പ്ലസ് വണ്‍ പ്രവേശനത്തിന് ഓപ്ഷന്‍ നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ടതെന്തെല്ലാം

പ്ലസ് വൺ, വൊക്കേഷണൽ ഹയർ സെക്കണ്ടറി എന്നിവയിൽ ഏത് എന്ന് തെരഞ്ഞെടുക്കേണ്ട സമയമാണല്ലോ ഇത്. അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. സ്വന്തം അഭിരുചിക് മുൻതൂക്കം നൽകുക. പ്രവേശനം ആഗ്രഹിക്കുന്ന സ്‌കൂളും ആ സ്‌കൂളിലെ ഇഷ്ടപ്പെട്ട സബ്ജക്ട് കോമ്പിനേഷനും മുന്‍ഗണനാക്രമത്തില്‍ കൊടുക്കേണ്ടതുണ്ട്. അലോട്ട്‌മെന്റ് വരുമ്പോള്‍ ഏത് ഓപ്ഷന്‍ ലഭിച്ചാലും പ്രവേശനം നേടണം. കാരണം കൂടുതല്‍ മെച്ചപ്പെട്ട ഓപ്ഷന്‍ പ്രതീക്ഷിക്കുന്നെങ്കില്‍ താത്ക്കാലിക പ്രവേശനം നേടിയാല്‍ പിന്നീട് മാറ്റിയെടുക്കാൻ സാധിക്കും.
വിദ്യാര്‍ത്ഥി പഠിക്കാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന സ്‌കൂളും ആ സ്‌കൂളിലെ ഇഷ്ടപ്പെട്ട സബ്ജക്ട് കോമ്പിനേഷനുമാണ് ഒന്നാമത്തെ ഓപ്ഷനായി നല്‍കേണ്ടത്. അത് കിട്ടിയില്ലെങ്കിൽ രണ്ടാമതായി ചേരാൻ ആഗ്രഹിക്കുന്ന സ്കൂളും സബ്‌ജക്റ്റും ആണ് രണ്ടാമതായി കൊടുക്കേണ്ടത്. ഇങ്ങനെ കൂടുതല്‍ പരിഗണന നല്‍കുന്ന സ്‌കൂളുകള്‍ ആദ്യമാദ്യം വരുന്ന രീതിയില്‍ വേണം അപേക്ഷ പൂരിപ്പിക്കേണ്ടത്. തീരെ താല്പര്യം ഇല്ലാത്ത സ്കൂളും സബ്‌ജക്റ്റും അവസാനം മാത്രം നൽകുക.
യുക്തിപൂർവം വേണം സ്കൂളും സബ്‌ജക്റ്റും ലിസ്റ്റ് ചെയ്യേണ്ടത്. സ്‌കൂള്‍ കോഡുകളും കോമ്പിനേഷന്‍ കോഡുകളും പ്രോസ്‌പെക്ടസ് പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷം മാത്രം രേഖപ്പെടുത്തുക. ഇല്ലെങ്കിൽ പണി കിട്ടും എന്ന കാര്യം മറക്കണ്ട. ഒരിക്കലും അപേക്ഷകന്‍ ആവശ്യപ്പെടാത്ത ഒരു സ്‌കൂളിലേക്കും ഏകജാലക സംവിധാനം വഴി അലോട്ട്മെന്റ് നല്‍കില്ല. അതിനാല്‍ വിദ്യാര്‍ത്ഥിക്ക് യാത്രാസൗകര്യമുള്ള സ്‌കൂളുകളുടെ പേരും അഡ്രസ്സും കോഡും നന്നായി ഉറപ്പുവരുത്തിയ ശേഷം മാത്രം എഴുതുക. ഒരു റഫ് കോപ്പി തയ്യാറാക്കിയതിനു ശേഷം മാത്രം ഒറിജിനൽ അപേക്ഷ തയ്യാറാക്കുക. തെറ്റുകൾ ഒഴിവാക്കാൻ ഇത് സഹായിക്കും.
ചില സ്‌കൂളുകളുടെ പേരുകള്‍/സ്ഥലപ്പേരുകള്‍ സാദൃശ്യങ്ങളുള്ളവയുണ്ടാകും. അതിനാല്‍ അത്തരം സ്‌കൂളുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക.
ആവശ്യമുള്ള പക്ഷം എത്ര ഓപ്ഷനുകള്‍ വേണമെങ്കിലും നല്‍കാം. അലോട്ട്‌മെന്റ് ലഭിക്കുന്ന സ്‌കൂളില്‍ താല്‍ക്കാലികമോ സ്ഥിരമോ ആയ പ്രവേശനം നേടണം. ഇല്ലെങ്കില്‍ വിദ്യാര്‍ത്ഥി 'നോണ്‍ ജോയിനിങ്' ആയി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും പിന്നീടുള്ള ഘട്ടങ്ങളിൽ പരിഗണിക്കുകയും ഇല്ല. മേയ് 22 വരെ www.hscap.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം.
https://www.facebook.com/Malayalivartha