ലോകത്തെങ്ങുമുള്ള തൊഴിലവസരങ്ങള്‍ കേരളത്തിലെ യുവാക്കള്‍ക്കു മുന്നിൽ; അഞ്ചുവര്‍ഷം കൊണ്ട് 20 ലക്ഷം പുതിയ തൊഴില്‍, പുതിയ നൈപുണ്യ പരിശീലനത്തിന് അതിബൃഹത്തായ പദ്ധതി: യുവതലമുറയെ അത്യാധുനികമായ ഒരു വൈജ്ഞാനിക സമൂഹമായി മാറ്റിയെടുക്കാനുള്ള അതിവിശാലമായൊരു പദ്ധതിക്ക് രൂപം കൊടുക്കാനൊരുങ്ങി കെ-ഡിസ്ക്

അഞ്ചുവര്‍ഷം കൊണ്ട് 20 ലക്ഷം പുതിയ തൊഴില്‍. അതിലേയ്ക്കായി പുതിയ നൈപുണ്യ പരിശീലനത്തിന് അതിബൃഹത്തായ പദ്ധതി. തൊഴിലില്ലാത്തവര്‍ക്കും തൊഴില്‍ ദായകര്‍ക്കും പേരു രജിസ്റ്റര്‍ ചെയ്യാന്‍ വളരെ വിപുലമായൊരു പ്ലാറ്റ്ഫോം. ഇന്ത്യയിലും വിദേശത്തും ഉണ്ടാകാവുന്ന പുതിയ തൊഴില്‍ മേഖലകളെക്കുറിച്ചും തൊഴിലുകളെക്കുറിച്ചും മനസിലാക്കാനും അതിനു വേണ്ട പുതിയ തരം നൈപുണ്യ പരിശീലന മേഖലകള്‍ ഒരുക്കാനും അതി വിപുലമായ പദ്ധതികള്‍.
കേരളത്തിന്റെ യുവതലമുറയെ അത്യാധുനികമായ ഒരു വൈജ്ഞാനിക സമൂഹമായി മാറ്റിയെടുക്കാനുള്ള അതിവിശാലമായൊരു പദ്ധതിക്ക് വിവിധ ഏജന്‍സികളുടെ സഹായത്തോടെ കേരള ഡെവലപ്പ്മെന്‍റ് ആന്‍റ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്ക്) രൂപം കൊടുക്കുകയാണ്.
അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഏറെ ഗുണമേന്മയുള്ള അഞ്ചു ലക്ഷത്തോളം തൊഴിലുകള്‍ സൃഷ്ടിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ ചീഫ് സെക്രട്ടറിയും കിഫ്ബി സി.ഇ.ഒയുമായ ഡോ. കെ.എം. ഏബ്രഹാം പറഞ്ഞു. ഇതിന് വളരെ സമഗ്രവും അതി ബൃഹത്തായതുമായൊരു പദ്ധതിയാണ് ഒരുക്കിക്കൊണ്ടിരിക്കുന്നത്.
ഉദ്യോഗാര്‍ത്ഥികള്‍ക്കും തൊഴില്‍ ദാതാക്കള്‍ക്കും രജിസ്റ്റര്‍ ചെയ്യാവുന്ന ഒരു വലിയ പ്ലാറ്റ്ഫോമാണ് ഇതില്‍ പ്രധാനം. ഇന്ത്യയിലും വിദേശത്തുമെല്ലാം ഉണ്ടാകാവുന്ന പുതിയ തൊഴിലുകള്‍, പുതിയ തൊഴില്‍ മേഖലകള്‍, അതിനു വേണ്ടിവരുന്ന നൈപുണ്യ പരിശീലന സംവിധാനം എന്നിവയൊക്കെ ഈ പ്ലാറ്റ്ഫോമില്‍ ലഭ്യമാകും. ഇതിനനുസരിച്ച് വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കാനുള്ള പരിശീലന പദ്ധതികളും ഈ പദ്ധതിയുടെ ഭാഗമായുണ്ടാകുമെന്ന് ഡോ. ഏബ്രഹാം വിശദീകരിച്ചു.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ചേര്‍ന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് ഒരു വിജ്ഞാന സമൂഹം സൃഷ്ടിക്കുക എന്ന തീരുമാനമെടുത്തതെന്ന് ഡോ. ഏബ്രഹാം ചൂണ്ടിക്കാട്ടി. അന്നു തന്നെ കെ-ഡിസ്ക് ചുമതല ഏറ്റെടുത്തു. ഡിജിറ്റല്‍ സര്‍വകലാശാല, ഐ.സി.ടി അക്കാദമി, കേരളാ സ്റ്റാര്‍ട്ടപ്പ് മിഷന്‍ തുടങ്ങി വിവിധ ഏജന്‍സികള്‍ ഇതില്‍ സഹകരിച്ചു. പദ്ധതിക്ക് ഏകദേശം 6000 കോടി രൂപാ ചെലവു പ്രതീക്ഷിക്കുന്നു.
ഇത്ര വലിയൊരു പദ്ധതിക്കു വേണ്ട അടിസ്ഥാന നയരേഖയാണ് ഇപ്പോള്‍ തയ്യാറായിരിക്കുന്നത്. ചിങ്ങം ഒന്നാം തീയതി ഓണ്‍ലൈനായി ഡോ. കെ.എം ഏബ്രഹാം ഈ നയരേഖ സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ ചര്‍ച്ചയ്ക്കും പഠനത്തിനുമായി സമര്‍പ്പിച്ചു.
ദിനപ്പത്രങ്ങളുടെയും ദൃശ്യമാധ്യമങ്ങളുടെയും പത്രാധിപന്മാരുമായിട്ടായിരുന്നു ആദ്യ ചര്‍ച്ച. ഇനി വിവിധ തൊഴിലാളി യൂണിയനുകള്‍, വനിതാ സംഘടനകള്‍, വിദ്യാര്‍ത്ഥി-യുവജന സംഘടനകള്‍ എന്നിങ്ങനെ സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ വിശദമായ ചര്‍ച്ച നടക്കും. അതിനുശേഷം വിസ്തരിച്ചുള്ള റിപ്പോര്‍ട്ട് മന്ത്രിസഭയുടെ പരിഗണനയ്ക്കു സമര്‍പ്പിക്കും.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ വര്‍ക്ക് ഫ്രം ഹോം, വര്‍ക്ക് നിയര്‍ ഹോം എന്നിങ്ങനെയുള്ള പുതിയ സാധ്യതകള്‍ കേരളം പോലൊരു സംസ്ഥാനത്തിനു പരമാവധി മുതലാക്കാനാകുമെന്ന് വിഷയം അവതരിപ്പിച്ച ഡിജിറ്റല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. സജി ഗേപിനാഥ് പറഞ്ഞു.
ഐടി മേഖല വളര്‍ന്നു തുടങ്ങിയപ്പോള്‍ ബംഗ്ളൂരു, ഹൈദ്രാബാദ് തുടങ്ങിയ നഗരങ്ങളാണ് കൂടുതല്‍ വളര്‍ച്ച നേടിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇവിടെയൊക്കെ ജോലി ചെയ്യുന്നവരില്‍ അധികം പേരും മലയാളികളാണു താനും. വര്‍ക്ക് ഫ്രം ഹോം - വര്‍ക്ക് നിയര്‍ ഹോം സംസ്കാരം സ്ഥിരമായാല്‍ അതു കേരളത്തിനു ഗുണമാകും.
കേരളത്തിന്‍റെ ഉള്‍നാടുകളില്‍ പോലുമുണ്ട് ഉയര്‍ന്ന വിദ്യാഭ്യാസം നേടിയ യുവാക്കള്‍. ഇത്തരക്കാര്‍ക്കു വേണ്ടി പഞ്ചായത്തുകള്‍ക്കും മറ്റും കെട്ടിടങ്ങളും സൗകര്യങ്ങളുമൊരുക്കാവുന്നതാണ്. ഇവിടെയിരുന്ന് ചെറുപ്പക്കാര്‍ക്കു ജോലി ചെയ്യാം. ഈ സ്ഥിതി വിശേഷം അടുത്ത ഭാവിയില്‍ത്തന്നെ യാഥാര്‍ത്ഥ്യമാകും.
ലോകത്തെങ്ങുമുള്ള തൊഴിലവസരങ്ങള്‍ കേരളത്തിലെ യുവാക്കള്‍ക്കു മുമ്ബില്‍ തുറന്നിടുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് കെ-ഡിസ്ക് മെംബര്‍ സെക്രട്ടറി ഡോ. പി.വി ഉണ്ണികൃഷ്ണന്‍ വിശദീകരിച്ചു.
ആഗോള തലത്തില്‍ത്തന്നെ മോണ്‍സ്റ്റര്‍ ഡോട്ട് കോം, ഫ്രീലാന്‍സര്‍ എന്നുതുടങ്ങി അനേകം പ്ലാറ്റ്ഫോമകള്‍ ഉണ്ടെന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്തു. സ്വകാര്യ പ്ലാറ്റ്ഫോമുകളോട് മത്സരിക്കുകയല്ല, മറിച്ച് അവയിലെ സാധ്യതകള്‍ നമ്മുടെ യുവാക്കള്‍ക്കു വേണ്ടി പരമാവധി ഉപയോഗിക്കുകയാണ് ഈ പ്രസ്ഥാനത്തിന്‍റെ ലക്ഷ്യമെന്നും ഡോ. ഉണ്ണികൃഷ്ണന്‍ ചൂണ്ടിക്കാട്ടി.
ഐ.സി.ടി അക്കാദമി സി.ഇ.ഒ സന്തോഷ് കുറുപ്പ്, ജെന്‍പ്രൊ സി.ഇ.ഒ അനൂപ് അംബിക, ട്രിനിറ്റി എഞ്ചിനീയറിങ്ങ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. അരുണ്‍ സുരേന്ദ്രന്‍, മുഹമ്മദ് സലിം എന്നിവരും സംസാരിച്ചു. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പത്രാധിപന്മാര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു.
https://www.facebook.com/Malayalivartha


























