മനുഷ്യനെ മനുഷ്യരായി ജീവിക്കാന്‍ പഠിപ്പിക്കൂ...മലയാളം സീരിയലുകളെ വിമര്‍ശിച്ച് ജിലു ജോസഫ്

നിങ്ങളെന്തിനാണ് ജീവിതം ഇത്ര ദുരന്തഭരിതമാണെന്ന് ഞങ്ങളെ കാട്ടിക്കൊണ്ടിരിക്കുന്നത്. മലയാള ടെലിവിഷന്‍ സീരിയലുകളെ വിമര്‍ശിച്ച് നടിയും ഗാനരചയിതാവുമായ ജിലു ജോസഫ്. ജീന്‍സും ടോപ്പുമിടുന്ന ഉച്ചത്തില്‍ സംസാരിക്കുന്ന സ്വന്തമായി ചിന്തിക്കുന്ന പെണ്‍കുട്ടികളെല്ലാം വില്ലത്തിമാരാണെന്ന ധാരണയാണ് ചില സീരിയലുകളുണ്ടാക്കുന്നതെന്ന് ജിലു ജോസഫ് പറഞ്ഞു. വാലിട്ട് കണ്ണെഴുതി പോര് സഹിച്ച് വീട്ടിലെ പണികളെല്ലാം ചെയ്ത് തര്‍ക്കുത്തരം പറയാതെ ഇരിക്കുന്നവള്‍ നായികയുമായിരിക്കും.
മലയാളിയുടെ ഐടിയല്‍ ഭര്‍ത്താവും അമ്മായി അമ്മയും മരുമകളും എങ്ങനെയാവണമെന്ന് അറിയണമെങ്കില്‍ അതിനുമുണ്ട് മലയാള സീരിയലുകളില്‍ റെഫറന്‍സുകള്‍. ഐടിയല്‍ അമ്മയുടെയും ഐടിയല്‍ കജട ഭാര്യയുടെയും ഇടയില്‍പ്പെട്ട് നട്ടം തിരിയുന്ന ഐടിയല്‍ നായകന്മാരില്‍നിന്നും മലയാളിക്ക് രക്ഷയില്ല.മലയാള ടെലിവിഷന്‍ ചാനലുകളില്‍ വരുന്ന സീരിയലുകളെല്ലാം ഇത്തരത്തില്‍ വിഷം വമിക്കുന്നതാണെന്ന് ജിലു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ജിലുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം വായിക്കാം
ദിവസത്തില്‍ രണ്ടു തവണ പ്രക്ഷേപണം ചെയ്ത് ,ആയിരം എപ്പിസോഡുകള്‍ വിജയകരമായി പൂര്‍ത്തിയാക്കി, ഈയിടെ മലയാള ടെലിവിഷനില്‍ ഒരു സീരിയല്‍.
ഇത് വായിക്കുന്നവരില്‍ സമയമുള്ള ആരെങ്കിലും ആ സീരിയലിന്റെ ആദ്യത്തെ എപ്പിസോഡൊന്ന് ക്ഷമയോടെ കാണണം.
നായികയെന്നും വില്ലത്തിയെന്നും വേര്‍ത്തിരിച്ച രണ്ടു പെണ്‍കുട്ടികള്‍. നായിക, ദാവണിയുടുത്ത്, നീണ്ട മുടിയില്‍ മുല്ലപ്പൂ ചാര്‍ത്തി , വാലിട്ട് കണ്ണെഴുതി....രണ്ടാനമ്മയുടെ പോരും സഹിച്ച്, വീട്ടിലെ സകല പണിയുമെടുത്ത്, തര്‍ക്കുത്തരം പറയാതെ, കണ്ണീര് ചിന്തി, ശാലീനയായി ,സര്‍വ്വംസഹയായ ഭൂമിയായി വീട്ടിലിരിക്കുന്നു.
വില്ലത്തി , ജീന്‍സും റ്റോപ്പുമിട്ട്, തോന്നുമ്പോ എണീറ്റ്, തോന്നുന്നത് കഴിച്ച്, തോന്നിയതെല്ലാം സംസാരിച്ച് , നായികയോട് പോരുംകുത്തി ജീവിതം ആഘോഷിക്കുന്നു. അവിടെ തന്നെ കഥാപാത്രരൂപീകരണം നടന്നിരിക്കുകയാണ്. ഇത് ഒന്നാം എപ്പിസോഡ് ആണെന്ന് മറക്കരുത്. ഇതിന്റെ ആയിരം എപ്പിസോഡ് കണ്ട് ആസകലം ധൃതംഗ പുളകിതരായിരിക്കുകയാണ് നമ്മളിലെ ഒരു വലിയ സമൂഹമെന്നതാണ് സത്യം. ഒരു ഐഡിയല്‍ സ്ത്രീ ഇങ്ങനെയാവണം എന്ന് നമ്മളില്‍ സ്ലോ പോയിസണ്‍ കണക്കെ വിശ്വസിപ്പിച്ചിരിക്കുകയാണ് ആരെല്ലാമോ. ജീന്‍സും റ്റോപ്പുമിടുന്ന , ഉച്ചത്തില്‍ സംസാരിക്കുന്ന, ജീവിക്കാന്‍ പഠിച്ച, സ്വന്തമായി ചിന്തിക്കുന്ന പെണ്‍കുട്ടികളെല്ലാം അവിടെ വില്ലത്തിമാരാണ്.
മലയാളിയുടെ ഐടിയല്‍ ഭര്‍ത്താവും അമ്മായി അമ്മയും മരുമകളും എങ്ങനെയാവണമെന്ന് അറിയണമെങ്കില്‍ അതിനുമുണ്ട് മലയാള സീരിയലുകളില്‍ റെഫറന്‍സുകള്‍. ഐടിയല്‍ അമ്മയുടെയും ഐടിയല്‍ കജട ഭാര്യയുടെയും ഇടയില്‍പ്പെട്ട് നട്ടം തിരിയുന്ന ഐടിയല്‍ നായകന്മാരില്‍നിന്നും മലയാളിക്ക് രക്ഷയില്ല.
പെണ്ണ് കറുത്തതായത് കൊണ്ട് മാത്രം സമൂഹത്തില്‍ 'അവള്‍ക്കുണ്ടാവേണ്ടുന്ന' ദുരിതങ്ങള്‍ , അവള്‍ക്ക് ഔദാര്യമെന്നോണം 'ജീവിതം വച്ച് നീട്ടുന്ന' സമ്പന്നനും വെളുത്തവനും സര്‍വ്വോപരി ഷണ്ഠനുമായ 'ഡോക്ടര്‍'. മകളെ തിരിച്ചറിയാത്ത അച്ഛന്‍ , അമ്മയെ തേടി നടക്കുന്ന മകള്‍. എന്തൊരു ദുരന്തമാണിതെല്ലാം. ഇതൊക്കെ കൊണ്ട് നമ്മള്‍ എന്താണ് മനസ്സിലാക്കേണ്ടത് ??
വൈകുന്നെരം ആറു മണിക്ക് തുടങ്ങുന്ന സീരിയലുകളുടെ അങ്കം പതിനൊന്ന് മണി വരെ നീളുന്നു. മലയാള ടെലിവിഷനില്‍ ഇന്ന് നിറയുന്ന പരമ്പരകളെല്ലാം ഇങ്ങനെ വിഷം വമിക്കുന്നവയാണ്. അത് അവര്‍ ആസ്വദിച്ചിരുന്ന് കാണുന്നു.എവിടെയൊക്കെയോ നമ്മള്‍ അകപ്പെട്ടിരിക്കുകയാണെന്ന് തോന്നുന്നില്ലേ? നമ്മുടെ സമാധാനപൂര്‍ണ്ണതയിലെ ശാപമല്ലെ ഇത്?
ആണിനും പെണ്ണിനും തമ്മില്‍ ഒരേയൊരു ബന്ധം മാത്രമേ അവര്‍ക്ക് ചിന്തിക്കാനാവൂ. കാരണം അവര്‍ക്കുള്ളില്‍ എങ്ങിനെയൊക്കെയോ വേര്‍ത്തിരിവുകളുടെ ,അനാവശ്യ മതിലുകളുടെ ,വലിയ വിടവുകള്‍ ആരൊക്കെയോ കെട്ടിവച്ചിരിക്കുന്നു. ഒറ്റക്ക് തന്റേടത്തോടെ നില്‍ക്കുമ്പോള്‍ കാലിടറി വീഴുമെന്ന് അവരെ മെല്ലെ പഠിപ്പിക്കുന്നു.മനുഷ്യന്‍ എന്ന പൊതുബോധത്തില്‍ നിന്നും അവര്‍ വളരെയകലെയാണ്.നമ്മുടെ സംസ്‌കാര രൂപീകരണത്തില്‍ ഇത്തരത്തിലുള്ള സീരിയലുകള്‍ക്ക് വലിയ പങ്കാണുള്ളത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
ഇത് വായിക്കുന്ന നമ്മളില്‍ പലരും സീരിയല്‍ കാണാത്തവരാണ്. അങ്ങനെയുള്ളവര്‍ , ആ തിരിച്ചറിവുള്ളവര്‍ സീരിയലിന്റെ പരിസരത്തേക്ക് പോവാറില്ല. അതുകൊണ്ട് തന്നെ കുട്ടികളടങ്ങുന്ന നമ്മുടെ വീടുകളിലെ ഏഴുമണികളിലൂടെ അരിച്ചിറങ്ങുന്ന ഈമഹാവിപത്തിനെക്കുറിച്ച് നമ്മള്‍ ബോധവാന്മാരല്ല. എന്നാല്‍ അനുദിനം കാത്തിരുന്ന് , സമയം കണ്ടുപിടിച്ച്, ഈ നായികാ നായകന്മാരെ അത്രമേല്‍ നെഞ്ചേറ്റുന്ന ഒരു വലിയ സമൂഹം ഉണ്ടെന്നതിനു തെളിവാണല്ലോ, ആയിരം എപ്പിസോഡ് 'വിജയദൗത്യം' നടത്തിയെന്നുള്ള സത്യം.
ടെലിസീരിയല്‍ ഒരു കലയാണെന്നും, ആവിഷ്‌കാരസ്വാതന്ത്ര്യത്തെ ബഹുമാനിക്കണമെന്നും അറിയാവുന്ന ആളെന്ന നിലയില്‍ തന്നെ, ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയാണ്. മനുഷ്യനെ മനുഷ്യരായി ജീവിക്കാന്‍ പഠിപ്പിക്കുന്ന, ആണ്‍പെണ്‍ വേര്‍തിരിവുകള്‍ ആഘോഷിക്കാത്ത സീരിയലുകള്‍ ഉണ്ടാക്കൂ. ഞങ്ങളും കാണാം. നിങ്ങളെന്തിനാണ് ജീവിതം ഇത്ര ദുരന്തഭരിതമാണെന്ന് ഞങ്ങളെ കാട്ടിക്കൊണ്ടിരിക്കുന്നത്. അതിനെ വളരെ ലഘുവായി ആനന്ദത്തോടെ സമീപിക്കാമെന്ന് കാട്ടിത്തരൂ. നമ്മുടെ സീരിയലുകള്‍ക്ക് എന്തിനാണിത്രയേറെ കണ്ണീരും ദുരിതവും അന്ധവിശ്വാസങ്ങളും കുശുമ്പും വേദനയും. ജീവിതം അതിലൊക്കെ എത്രയോ സുന്ദരമാണ്. അതു നിങ്ങള്‍ക്ക് അറിയാഞ്ഞിട്ടാണോ?
https://www.facebook.com/Malayalivartha