മറാത്തി നടൻ അതുൽ പർചുരെ അന്തരിച്ചു
പ്രശസ്ത മറാത്തി നടൻ അതുൽ പർചുരെ അന്തരിച്ചു. 57 വയസായിരുന്നു. തിങ്കളാഴ്ചയാണ് മരണം സംഭവിച്ചത്. ക്യാൻസറിനെ തുടർന്നാണ് അന്ത്യമെന്നാണ് റിപ്പോർട്ടുകൾ. വർഷങ്ങളായി ക്യാൻസറുമായുള്ള പോരാട്ടത്തിലായിരുന്നു അതുൽ പർചുരെ. മുൻപ് നടന്ന ഒരു ടോക്ക് ഷോയിൽ, തൻ്റെ കാൻസറിനെ കുറിച്ച് താരം വെളിപ്പെടുത്തിയിരുന്നു.
തന്റെ കരളിൽ ഏകദേശം 5 സെൻ്റീമീറ്റർ നീളമുള്ള ട്യൂമർ ഉണ്ടെന്നും അത് ക്യാൻസറാണെന്ന് ഡോക്ടർ പറഞ്ഞുവെന്നുമാണ് താരം പറഞ്ഞിരുന്നത്. എന്നാൽ ആദ്യം താൻ തെറ്റായ ചികിത്സയാണ് നടത്തിയത്. അത് തന്റെ ആരോഗ്യത്തെ കാര്യമായി ബാധിച്ചുവെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.
മറാത്തി, ബോളിവുഡ് സിനിമകളിൽ സാന്നിധ്യമായ അതുൽ കപിൽ ശർമ്മയുടെ കോമഡി ഷോയിലെ അവിസ്മരണീയമായ പ്രകടനം ഉൾപ്പെടെ നിരവധി ഹിന്ദി ടെലിവിഷൻ ഷോകളിലും സിനിമകളിലും പ്രത്യക്ഷ്യപ്പെട്ടിട്ടുണ്ട്.
അജയ് ദേവ്ഗൺ, സഞ്ജയ് ദത്ത് എന്നിവരുടെ സിനിമ ഓൾ ദ ബെസ്റ്റിലെ അതുൽ പർചുരെയുടെ കോമഡി റോൾ ഏറെ ശ്രദ്ധേയമാണ്. സലാമേ ഇഷ്ക്, പാർട്ണർ, ഖട്ടമീട്ട, ബുഡ്ഡാ ഹോ ഗാ തേരാ ബാപ്പ് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷമാണ് അതുൽ ചെയ്തത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ അതുൽ പർചുരെയുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha