കച്ചവടത്തിന് വെച്ച പുത്തന്‍ വസ്ത്രങ്ങള്‍ പ്രൈസ് ടാഗ് പോലും മാറ്റാതെ ക്യാമ്പിലുള്ളവർക്ക് നല്‍കിയ നൗഷാദിനെ ഏറ്റെടുത്ത് മലയാള നടന്മാർ...

കേരളത്തെ പിടിച്ചുകുലുക്കിയ മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് വേണ്ടി ഒന്നടങ്കം കൈകോര്‍ക്കുകയാണ് മലയാളികൾ. മനുഷ്യത്വം മരവിച്ചിട്ടില്ലത്ത നന്മ മനസ്സുകളെയും ഈ ദിവസങ്ങളിൽ കാണാനും കഴിഞ്ഞു. അവരിൽ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ചർച്ചയായ വ്യക്തിയായിരുന്നു വില്‍പ്പനയ്ക്കായി വച്ചിരുന്ന പുതിയ വസ്ത്രങ്ങളെല്ലാം വാരി ചാക്കുകളില്‍ നിറച്ച് ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവർക്ക് നൽകിയ നൗഷാദ് എന്ന മനുഷ്യന്റെ കഥ. ഇപ്പോഴിതാ ഈ മനുഷ്യനെ സിനിമാ താരങ്ങളും ഏറ്റെടുത്തുകഴിഞ്ഞു.
കച്ചവടത്തിന് വെച്ച പുത്തന്‍ വസ്ത്രങ്ങള്‍ പ്രൈസ് ടാഗ് പോലും മാറ്റാതെ ക്യാമ്പിലുള്ളവർക്ക് നല്‍കിയ കൊച്ചി ബ്രോഡ് വേയിലെ കച്ചവടക്കാരന്‍ നൗഷാദിനെ അഭിനന്ദിച്ച് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത് നടൻ സിദ്ദിക്കും, ജോയ് മാത്യുവുമാണ്. ചില നുണ പ്രചരണങ്ങള്‍ക്കപ്പുറം കരുതല്‍ പങ്കുവെയ്ക്കുന്ന നിസ്വാര്‍ത്ഥരായ മനുഷ്യനെ കണ്ട് മനസ്സ് നിറയുന്നുവെന്നാണ് സിദ്ദിഖ്പറഞ്ഞത്. സിദ്ദിഖിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെയായിരുന്നു...
ഈ മനുഷ്യന്‍.. നൗഷാദ്..
ദുരിതാശ്വാസത്തിനായി തുണിത്തരങ്ങളും ചെരുപ്പുകളും തെണ്ടി ബ്രോഡ്വേയിലെ കടകള്‍ തോറും കയറിയിറങ്ങി നടക്കുമ്ബോള്‍ 'നിങ്ങള്‍ക്ക് കുഞ്ഞുടുപ്പുകള്‍ വേണോ' എന്നു ചോദിച്ച് കൂട്ടിക്കൊണ്ടു പോയി, അഞ്ച് ചാക്കു നിറയെ തുണിത്തരങ്ങള്‍ എടുത്തു തന്നൊരു മട്ടാഞ്ചേരിക്കാരന്‍. നിങ്ങള്‍ക്കിത് വലിയ നഷ്ടം വരുത്തില്ലേത്? എന്നു ചോദിച്ചപ്പോള്‍, 'നമ്മള്‍ പോകുമ്ബോള്‍ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോവാന്‍ പറ്റൂല്ലല്ലോ? എനിക്ക് നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം. നാളെ പെരുന്നാളല്ലേ.. എന്റെ പെരുന്നാളിങ്ങനെയാ.' എന്നുപറഞ്ഞ് ചിരിച്ചൊരു മനുഷ്യന്‍.
ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നത് വലിയ മനുഷ്യരുടെ കാണാന്‍ കഴിയാത്ത കൈയുകളാണെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു. ചില നുണ പ്രചരണങ്ങള്‍ക്കിപ്പുറവും, കരുതല്‍ പങ്കു വയ്ക്കുന്ന, ചേര്‍ത്തു പിടിക്കുന്ന, നിസ്വാര്‍ത്ഥരായ മനുഷ്യരെക്കണ്ട് മനസ്സു നിറയുന്നു..????
സ്‌നേഹം.
നമ്മള്‍ അതിജീവിക്കുക തന്നെ ചെയ്യും. !!
#HerosForKerala
മാന്‍ഹോള്‍ നൗഷാദിന് ശേഷം മറ്റൊരു നൗഷാദ് എന്നായിരുന്നു അദ്ദേഹത്തെ ജോയി മാത്യു വിശേഷിപ്പിച്ചത്. കോഴിക്കോട് മാന്‍ഹോളില്‍ കുടുങ്ങിയ ജീവനക്കാരനെ രക്ഷിക്കുന്നതിനിടെ മരണത്തിന് കീഴടങ്ങിയ നൗഷാദിനെ നാട് മറന്നിട്ടില്ല. ഇതിന് പിന്നാലെയാണ് മാലിപ്പുറം സ്വദേശിയായ നൗഷാദ് ജനമനസ്സുകളില്‍ ഇടംപിടിച്ചത്. സ്വന്തം ത്യാഗത്തിലൂടെ മനുഷ്യര്‍ക്ക് സന്തോഷം നല്‍കുന്ന നൗഷാദുമാരാകാന്‍ എല്ലാവര്‍ക്കും കഴിയട്ടെ എന്നാണ് ജോയ് മാത്യു പറഞ്ഞത്.
ജോയ് മാത്യുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെയായിരുന്നു...
എല്ലാവരും നൗഷാദുമാര്‍ ആകുന്ന കാലം
2015 ല്‍ കോഴിക്കോട്ടെ മാന്‍ഹോളില്‍ കുടുങ്ങിയ ഒരു തൊഴിലാളിയെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ ത്യജിച്ച ഒരു നൗഷാദ് ഉണ്ടായിരുന്നു. 2019ല്‍ ഇതാ എറണാകുളം ബ്രോഡ് വേയിലെ തുണി കച്ചവടക്കാരന്‍ മാലിപ്പുറം കാരന്‍ നൗഷാദ് തന്റെ കടയിലെ മുഴുവന്‍ വസ്ത്രങ്ങളും പ്രളയ ദുരിതം അനുഭവിക്കുന്നവര്‍ക്കായി നല്‍കി വീണ്ടും മനുഷ്യത്വത്തിന്റെ പ്രതീകമായി മാറിയിരിക്കുന്നു. നൗഷാദ് എന്നാല്‍ സന്തോഷം നല്‍കുന്നവര്‍ എന്നാണര്‍ത്ഥം. സ്വന്തം ത്യാഗത്തിലൂടെ മനുഷ്യര്‍ക്ക് സന്തോഷം നല്‍കാന്‍ കഴിയുന്ന നൗഷാദുമാരാകാന്‍ എല്ലാവര്‍ക്കും കഴിയട്ടെയെന്നു ഈ ബലിപെരുന്നാള്‍ ദിനത്തില്‍ ആശംസിക്കുന്നു. നൗഷാദിനെ പ്രശംസിച്ച് മമ്മൂട്ടിയും, തമ്ബി ആന്റണിയും, മുഖ്യമന്ത്രി അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു
https://www.facebook.com/Malayalivartha