കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ധന വിലയ്ക്കും മലിനീകരണ ഭീതിക്കുമൊരാശ്വാസവുമായി കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് ഓട്ടോ നിരത്തിലേക്ക്...

കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ധന വിലയ്ക്കും മലിനീകരണ ഭീതിക്കുമൊരാശ്വാസവുമായി കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് ഓട്ടോ നിരത്തിലേക്കിറങ്ങുന്നു. പൊതുമേഖല സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡാണ് (കെ.എ.എല്‍) ഇ ഓട്ടോ യാഥാര്‍ഥ്യമാക്കിയത്. ഒരുമാസത്തിനുള്ളില്‍ വിപണിയിലെത്തും.
സര്‍ക്കാറിന്റെ പുതിയ ഇലക്‌ട്രോണിക് വാഹന നയത്തിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ ഇനി ഇ ഓട്ടോറിക്ഷകള്‍ക്ക് മാത്രമേ പെര്‍മിറ്റ് നല്‍കൂ. ഇപ്പോഴുള്ള ഓട്ടോയുടെ രൂപഭാവത്തില്‍ കാര്യമായ മാറ്റങ്ങളില്ലാതെയാണ് വൈദ്യുതി ഇന്ധനത്തിലേക്ക് മാറുന്നത്. ജര്‍മന്‍ സാങ്കേതികവിദ്യയില്‍ തദ്ദേശീയമായി നിര്‍മിച്ച ബാറ്ററിയും രണ്ട് കെ.വിയുടെ മോട്ടോറുമാണ് ഉപയോഗിച്ചിട്ടുള്ളത്.
ബാറ്ററിക്ക് അഞ്ചുവര്‍ഷത്തെ ആയുസ്സുണ്ട്. മൂന്നുമണിക്കൂര്‍കൊണ്ട് ചാര്‍ജാകും. ഒറ്റചാര്‍ജിങ്ങില്‍ പരമാവധി 120 കിലോമീറ്റര്‍ ഓടിക്കാം. മൂന്നുപേര്‍ക്ക് സുഖകരമായി യാത്ര ചെയ്യാം. പരമാവധി വേഗം 55 കിലോമീറ്റര്‍. ഒരുകിലോമീറ്റര്‍ ഓടിക്കാന്‍ 50 പൈസയാണ് ചെലവ്. 295 കിലോയാണ് ഭാരം. ഫൈബര്‍ ഭാഗങ്ങളാണ് വാഹനത്തിന് മുന്‍വശത്തും ഉള്ളിലും ഉപയോഗിച്ചിട്ടുള്ളത്.
ഇഓട്ടോയിലൂടെ കെ.എ.എല്ലിന് പൊതുവിപണി പിടിക്കാന്‍ കഴിയുമെന്ന് മാനേജിങ് ഡയറക്ടര്‍ എം. ഷാജഹാന്‍ പറഞ്ഞു. പുണെയിലെ ഓട്ടോമോട്ടിവ് റിസര്‍ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ അംഗീകാരത്തിനുള്ള പരിശോധനകളിലാണ് ഇപ്പോള്‍ നടക്കുന്നത്. ക്ഷമതാ സര്‍ട്ടിഫിക്കറ്റ് ലഭിച്ചാലുടന്‍ ഒരു മാസത്തിനകം വാഹനം വിപണിയിലെത്തിക്കാനുള്ള നീക്കത്തിലാണ് കെ.എ.എല്‍. ഏകദേശം 2.10 ലക്ഷം രൂപ വിലവരും. നെയ്യാറ്റിന്‍കര ആറാലുംമൂട്ടിലെ പ്ലാന്റില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള നിര്‍മാണത്തിനുള്ള ഒരുക്കം പൂര്‍ത്തിയായി.
https://www.facebook.com/Malayalivartha