19 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയുടെ മുത്തിന്റെ തിരിച്ചുവരവ്; ഒപ്പം ചില വെളിപ്പെടുത്തലും

മമ്മൂട്ടിയുടെ അമരമെന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ മകളായെത്തിയ മുത്ത് ഇന്നും മലയാളികള്‍ മനസില്‍സൂക്ഷിക്കുന്ന കഥാപാത്രമാണ്. നടി മാതുവിന്റെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളിലൊന്നായിരുന്നു അമരത്തിലേത്. മാതുവിന്റെ തിരിച്ച് വരവിനായി ആരാധകര്‍ വര്‍ഷങ്ങളായി കാത്തിരിപ്പിലായിരുന്നു. ഇപ്പോഴിതാ 19 വര്‍ഷത്തിന് ശേഷം അനിയന്‍ കുഞ്ഞും തന്നാലായത് എന്ന ചിത്രത്തിലൂടെ തിരികെ വരുന്ന താരം തന്റെ സിനിമാ ജീവിതത്തിലെയും, ഇടവേളയെടുത്ത കാലഘട്ടത്തിലെയും അനുഭവങ്ങള്‍ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ്.
മാതുവിന്റെ വാക്കുകള്‍ ഇങ്ങനെ...
മലയാള സിനിമയില്‍ സജീവമായിരിക്കെയാണ് പെട്ടെന്ന് കല്യാണം കഴിച്ച് പോയത്. ഇഷ്ടം തോന്നിയ ആളെ വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച് വിവാഹം കഴിക്കുകയായിരുന്നു. ന്യൂയോര്‍ക്കില്‍ പോയി സെറ്റിലായി. അന്ന് ചെയ്ത ഒരു കാര്യത്തില്‍ എനിക്ക് ഇപ്പോഴും കുറ്റബോധമുണ്ട്. മലയാള സിനിമാപ്രേക്ഷകരെ അറിയിച്ചു വേണമായിരുന്നു വിവാഹം. എല്ലാവരോടും പറഞ്ഞിട്ടു വേണമായിരുന്നു പോകാന്‍. ഞാനങ്ങനെ പോയിട്ടും ആരുമെന്നെ വെറുത്തില്ല. അവിടെവച്ചും എന്നെ കാണുമ്പോഴൊക്കെ വന്ന് മാതുവല്ലേ എന്ന് ചോദിക്കും. ആദ്യമൊക്കെ കളിപ്പിക്കാന്‍ മാതുവല്ല എന്ന് പറയുമായിരുന്നു. അപ്പോഴവര്‍ നിങ്ങളെ പോലെ തന്നെ ഞങ്ങള്‍ക്ക് ഒരു നടിയുണ്ട് എന്നൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ രസം. പക്ഷേ, പിന്നീട് ആരെങ്കിലും ചോദിച്ചാല്‍ ഞാന്‍ മാതുവാണെന്ന് പറയും. വിവാഹ ശേഷം സിനിമ മിസ് ചെയ്യാന്‍ തുടങ്ങിയിരുന്നു. തിരികെ വരണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ, അപ്പോഴേക്കും മക്കളായി. കുട്ടികള്‍ കുഞ്ഞായിരിക്കുമ്പോള്‍ ഇട്ടിട്ട് അഭിനയിക്കാന്‍ വരാന്‍ പറ്റില്ലല്ലോ. ഇപ്പോള്‍ അവര്‍ വളര്‍ന്നു. മകള്‍ പ്ലസ് വണ്ണിലും മകന്‍ ഒമ്പതിലുമായി. ന്യൂയോര്‍ക്കില്‍ എനിക്കുള്ളത് മലയാളികളായ കൂട്ടുകാരാണ്. അവരൊക്കെ അഭിനയിക്കാനായി എപ്പോഴും പറയും. അപ്പോഴാണ് രാജീവ് നാഥ് സര്‍ വിളിക്കുന്നത്. അമേരിക്കയിലാണ് ഷൂട്ടിംഗ് എന്ന് പറഞ്ഞു. അത്ര സൗകര്യം കിട്ടിയിട്ടും ചെയ്തില്ലെങ്കില്‍ പിന്നെ സങ്കടപ്പെടും. അതുകൊണ്ട് ദിവസം പറഞ്ഞാല്‍ മാത്രം മതി. വന്ന് അഭിനയിച്ചോളാം എന്ന് പറയുകയായിരുന്നു
നീണ്ട കാലയളവാണ് മാറി നിന്നത്. പേടിയുണ്ടായിരുന്നു. പക്ഷേ, യൂ ട്യൂബ് നോക്കി സിനിമയുടെ ബിഹൈന്‍ഡ് ദ സീന്‍സ് ഒക്കെ ഞാനിടയ്ക്ക് കാണാറുണ്ടായിരുന്നു. അതുപോലെ പുതിയ താരങ്ങള്‍ വന്നാല്‍ അവരുടെ ജീവിതം, അനുഭവം അതൊക്കെ വായിച്ചറിയാന്‍ ഇഷ്ടമായിരുന്നു. അഭിനയിക്കുന്നതിന് അന്നും ഇന്നും മാറ്റമൊന്നുമില്ല. എന്നാല്‍, സാങ്കേതിക വശം പാടെ മാറി. അന്ന് അഭിനയിക്കുമ്പോള്‍ ടേക്ക് കൂടുതല്‍ പോകുമോയെന്ന് പേടിയായിരുന്നു. അതുപോലെ തീയേറ്റര്‍ സ്‌ക്രീനിലേ എന്താണ് ചെയ്തുവച്ചിരിക്കുന്നത് നമുക്ക് കാണാന്‍ പറ്റൂ. പക്ഷേ, ഇപ്പോഴങ്ങനെയല്ല. നമ്മുടെ മുഖത്ത് നിന്ന് സംവിധായകന് എന്താണോ ആവശ്യം അതുകിട്ടുന്നത് വരെ അഭിനയിക്കാം. അഭിനയിച്ചത് അപ്പോള്‍ തന്നെ കണ്ടിട്ട് പോരെന്ന് തോന്നിയാല്‍ മെച്ചപ്പെടുത്താം. അങ്ങനെ സൗകര്യങ്ങള്‍ കൂടിയിട്ടുണ്ട്.
ന്യൂയോര്‍ക്കില്‍ ഒരു ഡാന്‍സ് സ്‌കൂളുണ്ട്. പുറത്ത് പരിപാടികള്‍ അവതരിപ്പിക്കാറില്ല. കുട്ടികളെ നൃത്തം പഠിപ്പിച്ച് നൃത്തത്തോടുള്ള പാഷന്‍ വിടാതെ കൊണ്ടുപോകുന്നുണ്ട്. എങ്കിലും സിനിമയില്‍ തന്നെ തുടരണമെന്ന് വീണ്ടും ആഗ്രഹം തോന്നുന്നുണ്ട്. തിരികെ വന്നപ്പോഴാണ് ഞാനെത്രമാത്രം സിനിമയെ മിസ് ചെയ്തിരുന്നുവെന്ന് മനസിലായത്. ആദ്യ ഭര്‍ത്താവ് ജേക്കബുമായി പിരിഞ്ഞതിന് ശേഷം ഡോ. അന്‍പഴകന്‍ ജോര്‍ജിനെ വിവാഹം ചെയ്തു. അദ്ദേഹത്തിന്റെയും എന്റെയും ആറുമക്കളുമൊത്താണ് ജീവിതം. സിനിമയില്‍ ഇത്രകാലം അവസരങ്ങള്‍ നഷ്ടപ്പെടുത്തിയതെന്തിനെന്നാണ് അദ്ദേഹം ചോദിക്കുന്നത്. കേരളത്തിലാണെങ്കിലും സിനിമ കിട്ടിയാല്‍ വന്ന് ചെയ്യണമെന്നാണ്. അമരത്തിന്റെ നിര്‍മ്മാതാവ് വിളിച്ച് പുതിയ സിനിമ എടുക്കുന്നുണ്ടെന്ന് പറഞ്ഞിരുന്നു. അവസരങ്ങള്‍ വന്നാല്‍ വീണ്ടും നിങ്ങള്‍ക്കിടയില്‍ തന്നെയുണ്ടാകുംതാരം പറയുന്നു.
എന്റെ അടുത്ത കൂട്ടുകാരൊക്കെ മലയാളികളാണ്. അവരോട് സംസാരിക്കുന്നത് കൊണ്ട് മലയാളം മറന്നതേയില്ല. തെലുങ്കാണ് മാതൃഭാഷ. അച്ഛന്‍ വെങ്കട് റാവുവിന് സിനിമാമേഖലയുമായി ബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് ചൈല്‍ഡ് ആര്‍ട്ടിസ്റ്റായി സനാദി അപ്പണ്ണയില്‍ അഭിനയിക്കുന്നത്. അതില്‍ സ്‌റ്റേറ്റ് അവാര്‍ഡും കിട്ടി. അപ്പോഴാണ് അഭിനയത്തോട് എനിക്കൊരു ഇഷ്ടം വരുന്നത്. തമിഴിലും തെലുങ്കിലുമൊക്കെ നായികയായി അഭിനയിച്ചു തുടങ്ങിയതിന് ശേഷമാണ് പൂരത്തിലൂടെ മലയാളത്തിലേക്ക് വരുന്നത്. ഇവിടെ എനിക്ക് ഇഷ്ടപ്പെട്ട വേഷങ്ങളെല്ലാം ലഭിച്ചു. മറ്റു ഭാഷകളില്‍ നായികയാണേല്‍ നായിക, അനിയത്തിയാണേല്‍ അനിയത്തി. ഇവിടെ ഞാന്‍ നായിക, അനിയത്തി, അതിഥി വേഷം, മകള്‍ വേഷം എല്ലാം ചെയ്തു. ഏറ്റവും പ്രിയപ്പെട്ട വേഷം മലയാളികളുടെയെല്ലാം ഇഷ്ടകഥാപാത്രമായ അമരത്തിലെ മുത്ത് ആണ്. അതുപോലൊരു വേഷം ഇനിയെനിക്ക് ചെയ്യാനാവില്ല. എന്നാല്‍, എനിക്ക് പറ്റുന്ന വേഷങ്ങള്‍ തരാന്‍ മലയാളത്തിന് ഇപ്പോഴും കഴിയും. അത് കിട്ടട്ടെ എന്നാണ് പ്രാര്‍ത്ഥന. മാതു കൂട്ടിച്ചേര്‍ത്തു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മാതുവിന്റെ തുറന്നുപറച്ചില്‍.
https://www.facebook.com/Malayalivartha