സി.ബി.ഐ 5 ട്രെയിലര്‍ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശനം കാണാന്‍ മമ്മൂട്ടിയും

മമ്മൂട്ടി ചിത്രം സി.ബി.ഐ 5 ദി ബ്രെയിന്‍ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചു. പ്രദര്‍ശനം കാണാന്‍ മമ്മൂട്ടി, രണ്‍ജിപണിക്കര്‍, രമേശ് പിഷാരടി, ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് അധികൃതര്‍ എന്നിവര്‍ ഡൗണ്‍ ടൗണില്‍ നേരിട്ടെത്തിയിരുന്നു.
നൂറുകണക്കിന് ആളുകളാണ് ട്രെയിലര്‍ പ്രദര്‍ശനം കാണാനെത്തിയത്. മലയാളികളെ ആവേശം കൊളളിക്കുന്ന സിനിമയായിരിക്കും സി.ബി.ഐ5 എന്ന് മമ്മൂട്ടി പറഞ്ഞു. സി.ബി.ഐ ഒരു നാടന്‍ സിനിമയാണ്. സേതുരാമയ്യര്‍ മാറിയിട്ടില്ല. പഴയ രീതിയില്‍ തന്നെയാണ് സേതുരാമയ്യര്‍ കേസ് അന്വേഷിക്കുന്നതെന്നും പ്രദര്‍ശനത്തിന് ശേഷം നടന്ന പത്ര സമ്മേളനത്തില്‍ മമ്മൂട്ടി പറഞ്ഞു.
ആരോഗ്യ പരമായ പരിമിതികള്‍ക്കിടയിലും നടന്‍ ജഗതി ശ്രീകുമാര്‍ ഈ സിനിമയുടെ ഭാഗമായതില്‍ വലിയ സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ അഭാവത്തില്‍ സങ്കടമുണ്ട്. അപകടം അദ്ദേഹത്തെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. സി.ബി.ഐ 5ലൂടെയുളള ജഗതി ശ്രീകുമാറിന്റെ തിരിച്ചുവരവും സിനിമയെ വേറിട്ടതാക്കുന്നു.
മെയ് ഒന്നിനാണ് സിനിമ പ്രദര്‍ശനത്തിനെത്തുന്നത്. ഇന്ത്യക്ക് പുറത്ത് ട്രൂത്ത് ഗ്ലോബല്‍ ഫിലിംസാണ് സിബിഐ പ്രദര്‍ശനത്തിനെത്തിക്കുന്നത്. ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് അധികൃതരായ അബ്ദുല്‍ സമദ് , ആര്‍.ജെ സൂരജ് എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.
ഒരേ പശ്ചാത്തലത്തില്‍ 4 വിജയചിത്രങ്ങള്‍. പല വര്‍ഷങ്ങളില്‍ പല കഥാപാത്രങ്ങള്‍ മാറി വന്നിട്ടും പഴയ പ്രൗഢിയോടെ അതേ ലുക്കില്‍ വന്നിരിക്കുകയാണ് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി. ഹാഫ് സഌവ് ഷര്‍ട്ട് ,നെറ്റിയിലൊരു കുങ്കുമക്കുറി, കൈ പിറകില്‍ കെട്ടിയ സാവധാനമുള്ള നടത്തം. കൂടെ എക്കാലത്തും അന്വേഷണത്തിന്റെ ആവേശം നല്‍കുന്ന ബാക്ഗ്രൗണ്ട് സ്‌കോറും.
ലോക സിനിമ ചരിത്രത്തില്‍ തന്നെ ആദ്യമായി ഒരേ നായകന്‍, ഒരേ തിരക്കഥാകൃത്ത്, ഒരേ സംവിധായകന്‍ എന്ന അപൂര്‍വ്വ നേട്ടം 'സിബിഐ'യുടെ അഞ്ചാം പതിപ്പ് കൈവരിച്ചുകഴിഞ്ഞു.
മമ്മൂട്ടിയുടെ ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സിബിഐ 5 ദി ബ്രെയിന്‍. 1988ല്‍ മമ്മൂട്ടി കെ മധു എസ് എന്‍ സ്വാമി കൂട്ടുകെട്ടില്‍ 'സിബിഐ' സീരിസിലാണ് ആദ്യ ചിത്രമായ 'ഒരു സിബിഐ ഡയറികുറിപ്പ്' പുറത്തിറങ്ങുന്നത്.
'ജാഗ്രത', 'സേതുരാമയ്യര്‍ സിബിഐ', 'നേരറിയാന്‍ സിബിഐ' എന്നീ ചിത്രങ്ങളും പിന്നാലെ എത്തി… ഇത്തവണ പല മാറ്റങ്ങള്‍ വരുത്തിയാണ് സേതുരാമയ്യരുടെ രംഗപ്രവേശം. ഒരുപാട് പുതിയ കഥാപാത്രങ്ങളുണ്ടെങ്കിലും ഓരോ പ്രേക്ഷകനും ഉറ്റുനോക്കുന്നത് മമ്മൂട്ടിയുടെ പ്രകടനത്തെയാണ്.
https://www.facebook.com/Malayalivartha