ധനുഷ്‌കോടി: കടലലകളെ ചികഞ്ഞുമാറ്റി ഊളിയിട്ടിറങ്ങിപ്പോയ ഒരു തീവണ്ടിയും പ്രാര്‍ത്ഥനകള്‍ ഉപേക്ഷിക്കേണ്ടി വന്ന പവിഴപ്പുറ്റാല്‍ തീര്‍ക്കപ്പെട്ട പള്ളിയും

വായന ശീലമാക്കിയവരുടെ മനസ്സില്‍ അസ്വസ്ഥത നിറഞ്ഞ ചിത്രമായി മാറിയ ഒരു സ്ഥലം. കേട്ടറിവുകളും കെട്ടുകഥകളും ആ അസ്വസ്ഥതയ്ക്ക് ജിജ്ഞാസയില്‍ പൊതിഞ്ഞ ആഗ്രഹത്തിന്റെ രൂപം നല്‍കിത്തുടങ്ങിയാല്‍ ധനുഷ്‌കോടിയിലേക്ക് ഒരു യാത്രയ്ക്ക് സമയമായി എന്ന് തിരിച്ചറിയാം. തമിഴ്‌നാടിന്റെ ചൂടിലേക്ക് അവിടെ നിന്ന് ചരിത്രവും സങ്കല്‍പങ്ങളും കഥകളും ഉറങ്ങിയും ഉണര്‍ന്നും സഞ്ചാരികളെ കാത്തിരിക്കുന്ന മുനമ്പിലേക്ക് ഒരു ബൈക്ക് യാത്ര നടത്താം.
പുലര്‍ച്ചെ ആറുമണിക്ക് തേനിയില്‍ നിന്ന് യാത്ര പുറപ്പെട്ടാല്‍ രാമേശ്വരത്ത് പാമ്പന്‍പാലത്തിലെത്തുമ്പോഴേക്കും ഉച്ചയാകും. ഇന്ത്യയിലെ ആദ്യത്തെ കടല്‍പ്പാലമാണ് ഇത്. 2010 വരെ ഇന്ത്യയിലെ ഏറ്റവും വലിയ കടല്‍പാലമായിരുന്ന പാമ്പന്‍ പാലം 1914-ലാണ് ഔദ്യോഗികമായി തുറക്കപ്പെട്ടത്. ധനുഷ്‌കോടിയില്‍ സംഭവിച്ച ദുരന്തത്തിനു ശേഷം ഈ പാത നാല്‍പ്പത്തിയാറു ദിവസം കൊണ്ട് കേടുപാടുകള്‍ തീര്‍ത്താണ് ഇ. ശ്രീധരന്‍ വാര്‍ത്തയില്‍ നിറഞ്ഞത്.
മനോഹരമായ ദൃശ്യമാണു പാമ്പന്‍ പാലത്തിന്റെ മുകളില്‍ നിന്നും. നിരവധി വാഹനങ്ങള്‍ പാലത്തില്‍ നിറുത്തിയിടാറുണ്ട്. ചെറുകിട വില്‍പ്പനക്കാരും കാഴ്ചക്കാരെ ലക്ഷ്യമിട്ട് പാലത്തിലുണ്ടാകും. പാലത്തിലൂടെ ട്രെയിന്‍ നീങ്ങുമ്പോള്‍ 1964-ല്‍ ധനുഷ്‌കോടിയെ ഇല്ലാതാക്കിയ, അതിദാരുണമായ ഒരു ദുരന്തത്തിന്റെ ചരിത്രം ഓര്‍മ്മയില്‍ തെളിയും.
മുന്‍പ് ധനുഷ്‌കോടി മുനമ്പ് ജനവാസമുള്ള, പ്രാധാന്യമുള്ള ഒരു ചെറു തുറമുഖമായിരുന്നു. ശ്രീലങ്കയിലേക്കുള്ള കുറഞ്ഞ ദൂരം ധനുഷ്‌കോടി തുറമുഖത്തെ അത്യാവശ്യം തിരക്കുള്ളതാക്കി മാറ്റി. ഏതാനും ദശകങ്ങള്‍ക്ക് മുന്നെ, ദക്ഷിണേന്ത്യക്കാരന്റെ ഗള്‍ഫ്, കൊളംബോ ആയിരുന്നു എന്നോര്‍ക്കുക. ഒരു സ്‌കൂളും മറ്റു വ്യാപാരസ്ഥാപനങ്ങളും ഒരു ചെറിയ റെയില്‍വേ സ്‌റ്റേഷനും അവിടെ പ്രവര്‍ത്തിച്ചിരുന്നു. പിന്നെ, മത്സ്യബന്ധനം ജീവിതമാര്‍ഗമാക്കിയ കുറെ കുടുംബങ്ങളും. മദ്രാസില്‍ നിന്നും പുറപ്പെടുന്ന 'ബോട്ട് മെയില്‍'എന്ന ട്രെയില്‍ അവസാനിച്ചിരുന്നത് ഇവിടെയായിരുന്നു. 1964 ഡിസംബര്‍ 17-നു രൂപം കൊണ്ട ചുഴലിക്കാറ്റ് ഡിസംബര്‍ 22, 23 ദിവസങ്ങളില്‍ ധനുഷ്‌കോടിയില്‍ ആഞ്ഞടിച്ചു.
ധനുഷ്‌കോടിയിലേക്ക് പോവുകയായിരുന്ന പാമ്പന്‍ ധനുഷ്‌കോടി പാസഞ്ചര്‍ (ട്രെയിന്‍ നമ്പര്‍ : 653 ) ഇതറിയാതെ മുന്നോട്ടെടുത്തു. കാറ്റും കോളും പതിവായിരുന്ന ധനുഷ്‌കോടിയില്‍ സിഗ്‌നല്‍ ലഭിക്കാതിരിക്കുന്നത് പുതുമയല്ലായിരുന്നത്രെ. സ്വന്തം റിസ്‌കില്‍ ട്രെയിന്‍ മുന്നോട്ടെടുക്കാന്‍ പൈലറ്റ് തീരുമാനിച്ചതിന്റെ അനന്തരഫലം നൂറ്റിയിരുപത് പേരുടെ ജീവന്‍ ഭീമന്‍ തിരമാലകള്‍ കവര്‍ന്നെടുക്കലായിരുന്നു. ഈ ദുരന്തത്തിന്റെ യഥാര്‍ത്ഥചിത്രം പുറംലോകം അറിയുമ്പോഴേക്കും 48 മണിക്കൂറുകള്‍ കഴിഞ്ഞിട്ടുണ്ടായിരുന്നു. അതിനുള്ളില്‍ ഒരു നഗരവും അവിടെയുണ്ടായിരുന്ന രണ്ടായിരത്തോളം മനുഷ്യജീവനുകളും ഭൂമുഖത്ത് നിന്ന് തുടച്ചു നീക്കപ്പെട്ടുകഴിഞ്ഞിരുന്നു. പിന്നീട് ഗവണ്‍മെന്റ് ധനുഷ്‌കോടിയെ ആവാസയോഗ്യമല്ലാത്ത സ്ഥലമായി പ്രഖ്യാപിച്ചു (എങ്കിലും മത്സ്യബന്ധനത്തൊഴിലാളികള്‍ താത്കാലികമായി കെട്ടിയുണ്ടാക്കിയ വീടുകളില്‍ താമസിക്കുന്നുണ്ട്).
അന്ധവിശ്വാസങ്ങളുടെ ഒരു ഹോള്‍സെയില്‍ സൂപ്പര്‍മാര്‍ക്കറ്റാണു ധനുഷ്‌കോടി. അതില്‍ പ്രധാനമാണു സന്ധ്യകഴിഞ്ഞ് കാഴ്ചക്കാര്‍ അവിടെ നിന്നുകഴിഞ്ഞാല്‍ അപകടം സംഭവിക്കും എന്ന വിശ്വാസം. രാമേശ്വരത്ത് നിന്ന് ധനുഷ്‌കോടിയിലേക്ക് 20 കിലോമീറ്ററിനടുത്തുണ്ട്. ദുരന്തകാലയളവിനു ശേഷം ധനുഷ്‌കോടി ദേശീയശ്രദ്ധയിലേക്ക് വന്നത് തമിഴ് പുലികളിലൂടെയാണ്. അവര്‍ക്ക് ഈ ഭാഗത്തുള്ള പിന്തുണ അതിശക്തമായതിനാല്‍ ഇവിടെ നിന്നും പെട്രോളും മരുന്നുകളും അവര്‍ക്ക് വേണ്ടി കടത്തുമായിരുന്നത്രെ. അതിനാല്‍തന്നെ ധനുഷ്‌കോടിയെ ചുറ്റിയുള്ള അന്ധവിശ്വാസങ്ങള്‍ നിലനില്‍ക്കേണ്ടതും പ്രചരിക്കേണ്ടതും ഒരു ആവശ്യമായി വന്നിട്ടുണ്ടാവണം.
ധനുഷ്‌കോടി തുരുത്തിന്റെ ആരംഭത്തില്‍ യാത്ര ചെയ്യേണ്ടത് കടല്‍ത്തീരത്തൂടെയാണ്. ആ യാത്ര അവിടെ സജ്ജമാക്കിയിട്ടുള്ള ഫോര്‍വീല്‍ വാഹനങ്ങളിലൂടെ വേണം. വെള്ളക്കെട്ടുകള്‍ നിറയെ ഉണ്ടെങ്കിലും അധികം ആഴമില്ലായിരുന്നു. ഒരു നൂലുപോലെ കര, രണ്ടു ഭാഗത്തും കടല്‍, മുകളില്‍ തെളിഞ്ഞ ആകാശം. പലയിടത്തും നശിച്ചുപോയ തോണികളുടെ അവശിഷ്ടങ്ങള്‍.. പരുന്തുകള്‍.. അങ്ങകലെ ചെറിയ തുരുത്തുകള്‍.
ഒരുമണിക്കൂറോളം നീണ്ട യാത്ര നിങ്ങളെ ധനുഷ്‌കോടിയിലെ പ്രേതനഗരത്തിലെത്തിക്കും. ഒരിക്കല്‍ ജീവനുണ്ടായിരുന്ന നഗരം. ഇന്ന് എല്ലാമോര്‍മ്മപ്പെടുത്താനെന്നവണ്ണം ഒരു നഗരത്തിന്റെ അവശിഷ്ടങ്ങള്‍ നമ്മളെ വരവേല്‍ക്കുന്നു. പള്ളിയുടേയും വിദ്യാലയത്തിന്റേയും റെയില്‍വേ സ്‌റ്റേഷന്റെയും തുറമുഖത്തിന്റേയുമൊക്കെ ജീര്‍ണിച്ച അവശിഷ്ടങ്ങള്‍.
ഇവിടെ മൂന്നുനാലു കിണറുകളുണ്ട്. ചെറിയ കിണറുകള്‍. ഇതില്‍ ഉപ്പുവെള്ളമല്ല എന്നാണ് പറയുന്നത്. ഒന്നു രുചിച്ച് നോക്കിയാല്‍ ഒരെണ്ണത്തില്‍ ചെറിയ ഉപ്പുരസമുണ്ടെന്നറിയാം. എന്നാല്‍ മറ്റുള്ളവയില്‍ ഉപ്പുരസമില്ലാത്ത വെള്ളമായിരുന്നു.
ധനുഷ്‌കോടി തീരത്തിന്റെ ഏറ്റവും അറ്റത്തേക്ക് നിങ്ങള്‍ക്ക് നടന്നുനോക്കാം. ചിലയിടത്തൊക്കെ ചില പ്രതിമകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഐതിഹ്യങ്ങള്‍ അതിന്റെ പാരമ്യത്തില്‍ എത്തിച്ചേര്‍ന്നിട്ടുള്ള സ്ഥലമാണിത്. സ്വര്‍ണമയിയായ രാവണലങ്ക ഏതാനും കിലോമീറ്ററുകള്‍ക്കപ്പുറമുണ്ട്. പരാക്രമികളായ രാമലക്ഷ്മണന്മാരും, പാലംതീര്‍ക്കാന്‍ വാനരസേനകളും, രക്ഷിക്കപ്പെടാനൊരു സീതാദേവിയും, പിന്നെയൊരു രാവണനും . മിത്തുകളുടെ പുനര്‍വായനയെ ഭാവനയ്ക്ക് വിട്ടുകൊടുത്ത് ശാന്തമായി നടക്കാം. ഏറ്റവും അറ്റത്തെത്തുമ്പോഴേക്കും ശ്രീലങ്കന്‍ മൊബൈല്‍ സര്‍വീസുകളുടെ സ്വാഗതം ആശംസിച്ചുകൊണ്ടുള്ള മെസേജുകള്‍ കിട്ടിത്തുടങ്ങും.ഇന്ത്യയില്‍ നിന്നുകൊണ്ട് തന്നെ ശ്രീലങ്കയിലെത്തിയ അവസ്ഥ.
തിരിച്ച് കടലോരത്തുകൂടെ ആടിയുലഞ്ഞ് വാഹനയാത്ര. രണ്ടുവശവും കടല്‍, നടുവിലെ നൂലുപോലുള്ള കരയിലൂടെയുള്ള യാത്രയില്‍ ആകാശത്ത് വര്‍ണങ്ങളുടെ ഘോഷയാത്ര. ശക്തമായ കാറ്റും കൂടെയുണ്ടാകും. ഈ യാത്ര അവസാനിക്കാതിരുന്നെങ്കില്‍ എന്നു തോന്നിപ്പോകും.
ധനുഷ്‌കോടി വിട്ട് സ്വദേശത്ത് എത്തിക്കഴിഞ്ഞാലും പിന്നീടുള്ള നാളുകളില്‍ പലപ്പോഴും സ്വപ്നങ്ങളില്‍, കടലലകളെ ചികഞ്ഞുമാറ്റി ഊളിയിട്ടിറങ്ങിപ്പോയ ഒരു തീവണ്ടിയും പ്രാര്‍ത്ഥനകള്‍ പാതിവഴിയിലുപേക്ഷിക്കേണ്ടി വന്ന പവിഴപ്പുറ്റാല്‍ തീര്‍ക്കപ്പെട്ട പള്ളിയും നങ്കൂരമിട്ട കപ്പലുകളിലെ വെള്ളിവെളിച്ചവുമായിരിക്കും.
https://www.facebook.com/Malayalivartha