വാലന്റൈന്‍സ് ഡേയില്‍ പ്രതീക്ഷിച്ചത്, കിട്ടിയത്; ഭാര്യയെ ട്രോളി പൃഥ്വിരാജ്

ഇണക്കങ്ങളും പിണക്കങ്ങളുമൊക്കെ നിറയുന്ന ദാമ്പത്യത്തിന്റെ 'റിയാലിറ്റി'യെ ട്രോള്‍ രൂപേണ സമൂഹമാധ്യമങ്ങളില്‍ അവതരിപ്പിക്കുകയാണ് പൃഥിരാജ്. വാലന്റൈന്‍സ് ഡേയില്‍ ഇന്‍സ്റ്റഗ്രാമില്‍ പൃഥിരാജ് പങ്കുവച്ച രണ്ടു ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. പ്രണയപൂര്‍വ്വം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന സുപ്രിയയും പൃഥിയുമാണ് ആദ്യത്തെ ചിത്രത്തില്‍ നിറയുന്നത്. രണ്ടാമത്തെ ചിത്രത്തില്‍ അല്‍പ്പം കലിപ്പ് മോഡിലാണ് സുപ്രിയ. പ്രതീക്ഷിക്കുന്നത്, എന്നാല്‍ യാഥാര്‍ത്ഥ്യം എന്നിങ്ങനെ രണ്ടു ചിത്രങ്ങള്‍ക്കും ഫോട്ടോ ക്യാപ്ഷനും നല്‍കിയിട്ടുണ്ട് പൃഥി. വാലന്റൈന്‍സ് ഡേ സ്‌പെഷ്യല്‍ എന്നാണ് ചിത്രത്തെ പൃഥിരാജ് വിശേഷിപ്പിക്കുന്നത്. ട്രോളിങ്ങ് മൈസെല്‍ഫ് എന്ന് ഹാഷ് ടാഗും നല്‍കിയിട്ടുണ്ട്.
രസകരമായ കമന്റുകളുമായി ആരാധകരും ചിത്രം ഏറ്റെടുത്തു കഴിഞ്ഞു. 'ഇതിലും വലിയ ട്രോള്‍ സ്വപ്നങ്ങളില്‍ മാത്രം. ഗുഡ് ലക്ക് രാജുവേട്ടാ, ഇന്ന് ചേച്ചി വീട്ടില്‍ വെയിറ്റിംഗ് ആയിരിക്കും', 'നിരവധി പുരുഷപ്രജകള്‍ക്ക് വേണ്ടിയാണ് താങ്കളിപ്പോള്‍ സംസാരിച്ചത്' എന്നു തുടങ്ങി രസകരമായ കമന്റുകളാണ് ആരാധകര്‍ ചിത്രത്തിന് നല്‍കി കൊണ്ടിരിക്കുന്നത്. സുപ്രിയയും ചിത്രം ഷെയര്‍ ചെയ്തിട്ടുണ്ട്.
സിനിമാ ലൊക്കേഷന്‍ വാര്‍ത്തകളും കൊച്ചുകൊച്ചു വിശേഷങ്ങളും തമാശരൂപേണയുള്ള ട്രോളുകളുമൊക്കെയായി സുപ്രിയയും ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ്. '9' എന്ന ചിത്രത്തിലൂടെ നിര്‍മ്മാണരംഗത്തേക്കും കടന്നിരിക്കുകയാണ് സുപ്രിയ. ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുടെ രസകരമായ കമന്റുകള്‍ക്ക് പലപ്പോഴും സുപ്രിയയും പൃഥിയും മറുപടി കൊടുക്കാറുണ്ട്. കഴിഞ്ഞ ദിവസം 'സുപ്രിയ ചേച്ചി സ്റ്റൂളില്‍ കയറി ആണോ നില്‍ക്കുന്നത്?' എന്നായിരുന്നു മാഗസിന്റെ കവര്‍ ചിത്രം ഷെയര്‍ ചെയ്ത സുപ്രിയയോട് ഒരു ആരാധകന്‍ കുസൃതിയോടെ ചോദിച്ചത്. 'അയ്യോ, എങ്ങനെ മനസ്സിലായി' എന്നായിരുന്നു കമന്റിന് സുപ്രിയയുടെ മറുപടി.
https://www.facebook.com/Malayalivartha























