കാന്‍സര്‍ രോഗികള്‍ക്കായി നീളന്‍ മുടിമുറിച്ചു; ഇനി വൃക്കദാനം ചെയ്യാന്‍ ആഗ്രഹം: മാതൃകയായി ഭാഗ്യലക്ഷ്മി

ലോക കാന്‍സര്‍ ദിനത്തില്‍ തന്റെ നീളന്‍ മുടി കാന്‍സര്‍ രോഗികള്‍ക്ക് നല്‍കിയിരിക്കുകയാണ് ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി. വഴുതക്കാട് വിമന്‍സ് കോളേജില്‍ ക്യാന്‍സര്‍ ബോധവത്കരണ പരിപാടിയില്‍ മുഖ്യാതിഥി ആയി പോയ ഭാഗ്യലക്ഷ്മി തിരികെ വന്നത് മുടി മുറിച്ചാണ്.
'ഒരുപാട് കാലമായി തലമുടി ദാനം ചെയ്യണമെന്ന് വിചാരിക്കുന്നുണ്ട്. പക്ഷെ പലരോടും ഇതിനെക്കുറിച്ച് പറയുമ്പോള്‍ ചേച്ചിക്ക് തലമുടിയുള്ളതാണ് ഭംഗി, വെട്ടിക്കളയരുതെന്നൊക്കെ പറയും. തലമുടി പിന്നിയിടുമ്പോഴും അഴിച്ചിടുന്നതാണ് നല്ലതെന്ന് പലരും അഭിപ്രായപ്പെടും. ഇതൊക്കെ കേട്ടുകഴിയുമ്പോള്‍ തലമുടി മുറിക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്‍വലിയും. ഇത്തവണ പക്ഷെ ആരോടും അഭിപ്രായം ചോദിക്കാന്‍ പോയില്ല.'-ഭാഗ്യലക്ഷ്മി പറഞ്ഞു.
കാന്‍സര്‍ ബോധവത്കരണ പരിപാടിയില്‍ മുഖ്യാതിഥി ആയാണ് ഞാന്‍ പോയത്. അവിടെ ചെന്നിട്ടാണ് അവരോട് ഞാന്‍ തലമുടി ദാനം ചെയ്യാന്‍ തയാറാണെന്ന് പറയുന്നത്. വെറുതെ പറച്ചില്‍കൊണ്ടുമാത്രം കാര്യമില്ലല്ലോ, പ്രവര്‍ത്തിക്കുകയും വേണ്ടേ. എന്റെ വീട്ടില്‍ രണ്ടു മൂന്ന് കാന്‍സര്‍ രോഗികളുണ്ടായിരുന്നു. എന്റെ അമ്മയ്ക്ക് കാന്‍സറായിരുന്നു. അന്ന് തലമുടി പോയപ്പോള്‍ അമ്മയുടെ വിഷമം ഞാന്‍ കണ്ടതാണ്. കാന്‍സര്‍ രോഗികളുടെ മാനസികപ്രയാസം എനിക്ക് അറിയാം.'
'ഞാന്‍ ആ പരിപാടിയില്‍ ചെന്നപ്പോള്‍ തലമുടി ദാനം ചെയ്യാനായി ആദ്യം എത്തിയത് ഒന്നാം ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടിയാണ്. ആ കുട്ടിയ്ക്ക് ഇല്ലാത്ത വിഷമം അമ്പത് വയസായ എനിക്ക് എന്തിനാണ്. തലമുടി ദാനം ചെയ്തതില്‍ എനിക്കൊരു വിഷമവുമില്ല. ഇത്രയെങ്കിലും ചെയ്യാന്‍ സാധിച്ചല്ലോയെന്ന സന്തോഷമേയുള്ളൂ. ഭാവിയില്‍ കിഡ്‌നി കൂടി ദാനം ചെയ്താല്‍ കൊള്ളാമെന്നുണ്ട്-.' ഭാഗ്യലക്ഷ്മി പറയുന്നു.
https://www.facebook.com/Malayalivartha























