കാറില്‍ എത്തുമെന്ന് കരുതി കാത്തുനിന്നു, ഓട്ടോയില്‍ സുരേഷ് ഗോപിയുടെ മാസ് എൻട്രി, സംഘാടകരെ അമ്പരപ്പിച്ച് താരത്തിന്റെ സിനിമാ സ്റ്റൈൽ രംഗപ്രവേശം...!

തന്റെ വേറിട്ട പ്രവർത്തന ശൈലിയിലൂടെ പ്രശംസയും വിമർശനവും എല്ലാം ഏൽക്കേണ്ടിവന്ന താരമാണ് നടന്‍ സുരേഷ് ഗോപി. ഇപ്പോളിതാ അദ്ദേഹം ഉദ്ഘാടന പരിപാടിക്ക് എത്തിയതും ശ്രദ്ധനേടുകയാണ്. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ സുരേഷ് ഗോപി എത്തിയത് ഓട്ടോ റിക്ഷയില്‍ ആണ്. ഇന്നലെ വൈകിട്ട് എറണാകുളം ബിടിഎച്ച് ഹോട്ടലില്‍ വിഎച്ച്‌പി സ്വാഭിമാന്‍ നിധി ഉദ്ഘാടന പരിപാടിക്ക് എത്താന്‍ കലൂരില്‍ നിന്നാണു സുരേഷ് ഗോപി ഓട്ടോയില്‍ കയറിയത്.
വിഎച്ച്‌പി പരിപാടി 3 മണിക്കാണ് ആരംഭിക്കാനിരുന്നത്. എന്നാല്‍ ആ സമയത്ത് കലൂരില്‍ ‘അമ്മ’യുടെ ചടങ്ങില്‍ ആയിരുന്നു സുരേഷ് ഗോപി. നാലു മണിയോടെ ‘അമ്മ’യുടെ പരിപാടിയില്‍ നിന്ന് ഇറങ്ങി. അപ്പോഴാണ് എംജി റോഡിലും മറ്റും വലിയ ഗതാഗത തിരക്കാണ് എന്നറിയുന്നത്. അതോടെ യാത്ര ഓട്ടോയിലാക്കുകയായിരുന്നു.
ബിടിഎച്ച് ഹോട്ടലിനു മുന്നില്‍ വിഎച്ച്‌പി സംഘാടകര്‍ കാറില്‍ എത്തുന്ന നടനെ കാത്തുനിന്നു. അവരെയും സമീപത്ത് ഉണ്ടായിരുന്നവരെയും അമ്പരപ്പിച്ച് സുരേഷ് ഗോപി ഓട്ടോറിക്ഷയില്‍ നിന്നിറങ്ങിയത്. അരമണിക്കൂര്‍ കൊണ്ടാണ് ഓട്ടോ കലൂരില്‍ നിന്ന് ബിടിഎച്ചിലെത്തിയത്.
അതേസമയം, അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ വേദിയിൽ വർഷങ്ങളുടെ ഇടവേളക്കുശേഷമാണ് സുരേഷ് ഗോപി എത്തിയത്.വർഷങ്ങൾക്കുമുമ്പ് ഗൾഫിൽ നടത്തിയ ഒരു പരിപാടിയിലെ തർക്കത്തെത്തുടർന്നാണ് സുരേഷ് ഗോപി സംഘടനയിൽനിന്ന് വിട്ടുനിന്നത്.
ഇപ്പോൾ ഉണർവ് എന്ന പേരിൽ സംഘടനയിലെ 'അമ്മ' ഓഫീസിൽ നടത്തിയ അംഗങ്ങളുടെ ഒത്തുചേരലും ആരോഗ്യ പരിശോധനക്യാമ്പും ചേര്‍ന്ന പരിപാടിയിലാണ് മുഖ്യാതിഥിയായി അദ്ദേഹമെത്തിയത്. ജനറൽ സെക്രട്ടറി ഇടവേള ബാബു, എക്സിക്യൂട്ടിവ് അംഗങ്ങളായ ബാബുരാജ്, സുരഭി ലക്ഷ്മി തുടങ്ങിയവർ ചേർന്ന് പൊന്നാട അണിയിച്ച് അദ്ദേഹത്തെ സ്വീകരിച്ചു.
https://www.facebook.com/Malayalivartha