹ്യങ്ങളില്‍ പറയുന്നു.
പരശുരാമന്റെ ഇഷ്ട ദേവനായ പരമശിവന്റെ വളരെ പ്രധാനപ്പെട്ട ക്ഷേത്രം ഇവിടെയാണ്. ശിവഭഗവാന്‍ ആത്മലിംഗ രൂപത്തിലാണ് കുടികൊള്ളുന്നത് എന്ന പ്രത്യേകതയുമുണ്ട് ഗോകര്‍ണത്തെ മഹാബലേശ്വര ക്ഷേത്രത്തിന്. ശിവന്‍ ഗോമാതാവിന്റെ കര്‍ണത്തില്‍ നിന്ന് ഭൂജാതനായ പുണ്യസ്ഥലമെന്ന് വിശ്വാസികള്‍ കരുതുന്നിടമാണ് ഗോകര്‍ണം. അവിടെ നിന്ന് സാഗരഗര്‍ജനം കേള്‍ക്കുകയോ കോടി തീര്‍ത്ഥത്തില്‍ സ്‌നാനം ചെയ്യുകയോ ചെയ്താല്‍ പുനര്‍ജന്മ മുക്തി നേടാമെന്നാണ് വിശ്വാസം.
https://www.facebook.com/Malayalivartha