ഡാ സിബിഐ തിരുവനന്തപുരത്തു മാത്രം അല്ലെടാ അങ്ങ് ഡൽഹിയിലും ഉണ്ടെടാ എനിക്ക് വേണ്ടപ്പെട്ടവർ, സിബിഐ സിനിമ പരമ്പരയിലെ സൂപ്പർ ഹിറ്റ് സംഭാഷണത്തിന്റെ ഉടമയെ പ്രിയതമ ഓർക്കുമ്പോൾ

"ഡാ സിബിഐ തിരുവനന്തപുരത്തു മാത്രം അല്ലെടാ അങ്ങ് ഡൽഹിയിലും ഉണ്ടെടാ എനിക്ക് വേണ്ടപ്പെട്ടവർ ", സിബിഐ പരമ്പരയിലെ അഞ്ചാമത്തെ പടത്തിൽ എത്തി നിൽക്കുമ്പോഴും ജനങ്ങൾക്ക് സിബിഐ സിനിമ എന്നാൽ ഈ ഡയലോഗ് തന്നെയാണ്. പ്രതാപ ചന്ദ്രൻ എന്ന അതുല്യ നടന്റെ മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഡയലോഗ്.
അദ്ദേഹത്തിന്റെ ഭാര്യ പ്രതിഭ പ്രതാപചന്ദ്രൻ മലയാളിവാർത്തയോട് ഓർമകൾ പങ്ക്‌വച്ചപ്പോൾ :
സിനിമയിലേക്ക് വരുന്നതിനു മുമ്പ് തന്നെ കുടുംബമായി അറിയുന്നവരായിരുന്നു പ്രതിഭയും പ്രതാപചന്ദ്രനും. വിവാഹം നടക്കുമ്പോൾ കാളിദാസകലാകേന്ദ്രത്തോടൊപ്പം ആയിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ. വിവാഹശേഷമായിരുന്നു സിനിമയിൽ എത്തിയത്. ഷൂട്ടിംഗ് കഴിഞ്ഞു വന്ന് വിശേഷങ്ങൾ തന്മയത്തത്തോടെ കുടുംബത്തോട് പങ്കുവക്കുമായിരുന്നു. ലൊക്കേഷനിൽ തങ്ങളും കൂടെ ഉള്ള പോലെ തന്നെ തോന്നുമായിരുന്നു എന്നും പ്രതിഭ പറഞ്ഞു.
കുട്ടിക്കാലം മുതലുള്ള അദ്ദേഹത്തിന്റെ കലയോടുള്ള സ്നേഹം എന്നും നിലനിർത്തിയിരുന്നു. ജീവിതത്തിൽ ഈ സ്നേഹം എപ്പോഴും ഒരുപടി മുമ്പിലായിരുന്നു. സിനിമയിൽ കത്തിനിൽക്കുമ്പോഴും നാടകത്തോടായിരുന്നു കൂടുതൽ താല്പര്യം. സിനിമയിൽ നിന്ന് ഇടയ്ക്കു പോയി നാടകത്തിൽ അഭിനയിക്കാൻ സമയം കണ്ടെത്തിയിരുന്നു. സ്വന്തമായി ഒരു നാടക സമിതി അദ്ദേഹത്തിന്റെ സ്വപ്നം ആയിരുന്നു. സിനിമയിൽ നിന്ന് വിട്ടു സീരിയലുകളിൽ അഭിനയിക്കുമ്പോൾ നാടകസമിതി തുടങ്ങുന്നതിനെ പറ്റി അദ്ദേഹം വീണ്ടും ചിന്തിച്ചു . എന്നാൽ അത്രയും വലിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തു നടക്കേണ്ട ഇപ്പോൾ വിശ്രമത്തിനുള്ള സമയമാണ് എന്ന് പറഞ്ഞു പിന്തിരിപ്പിച്ചിരുന്നതും താനാണ് എന്നും പറഞ്ഞു.
അദ്ദേഹത്തിന്റെ ആഗ്രഹം ഓമല്ലൂരിൽ ആവണം തന്റെ അവസാനനാളുകൾ എന്നും അത് നടക്കുകയും ചെയ്തു.എന്നാൽ അവിടെ വന്നതിനു ശേഷം പലരുമായും ഉള്ള ബന്ധങ്ങൾ വിട്ടുപോയി എന്ന് ഓർത്തു ദുഖിച്ചിരുന്നു.
അക്ഷരസ്പുടതയോടെ സംസാരിക്കാൻ എന്നും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. അത് അഭിനയത്തിലും ജീവിതത്തിലും പാലിച്ചിരുന്നു. മദ്യപിച്ചു സംസാരിച്ചാൽ പോലും വ്യക്തമായി തന്നെ അദ്ദേഹം സംസാരിച്ചിരുന്നു എന്ന് ഒരു ചിരിയോടെ പ്രതിഭ ഓർത്തു. നടൻ എന്ന നിലയിൽ അർഹിച്ചിരുന്ന ഒരു ആദരം ലഭിച്ചില്ല എന്ന് തനിക്കു തോന്നുന്നെങ്കിലും ഒരിക്കലും അദ്ദേഹത്തിനെ അതൊന്നും ബാധിച്ചിരുന്നില്ല. എന്നും തന്റെ പ്രിയപ്പെട്ട കഥാപാത്രം സിബിഐ യിലെ നാരായണൻ ആണെന്നും പ്രതിഭ കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha