ബാങ്കുകളില്‍ ഇനി നാണയം സ്വീകരിക്കുന്നത് 1000 രൂപയ്ക്കുവരെ മാത്രം
ഒരു അക്കൗണ്ടില്‍ ഒരു രൂപ മുതല്‍ പത്തു രൂപ വരെയുള്ള നാണയങ്ങള്‍ ഒരു ദിവസം പരമാവധി ആയിരം രൂപയുടേതു വരെ സ്വീകരിച്ചാല്‍ മതിയെന്ന റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം ബാങ്കുകള്‍ നടപ്പാക്കിത്തുടങ്ങി. ജൂലൈ മൂന്നിനാണ് നിര്‍ദേശം ബാങ്കുകള്‍ക്കു നല്‍കിയത്.
50 പൈസ നാണയങ്ങള്‍ പരമാവധി പത്തു രൂപയുടേതു വരെ മാത്രമേ സ്വീകരിക്കൂ. നാണയങ്ങള്‍ക്ക് ഭാരക്കുറവോ രൂപമാറ്റമോ ഉണ്ടെങ്കില്‍ സ്വീകരിക്കരുതെന്നാണു നിര്‍ദേശം. കൂടുതല്‍ നാണയത്തുട്ടുകള്‍ ബാങ്കുകളില്‍ സൂക്ഷിക്കുന്നതിനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഈ നിര്‍ദേശമെന്നാണു വിവരം. റിസര്‍വ് ബാങ്ക് നാണയം തിരിച്ചെടുക്കാറുമില്ല.
നാണയം പരമാവധി ജനങ്ങളില്‍ ക്രയവിക്രയത്തിനു ലഭ്യമാക്കുകയെന്നതാണു റിസര്‍വ് ബാങ്കിന്റെ തീരുമാനം. ആരാധനാലയങ്ങളില്‍നിന്നു വരുന്ന നാണയത്തുട്ടുകളുടെ കാര്യത്തില്‍ എന്തു തീരുമാനമെടുക്കുമെന്നത് പ്രത്യേകം പറഞ്ഞിട്ടില്ല. വലിയ ആരാധനാലയങ്ങളുടെ അക്കൗണ്ടുള്ള ബാങ്കുകള്‍ അവിടെ നേരിട്ടെത്തി സ്വീകരിക്കുന്നതാണു പതിവ്.
https://www.facebook.com/Malayalivartha