വനിതാ ഏകദിന ലോകകപ്പ്.... സെമി കാണാതെ പുറത്തായി ബംഗ്ലാദേശ്

വനിതാ ഏകദിന ലോകകപ്പിൽ സെമി കാണാതെ പുറത്തായി ബംഗ്ലാദേശ്. 5 വിക്കറ്റ് കൈയിലിരിക്കെ ജയിക്കാനായി അവസാന ഓവറിൽ ഒമ്പത് റൺസ് മാത്രം മതിയായിരുന്ന ബംഗ്ലാദേശ് ആദ്യ നാലു പന്തുകളിൽ നാലു വിക്കറ്റുകൾ നഷ്ടമാക്കിയാണ് ഏഴ് റൺസ് തോൽവി വഴങ്ങിയത്.
ഇതോടെ വനിതാ ലോകകപ്പിൽ സെമി കാണാതെ പുറത്താവുന്ന ആദ്യ ടീമായി ബംഗ്ലാദേശ്. ആദ്യം ബാറ്റ് ചെയ്ത് ശ്രീലങ്ക ഉയർത്തിയ 203 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ബംഗ്ലാദേശിന് 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 195 റൺസാണ് നേടാനായത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 32-ാം ഓവറിൽ 173-4 എന്ന മികച്ച നിലയിൽ നിന്ന് 36-ാം ഓവറിൽ 182-8ലേക്ക് തകർന്നടിഞ്ഞെങ്കിലും പിടിച്ചു നിന്ന വാലറ്റക്കാരുടെ കരുത്തിലാണ് 202 റൺസടിച്ചത്.
ഒമ്പതാമതായി ക്രീസിലെത്തിയ ഉദേശിക പ്രബോധിനി 37 പന്ത് നേരിട്ട് 8 റൺസെടുത്തപ്പോൾ പത്താമതായി ക്രീസിലെത്തിയ മാൽകി മദാര 42 പന്ത് നേരിട്ട് 9 റൺസെടുത്തു. 12 ഓവറുകളോളം ഇരുവരും ക്രീസിൽ പിടിച്ചു നിന്നാണ് ശ്രീലങ്കയെ 200 കടത്തിയത്. 85 റൺസെടുത്ത ഹസിൻ പെരേരയും 46 റൺസെടുത്ത ക്യാപ്റ്റൻ ചമതി അത്തപ്പത്തുവും 37 റൺസെടുത്ത നിലാക്ഷി ഡിസിൽവയും ലങ്കക്കായി തിളങ്ങുകയും ചെയ്തു.
"
https://www.facebook.com/Malayalivartha