തിരഞ്ഞെടുപ്പ് അടുത്തതോടെ പുതിയ തന്ത്രം; പ്രധാനമന്ത്രിയുടെ ജീവിതം വെബ് സീരിസാവുന്നു: മോദിയെ വീരപുരുഷനാക്കും

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം വെബ്‌സീരീസാവുന്നു. പത്ത് എപ്പിസോഡുള്ള സീരീസ് സംവിധാനം ചെയ്യുന്നത് സെന്‍സര്‍ ബോര്‍ഡംഗവും എഴുത്തുകാരനുമായ മിഹിര്‍ ഭൂട്ടയും സംവിധായകന്‍ ഉമേഷ് ശുക്ലയും ചേര്‍ന്നാണ്. മോദിയുടെ കുട്ടിക്കാലത്തിലൂടെയും യൗവ്വനത്തിലൂടെയും സഞ്ചരിക്കുന്ന വെബ് സീരീസ് അവസാനിക്കുക പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന രംഗത്തോടെയാവുമെന്ന് സംവിധായകര്‍ അറിയിച്ചു.
മോദി ജനിച്ചു വളര്‍ന്ന പ്രദേശങ്ങളായ സിദ്ധ്പൂരിലും വഡ്‌നഗറിലുമായാണ് ചിത്രീകരണം നടക്കുന്നത്. മോദിയുടെ യൗവ്വനകാലം അവതരിപ്പിക്കുന്നത് ആഷിഷ് ശര്‍മ്മയാണ്. ഗുജറാത്ത് മുഖ്യമന്ത്രിയായുള്ള വേഷത്തില്‍ മഹേഷ് ഥാക്കൂറും എത്തും.
അധികം പ്രശസ്തരായ അഭിനേതാക്കളെ ചിത്രത്തിലേക്ക് തിരഞ്ഞെടുക്കാതിരുന്നത് മനഃപൂര്‍വ്വമാണെന്ന് സംവിധായകര്‍ പറയുന്നു. പരിചിത മുഖമാവുമ്പോള്‍ ശ്രദ്ധയത്രയും അവരിലേക്ക് തിരിയും. പ്രധാനമന്ത്രിയെന്ന സൂപ്പര്‍താരത്തെ കുറിച്ച് പറയുമ്പോള്‍ മുഴുവന്‍ ശ്രദ്ധയും അതില്‍ ലഭിക്കണമെന്നാണ് ആഗ്രഹമെന്നും അവര്‍ വ്യക്തമാക്കി. കഴിഞ്ഞ ഒന്നര വര്‍ഷമായി വെബ് സീരീസിന്റെ പിന്നാലെയായിരുന്നുവെന്നും മിഹിര്‍ ഭൂട്ട പറയുന്നു.
പ്രധാനമന്ത്രിയുടെ വ്യക്തിത്വമാണ് തന്നെ ആകര്‍ഷിച്ചത്. ആത്മീയതയില്‍ അങ്ങേയറ്റം തത്പരനായ അദ്ദേഹം തികഞ്ഞ നര്‍മ്മപ്രിയനുമാണ്. മാര്‍ച്ച് 15 ഓടെ വെബ് സീരീസ് സംപ്രേഷണം ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഭൂട്ട വ്യക്തമാക്കി. അതേസമയം തിരഞ്ഞെടുപ്പ് അടുത്തതോടെ നരേന്ദ്ര മോദിയെ വീരപുരുഷനാക്കി വീണ്ടും മോദി തരംഗമെന്ന മായ സൃഷ്ടിക്കലാണ് ഇതിനു പിന്നിലെ ലക്ഷ്യമെന്നാണ് സൂചന.
https://www.facebook.com/Malayalivartha























