കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം; ഉദ്ഘാടനത്തിന് മണിക്കൂറുകള്‍ മാത്രം; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കേരളത്തിന്റെ അഭിമാന പദ്ധതിയായ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം നാളെ ഉദ്ഘാടനം ചെയ്യുന്നു. ഉത്തരകേരളത്തിലെ ജനങ്ങളുടെ ഏറെക്കാലത്തെ അഭിലാഷമാണ് ഇതുവഴി പൂര്‍ത്തിയാകുന്നത്. രാജ്യത്തെ ഏതു വിമാനത്താവളത്തോടും കിടപിടിക്കുന്ന ആധുനിക സൗകര്യങ്ങളാണ് കണ്ണൂരില്‍ ഒരുക്കിയിട്ടുള്ളത്. യാത്രക്കാര്‍ക്ക് മികച്ച സൗകര്യം ഉറപ്പുനല്‍കാന്‍ അത്യാധുനിക സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. കൊച്ചി മെട്രാക്ക് ശേഷം ഉദ്ഘാടനം ചെയ്യപ്പെടുന്ന വന്‍കിട പദ്ധതിയാണ് കണ്ണൂര്‍ വിമാനത്താവളം.
1996ലെ നായനാര്‍ സര്‍ക്കാറാണ് വിമാനത്താവളത്തിനുള്ള നടപടികള്‍ ആരംഭിച്ചത്. ഏറ്റവും അനുയോജ്യമായ സ്ഥലം തന്നെ കണ്ടെത്തുകയും ചെയ്തു. മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയിലും കീഴല്ലൂര്‍ പഞ്ചായത്തിലും ഉള്‍പ്പെടുന്ന മൂര്‍ഖന്‍ പറമ്പില്‍ 2300 ഏക്കര്‍ സ്ഥലത്താണ് ലോകനിലവാരത്തിലുള്ള സൗകര്യങ്ങളോടെ വിമാനത്താവളം പൂര്‍ത്തിയാക്കിയത്.
ഉദ്ഘാടനത്തിനായി 1.2 ലക്ഷം ചതുരശ്ര അടിയില്‍ നിര്‍മിക്കുന്ന വേദിയില്‍ മൊത്തം 25,000 പേരെ ഉള്‍ക്കൊള്ളാനാകും. മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, മാദ്ധ്യമപ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിങ്ങനെ പ്രത്യേക വിഭാഗമായാണ് ഇരിപ്പിടങ്ങള്‍ ഒരുക്കുക. വിമാനത്താവളത്തിനായി ഭൂമി വിട്ടുകൊടുത്തവര്‍ക്ക് പ്രത്യേക ഇരിപ്പിടങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടനത്തില്‍ നിന്നും പ്രതിപക്ഷപാര്‍ട്ടികള്‍ വിട്ടുനില്‍ക്കാനാണ് സാധ്യത.
രാവിലെ ഏഴുമണി മുതല്‍ വേദിയില്‍ പാരമ്പര്യ കലാ പ്രകടനങ്ങള്‍ അവതരിപ്പിക്കും. ടെര്‍മിനലില്‍
നിലവിളക്ക് തെളിയിച്ച് ആദ്യ വിമാനം ഫഌഗ് ഓഫ് ചെയ്തതിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും 10 മണിയോട് കൂടി വേദിയിലെത്തും. ടെര്‍മിനല്‍ കെട്ടിടം, ഫ്‌ളൈ ഓവറുകള്‍, എടിസി കെട്ടിടങ്ങള്‍ എന്നിവ ഉദ്ഘാടനത്തലേന്ന് ദീപങ്ങളാല്‍ അലംകൃതമാണ്. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറില്‍ നിന്ന് ബീം ലൈറ്റും ഫഌഷ് ചെയ്യും. പ്രധാന സ്‌റ്റേജിന് മുന്നിലുള്ള മിനി സ്‌റ്റേജില്‍ പ്രശസ്ത ചെണ്ട വിദ്വാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ കേളികൊട്ട് അരങ്ങേറും.
https://www.facebook.com/Malayalivartha
























