ലാല്‍ ഇടപെട്ടു; സേതുലക്ഷ്മിക്ക് അമ്മയില്‍ അംഗത്വം

നാടക, ചലച്ചിത്ര നടിയായ സേതുലക്ഷ്മിക്ക് താരസംഘടനായായ അമ്മയില്‍ അംഗത്വവും കൈനീട്ടവും ലഭിച്ചു. മോഹന്‍ലാല്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് ഇതെല്ലാം നടന്നതെന്ന് അവര്‍ പറഞ്ഞു. നാടകരംഗത്ത് നിന്ന് വളരെ പ്രതീക്ഷയോടെയാണ് സിനിമയില്‍ എത്തിയതെങ്കിലും തുച്ഛമായ പ്രതിഫലമാണ് ഓരോ സിനിമയില്‍ നിന്നും ലഭിക്കുന്നത്. അതുകൊണ്ട് ജീവിതം മുന്നോട്ട് കൊണ്ടുപോകാമെന്നല്ലാതെ കാര്യമായ നേട്ടങ്ങളൊന്നുമില്ല. പലതാരങ്ങളും കാണുമ്പോള്‍ ചോദിക്കും എന്താണ് അമ്മയില്‍ മെമ്പര്‍ഷിപ്പ് എടുക്കാത്തതെന്ന്? എന്നാല്‍ അംഗത്വഫീസായ ഒരു ലക്ഷത്തിലധികം രൂപ തന്റെ കൈവശം എടുക്കാനില്ലെന്ന് സേതുലക്ഷ്മി മറുപടി നല്‍കും.
പുലിമുരുകനില്‍ അഭിനയിക്കുന്ന സമയം മോഹന്‍ലാല്‍ ചോദിച്ചു, എന്താണ് അമ്മയില്‍ അംഗമാകാത്തതെന്ന്? അതിനുള്ള പണം കയ്യിലില്ലെന്ന് പാവം സേതുലക്ഷ്മി പറഞ്ഞു. അതോടെ മോഹന്‍ലാല്‍ ഒരു വഴി കണ്ടെത്തി. ഒരു പൈസ പോലും മുടക്കാതെ അംഗത്വവും മാസം അയ്യായിരം രൂപ പെന്‍ഷനും അനുവദിച്ചു. മോഹന്‍ലാല്‍ ഇടപെട്ടത് കൊണ്ടാണ് ഇത് നടന്നതെന്ന് സേതുലക്ഷ്മി ഉറച്ച് വിശ്വസിക്കുന്നു. മണിയന്‍പിള്ളരാജുവും ഇടവേളബാബുവും ആണ് മെമ്പര്‍ഷിപ്പിന്റെ കാര്യം ശരിയായെന്ന് അറിയിച്ചത്. 76ാം വയസില്‍ സിനിമയില്‍ അഭിനയിക്കുന്ന തനിക്ക് കിട്ടിയ വലിയ അംഗീകാരമാണിതെന്ന് അവര്‍ പറയുന്നു.
മോഹന്‍ലാല്‍ എന്ന സിനിമയില്‍ പ്രേംനസീറിന്റെ ഫാനായി അഭിനയിക്കുകയാണ് സേതുലക്ഷ്മി. സിനിമയില്‍ താരത്തിന്റെ ഫാനായില്ലെങ്കിലും ജീവിതത്തില്‍ മറക്കാനാവില്ല. മഞ്ജുവാര്യരാണ് മോഹന്‍ലാല്‍ ഫാനായി അഭിനയിക്കുന്നത്.
തങ്ങളുടെ കഥാപാത്രങ്ങള്‍ തമ്മില്‍ വലിയ തര്‍ക്കങ്ങളുണ്ടെന്നും സിനിമ കാണുമ്പോള്‍ അതൊക്കെ രസകരമായി തോന്നുമെന്നും അവര്‍ പറഞ്ഞു. ഹൗ ഓള്‍ഡ് ആര്‍ യുവില്‍ അഭിനയിക്കുമ്പോഴാണ് മഞ്ജുവാര്യരെ പരിചയപ്പെട്ടത്. അന്ന് മുതല്‍ വലിയ കാര്യമാണ്. ചിത്രത്തിന്റെ തമിഴ് പതിപ്പില്‍ അഭിനയിച്ചപ്പോള്‍ ജ്യോതികയുമായും അടുപ്പമായി. വിലകൂടിയ സാരികള്‍ വാങ്ങിത്തന്നാണ് അന്ന് ജ്യോതിക മടക്കിയയച്ചത്.
https://www.facebook.com/Malayalivartha