എൽ നിനോ പ്രതിഭാസം പിൻവാങ്ങിയതോടെ കേരളത്തിൽ ചൂട് കുറഞ്ഞ് തുടങ്ങുമെന്ന് വിദഗ്ധർ:- ലാ നിനയ്ക്കൊപ്പം, ഇത്തവണ ഇന്ത്യൻ ഓഷ്യൻ ഡൈപോൾ....

എൽ നിനോ പ്രതിഭാസം പിൻവാങ്ങിയതോടെ കേരളത്തിലും ചൂടു കുറഞ്ഞു തുടങ്ങുമെന്ന് വിദഗ്ധാഭിപ്രായം. മേയ് പകുതിയോടെ മഴയ്ക്ക് അനുകൂലമായ സാഹചര്യം സംസ്ഥാനത്ത് രൂപപ്പെടുമെന്ന് കുസാറ്റിലെ അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്ഫിറിക് റഡാർ ഡയറക്ടർ ഡോ. എസ്.അഭിലാഷ് വ്യക്തമാക്കി. ‘ലാ നിന’ പ്രതിഭാസം ഓഗസ്റ്റോടെ സംസ്ഥാനത്ത് എത്താനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. അങ്ങനെയെങ്കിൽ മഴയ്ക്ക് അനുകൂലമായ സാഹചര്യമാണ് സംസ്ഥാനത്തുണ്ടാകുക. രാജ്യത്താകെ സാധാരണയിൽ കൂടുതൽ മഴ ഇത്തവണ ലഭിക്കുമെന്ന് നേരത്തെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നു.
കഴിഞ്ഞ 100 വർഷത്തിനിടയിൽ ആഗോള തലത്തിൽ തന്നെ ഏറ്റവും ചൂടു കൂടിയ വർഷമായിരുന്നു 2023. 2016 ആയിരുന്നു ഇതിനു മുൻപ്. അതിന്റെ പ്രധാന കാരണങ്ങളിലൊന്ന് എൽ നിനോ പ്രതിഭാസം തന്നെയായിരുന്നു. അതേസമയം, ലാ നിനയ്ക്കൊപ്പം, അറബിക്കടൽ ഇന്ത്യൻ മഹാസമുദ്രത്തേക്കാൾ ചൂടാകുന്ന ഇന്ത്യൻ ഓഷ്യൻ ഡൈപോൾ കൂടി ഇത്തവണ ഉണ്ടാകാമെന്നുള്ള മുന്നറിയിപ്പും ഡോ. അഭിലാഷ് പങ്കുവയ്ക്കുന്നു. ലാ നിനയും ഐഒഡിയും ഒരുമിച്ച് വരുന്ന സാഹചര്യം വളരെ അപൂർവമാണെന്നും അങ്ങനെ ഉണ്ടായാൽ അത് അപകടം സൃഷ്ടിച്ചേക്കാം.
2016ൽ ഐഒഡി ഉണ്ടായതിനെ തുടർന്നാണ് പലയിടത്തും ലഘുമേഘ വിസ്ഫോടനങ്ങൾ ഉണ്ടായത്. എന്നാൽ അന്ന് ലാ നിന ഉണ്ടായിരുന്നില്ല. ഇത്തവണ സാധാരണ മഴ ലഭിച്ചാലും ഐഒഡിയിൽ ഉണ്ടാകുന്നതു പോലെ കുറഞ്ഞ സമയത്തിനുള്ളിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യം കൂടി ഉണ്ടായാൽ അത് വെള്ളപ്പൊക്കത്തിന് കാരണമാകാം. തെക്കൻ കേരളത്തിൽ കഴിഞ്ഞ വർഷം 34% മൺസൂൺ മഴ കുറവായിരുന്നു. എന്നാൽ വടക്കു കിഴക്കൻ മൺസൂൺ (തുലാവർഷം) 24 ശതമാനം കൂടുതൽ കിട്ടി. അത് കിട്ടിയത് കൂടുതലും തെക്കൻ കേരളത്തിലാണ്. കാസർകോടും കണ്ണൂരും മലപ്പുറവും പാലക്കാടുമൊക്കെ തുലാവർഷം വളരെ കുറഞ്ഞ അളവിലാണ് ലഭിച്ചത്.
ലാ നിന എത്തിയാല്‍ ജൂണ്‍-ഓഗസ്റ്റ് മാസങ്ങളില്‍ നല്ല മണ്‍സൂണ്‍ മഴ ലഭിക്കുമെന്ന് ഓസ്‌ട്രേലിയയിലെ ബ്യൂറോ ഓഫ് മീറ്റിരിയോളജി, യുഎസിലെ ക്ലൈമറ്റ് പ്രെഡിക്ഷന്‍ സെന്റര്‍ എന്നീ സ്ഥാപനങ്ങൾ പ്രവചനം നടത്തിയിരുന്നു. പസിഫിക് സമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്ത് ഉപരിതലം ചൂടുപിടിക്കുന്ന പ്രതിഭാസമാണ് എല്‍ നിനോ, ലാ നിന ഇതിനു വിപരീതവും. സാധാരണ ഗതിയില്‍ എല്‍ നിനോ ഇന്ത്യയില്‍ മഴ കുറയ്ക്കുകയും ലാ നിന കൂട്ടുകയും ചെയ്യും. ലാ നിന വരുന്നതിന് 62% സാധ്യതയാണ് അവര്‍ പ്രവചിക്കുന്നത്. ഡിസംബര്‍ വരെ ഈ പ്രതിഭാസത്തിന്റെ സ്വാധീനം തുടര്‍ന്നേക്കുമെന്നും കാലാവസ്ഥാ ഏജന്‍സികളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതിനിടെ തീരദേശങ്ങളിലും ഉൾപ്രദേശത്തും ഇന്ന് ഉച്ചയ്ക്ക് 2.30ഓടെ അന്തരീക്ഷ ആർദ്രത 50മുതൽ60% പരിധിയിലായിരിക്കാൻ സാധ്യത ഉള്ളതിനാൽ ഉയർന്ന ചൂടോടുകൂടിയ അസ്വസ്ഥതയുള്ള അന്തരീക്ഷ സ്ഥിതിയ്ക്ക് സാധ്യതയുണ്ട്. പ്രദേശവാസികളും, ശാരീരിക ബുദ്ധിമുട്ടുള്ളവരും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് ഉണ്ട്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വടക്കൻ കേരളത്തിലൊഴികെ കാര്യമായി മഴ ലഭിക്കുന്നുണ്ട്. ഇത്തവണ എല്ലാ ജില്ലകളിലും മുൻ വർഷങ്ങളിലേക്കാൾ കൂടുതൽ ചൂടാണ് അനുഭവപ്പെടുന്നത്. നേരത്തെ എൽനിനോ പ്രതിഭാസം കാരണം ഈ വർഷം വരണ്ട കാലാവസ്ഥയായിരിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത്തവണ വേനലിലെ ചൂട് ഫെബ്രുവരിയിൽ തന്നെ തുടങ്ങി. മിക്ക ജില്ലകളിലും ശരാശരി 30 ഡിഗ്രിക്ക് മുകളിലാണ് പകൽ സമയത്തെ ശരാശരി താപനില. ഉയർന്ന താപനിലയിൽ വർധവനാണ് പലയിടത്തും രേഖപ്പെടുത്തുന്നത്. ഇന്ന് 10 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പാണ് പ്രഖ്യാപിച്ചത്.
https://www.facebook.com/Malayalivartha