മീന്‍കച്ചവടക്കാര്‍ പ്രതിസന്ധിയില്‍; മീന്‍ വില കുതിച്ചുയരുന്നു;

കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ മത്സ്യലഭ്യത കുറഞ്ഞതിനൊപ്പം തമിഴ്‌നാട്ടില്‍ ട്രോളിങ് കൂടി ആരംഭിച്ചതോടെ മീന്‍ കച്ചവടക്കാരെ പ്രതിസന്ധിയിലാക്കി മീന്‍ വില കുതിച്ചുയരുന്നു വിശേഷ ദിവസങ്ങളായ വിഷുവിനും ഈസ്റ്ററിനും പ്രതീക്ഷിച്ച കച്ചവടം ലഭിച്ചില്ല. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് നാലിലൊന്ന് വില്‍പ്പന പോലും ഇത്തവണത്തെ വിശേഷ ദിവസങ്ങളില്‍ നടന്നില്ല. നഷ്ടം ഭയന്ന് കൂടുതല്‍ ചരക്കെടുത്ത് വില്‍ക്കാനും കച്ചവടക്കാര്‍ മടിക്കുകയാണ്. വൈകീട്ട് മഴ കൂടിയാകുമ്പോള്‍ മാര്‍ക്കറ്റിന്റെ പരിസരത്തേക്ക് ആരും വരുന്നില്ല.

ചെറുകിട മീന്‍കച്ചവടക്കാര്‍ വില്‍പ്പന നടത്തുന്നത് മൊത്തവ്യാപാരികളേക്കാള്‍ 20 മുതല്‍ 40 രൂപ വരെ കൂട്ടിയാണ്. ഒരു കിലോ മത്തി വാങ്ങണമെങ്കില്‍ 200 രൂപ വേണമെന്ന സ്ഥിതിയിലാണിപ്പോള്‍. എന്നാല്‍ വില കൂടുതലായതിനാല്‍ മീന്‍ വാങ്ങാനും ആള്‍ക്കാരില്ലാത്ത അവസ്ഥയാണ്. വല്ലപ്പോഴും ഹോട്ടലുകളിലേക്ക് മാത്രമാണ് വില്‍പ്പന നടക്കുന്നത്. മീന്‍വില ഉയര്‍ന്നതോടെ മീന്‍വണ്ടിയുമായി വീടുകളിലെത്തുന്ന ചെറുകിട കച്ചവടക്കാരുടെ എണ്ണവും കുറഞ്ഞു. ഉയര്‍ന്ന വിലയായതിനാല്‍ വീട്ടമ്മമാര്‍ മീന്‍ വാങ്ങാന്‍ മടിക്കുകയാണ്.
നെത്തോലിയും മത്തിയും അയലയും മാത്രമാണ് പലപ്പോഴും എത്തുന്നത്. നല്ല കച്ചവടം ലഭിക്കുന്ന ഈസ്റ്ററിന് മീനും എത്തിയില്ല, ആളും എത്തിയില്ല എന്ന അവസ്ഥയായിരുന്നു. ഇത്രയും നഷ്ടമുണ്ടാക്കിയ ഉത്സവക്കാലം വേറെയുണ്ടായിട്ടില്ല എന്നും കച്ചവടക്കാര്‍ പറഞ്ഞു. ഒരു കിലോ മത്തിക്ക് 180, നെത്തോലി 100, കോര 160, അയല 200, അയക്കൂറ 680 700, ചെമ്മീന്‍ 360 എന്നിങ്ങനെയാണ് വില. നോമ്പുകാലം കൂടി തുടങ്ങുന്നതോടെ വില ഇനിയും ഉയര്‍ന്നേക്കാം. തമിഴ്‌നാട്ടിലെ ട്രോളിങ് കാലാവധി കഴിഞ്ഞാലേ മീന്‍ വില കുറയാന്‍ സാധ്യതയുള്ളൂ.
https://www.facebook.com/Malayalivartha























